വൈവിധ്യങ്ങള്‍ നിറച്ച് വാര്‍ത്താ
ചിത്രപ്രദര്‍ശനം; പോര്‍ട്ട്ഫോളിയോ-2025 തുടങ്ങി

news photo exhibition

പ്രദര്‍ശനം ജനുവരി ഒന്നിന് സമാപിക്കും. എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

 

കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 27ാമത് വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്ഫോളിയോ-2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കം. മന്ത്രി പി. രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കൃത്യസമയം തിരിച്ചറിഞ്ഞ് ഭാവം ഉള്‍ക്കൊണ്ട് പകര്‍ത്തിയ ചിത്രങ്ങളാണ് പോര്‍ട്ട്‌ഫോളിയോ പ്രദര്‍ശനത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭാവം മിന്നിമറയുന്നത് നോക്കി കൃത്യസമയത്ത് ഒപ്പിയെടുക്കുകയെന്നുള്ളതാണ് പ്രധാനപ്പെട്ട കഴിവ്. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുമ്പോഴും സാങ്കേതിക വിദ്യകള്‍ മേഖലയിലെ കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറം കണ്‍വീനര്‍ പി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു.

കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം ട്രഷറര്‍ മനുഷെല്ലി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ടി.പി. സൂരജ് നന്ദിയും പറഞ്ഞു.

കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെ ആരംഭിച്ച പ്രദര്‍ശനം ജനുവരി ഒന്നിന് സമാപിക്കും. എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions