ഡോസ്റ്റ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ള കുട്ടികളുടെ കരുതലിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഡൗണ്‍സിന്‍ഡ്രോം ട്രസ്്റ്റിന്റെ (ഡോസ്റ്റ്) സില്‍വര്‍ ജൂബിലി സമ്മേളനത്തിന് കലൂര്‍ ഐ.എം.എ ഹൗസില്‍ തുടക്കമായി. ഡൗണ്‍സിന്‍ഡ്രോം കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിച്ച സമ്മേളനം കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ഡൗണ്‍സിന്‍ഡ്രോം കുട്ടികളേക്കാള്‍ അവരുടെ മാതാപിതാക്കളാണ് അനുഗ്രഹീതരെന്ന് മേയര്‍ പറഞ്ഞു. മനസിനെ തളര്‍ത്തുന്ന അഭിപ്രായങ്ങളും അത് പറയുന്നവരെയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

2025 ഫെബ്രുവരിയില്‍ നടക്കുന്ന ഡൗണ്‍സിന്‍ഡ്രോം നാഷണല്‍ ഗെയിംസിന് കൊച്ചിയുടെ മുഴുവന്‍ പിന്തുണയും മേയര്‍ വാഗ്ദാനം ചെയ്തു.ഡോസ്റ്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രസിഡന്റ് ഡോ.ഷാജി തോമസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഡൗണ്‍സിന്‍ഡ്രോം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡി.എസ്.എഫ്.ഐ) പ്രസിഡന്റ് ഡോ. സുരേഖ രാമചന്ദ്രന്‍ മുഖ്യ അതിഥിയായിരുന്നു. ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ജേക്കബ് അബ്രഹാം, ഐ.എ.പി കൊച്ചിന്‍ പ്രസിഡന്റ് ഡോ. വിവിന്‍ അബ്രാഹം, ഐ.എ.പി മുന്‍ പ്രസിഡന്റുമാരായ ഡോ. ജീസണ്‍ സി. ഉണ്ണി, ഡോ. എം. നാരായണന്‍, ഡോസ്റ്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി നസ്‌റിന്‍ അഗ്ഫാ, കോഴിക്കോട് പ്രസിഡന്റ് ടി. നാസര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ന് (നവംബര്‍ 23, ശനി) രാവിലെ ഒമ്പതു മുതല്‍ ഡൗണ്‍സിന്‍ഡ്രോമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി വിവിധ വിഷയങ്ങളില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍, പാനല്‍ ചര്‍ച്ച, സംശയം നിവാരണം എന്നിവ നടക്കും. തുടര്‍ന്ന് സമ്മേളനത്തില്‍ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍, വെല്ലുവിളികള്‍ എന്നി ക്രോഡീകരിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കും. ഡൗണ്‍സിന്‍ഡ്രോം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഐ.എം.എ കൊച്ചി, ഐ.എ.പി കേരള, കൊച്ചിന്‍ ചാപ്റ്ററുകള്‍ സംയുക്തമായിട്ടാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.

Spread the love