ഗവേഷണം കര്‍ഷകര്‍ക്കും
സമൂഹത്തിനും ഉപകരിക്കുന്നതാകണം 

ഉല്‍പാദനം കൂട്ടുന്നതിനൊപ്പം, ജൈവവൈവിധ്യസംരക്ഷണത്തിനും ശാസ്ത്രജ്ഞര്‍ പ്രാധാന്യം നല്‍കണം.

 

 

കൊച്ചി: ഗവേഷണം കര്‍ഷകര്‍ക്കും സമൂഹത്തിനും ഉപകരിക്കുന്നതാകണമെന്ന് വെച്ചൂര്‍ പശു സംരക്ഷണത്തിലൂടെ ശ്രദ്ധേയയായ ഡോ ശോശാമ്മ ഐപ്. കടല്‍ ജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.ഉല്‍പാദനം കൂട്ടുന്നതിനൊപ്പം, ജൈവവൈവിധ്യസംരക്ഷണത്തിനും ശാസ്ത്രജ്ഞര്‍ പ്രാധാന്യം നല്‍കണം. വംശനാശത്തില്‍ നിന്നും ജീവികളെ സംരക്ഷിക്കുന്നതിന് ജീനോം വിശകലനം അടക്കമുള്ള ജനിതകപഠനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

വെച്ചൂര്‍ പശു സംരക്ഷണം അത്ര എളുപ്പമായിരുന്നില്ല. വംശനാശത്തിന്റെ വക്കിലായിരുന്ന ഇവയെ പ്രജനനം നടത്തി സംരക്ഷിക്കാനുള്ള ശ്രമം ആരംഭിക്കുമ്പോള്‍ വെറും എട്ട് പശുക്കള്‍ മാത്രമാണുണ്ടായിരുന്നത്. വിജയം നേടാന്‍ നിരവധി വെല്ലുവിളികള്‍ അതിജീവിക്കേണ്ടി വന്നു. ജീവജാലങ്ങളും അവയുടെ പ്രകൃതിയുമായുള്ള സങ്കീര്‍ണമായ ബന്ധം മനസ്സിലാക്കല്‍ ശാസ്ത്ര ഗവേഷകര്‍ക്ക് അനിവാര്യമാണ്.ജീനോം ഡീകോഡിംഗ്, ജീന്‍ എഡിറ്റിംഗ് തുടങ്ങിയ ജനിതക പഠന മേഖകളില്‍ വെല്ലുവിളികള്‍ നേരിടാന്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണം ആവശ്യമാണെന്നും ഡോ ശോശാമ്മ ഐപ് പറഞ്ഞു.സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

കടല്‍ജീവികളുടെ ജനിതകപഠന മേഖലയില്‍ ഏറ്റവും പുതിയ അറിവും സാങ്കേതികവിദ്യകളും യുവഗവേഷകരെ പരിചയപ്പെടുത്തുന്ന സിഎംഎഫ്ആര്‍ഐ വിന്റര്‍ സ്‌കൂള്‍ 21 ദിവസം നീണ്ടു നില്‍ക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവ ശാസ്ത്രജ്ഞരും സര്‍വകലാശാല അധ്യാപകരുമാണ് പങ്കെടുക്കുന്നത്.മറൈന്‍ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷന്‍ ആന്റ് ഹെല്‍ത്ത് ഡിവിഷന്‍ മേധാവി ഡോ കാജല്‍ ചക്രവര്‍ത്തി, വിന്റര്‍ സ്‌കൂള്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ സന്ധ്യ സുകുമാരന്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ സുമിത്ര ടി ജി എന്നിവര്‍ പ്രസംഗിച്ചു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions