അന്റാര്‍ട്ടിക്കയിലെ കൂന്തല്‍
ജൈവവൈവിധ്യം; ഗവേഷണ സര്‍വേയുമായി സിഎംഎഫ്ആര്‍ഐ

ചുഴലിക്കാറ്റ്, ഉയര്‍ന്ന തിരമാലകള്‍, അതിശൈത്യം. പ്രതികൂല കാലാവസ്ഥയിലും ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച് ഗവേഷകര്‍

 

കൊച്ചി: ചുഴലിക്കാറ്റുകളെയും ഉയര്‍ന്ന തിരമാലകളെയും ചെറുത്ത് അന്റാര്‍ട്ടിക്കയിലെ കൂന്തല്‍ ജൈവവൈവിധ്യത്തെ പഠിക്കാനുള്ള ഗവേഷണ സര്‍വേയുമായി സിഎംഎഫ്ആര്‍ഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) സംഘം.

ദക്ഷിണദ്രുവ സമുദ്രത്തിലേക്കുള്ള 12ാമത് ഇന്ത്യന്‍ ശാസ്ത്രപര്യവേഷണത്തിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐ സംഘത്തിന്റെ ഗവേഷണം. ഷെല്‍ഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറും ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ കെ കെ സജികുമാറുമാണ് പര്യവേഷണത്തിന്റെ ഭാഗമായുള്ള സിഎംഎഫ്ആര്‍ഐ ഗവേഷകര്‍. പ്രധാനമായും കൂന്തലിന്റെ ലഭ്യതയും അന്റാര്‍ട്ടിക്കന്‍ ആവാസവ്യവസ്ഥയില്‍ അവയുടെ പങ്കും പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി സാമ്പിളുകള്‍ ശേഖരിക്കുകയാണിപ്പള്‍. 47 ദിവസത്തെ പര്യവേഷണത്തില്‍ 36 ദിവസം പിന്നിട്ടു. ഡേറ്റ ശേഖരണം തുടര്‍ന്നുവരികയാണ്. ശേഖരിച്ച കൂന്തല്‍ കുഞ്ഞുങ്ങളെ (പാരാ ലാര്‍വെ) സിഎംഎഫ്ആര്‍ഐയില്‍ തിരിച്ചെത്തി വിശദ പരിശോധനക്ക് വിധേയമാക്കും. ദക്ഷിണദ്രുവ പ്രദേശങ്ങളില്‍ ഇവയുടെ ജൈവവൈവിധ്യം ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും. കൂടാതെ, ഇവയടെ ചെവിക്കല്ല് വിശകലനം ചെയ്ത് ഈ കൂന്തല്‍ ഇനങ്ങളുടെ വയസ്സും വളര്‍ച്ചയും കണ്ടെത്താനുമാകും.

ഈ പഠനങ്ങള്‍, അന്റാര്‍ട്ടിക് സമുദ്രത്തില്‍ ഇവയുടെ സമൃദ്ധിയും ശാസ്ത്രീയ സ്വഭാവവും മേഖലയില്‍ അവയുടെ പാരിസ്ഥിതിക പ്രാധാന്യവും മനസ്സിലാക്കാന്‍ സഹായിക്കും.കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന പര്യവേഷണത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 16 ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളും പങ്കാളികളാണ്.

ദക്ഷിണദ്രുവ സമുദ്രത്തിലെ പറക്കും കൂന്തലിന്റെ ലഭ്യതയും പഠനവിധേയമാക്കുന്നുണ്ട്. സമുദ്ര ആവാസവ്യവസ്ഥയെ കൂടുതല്‍ കൃത്യമായി മനസ്സിലാക്കാനും സമുദ്രസമ്പത്തിന്റെ സുസ്ഥിര മാനേജ്‌മെന്റ് രീതികളെ സഹായിക്കാനും ഈ പഠനങ്ങള്‍ വഴിതുറക്കുമെന്ന് ഡോ ഗീത ശശികുമാര്‍ പറഞ്ഞു.പര്യവേഷണത്തില്‍ 42 ഗവേഷകരാണുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഗവേഷണ കപ്പല്‍ നിര്‍ത്തിയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. എന്നാല്‍, ചുഴലിക്കാറ്റിന്റെ വരവും അതിശക്തമായ കാറ്റും കാരണം ഇളകി മറിയുന്ന കടലില്‍ പലപ്പോഴും സാമ്പിള്‍ ശേഖരണം അതീവ ദുഷ്‌കരമാണ്.

ഇതു വരെ, സഞ്ചാരപാതയില്‍ മൂന്ന് ചുഴലിക്കാറ്റുകളെ നേരിടേണ്ടി വന്നു. താഴ്ന്ന മര്‍ദ്ദവും ഭീമന്‍ തിരമാലകളും ശക്തമായ കാറ്റോടെയുള്ള അതിശൈത്യവും അവഗണിച്ചാണ് സര്‍വേ നടത്തിവരുന്നത്. 22 ഡിഗ്രി വരെ താഴ്ന്ന താപനിലയില്‍ മഞ്ഞുമലകള്‍ക്കിടയിലൂടെയും പൊങ്ങിക്കിടക്കുന്ന ഐസ് പാളികളിലൂടെയും സഞ്ചരിച്ച് ഡേറ്റ ശേഖരണം നടത്തല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ഡോ സജികുമാര്‍ പറഞ്ഞു.

ദക്ഷിണദ്രുവ മേഖലയിലേക്ക് അടുക്കുമ്പോഴുള്ള അതീവ ദുഷകരമായ സമുദ്രഭാഗങ്ങളിലൂടെ (റോറിങ് ഫോര്‍ട്ടീസിലൂടെയും ഫ്യൂരിയസ്! ഫിഫ്റ്റീസിലൂടെയും) കടന്നുപോകുമ്പോള്‍ ഉയര്‍ന്ന തിരമാലകളലാല്‍ കപ്പല്‍ ആടിയുലയുന്നത് കാരണം അടിസ്ഥാന ആവശ്യനിര്‍വഹണത്തിന് പോലും ബുദ്ധിമുട്ടനുഭവപ്പെട്ടു. ശക്തമായ കാറ്റും തണുപ്പുമുള്ളതിനാല്‍ വളരെ കുറഞ്ഞ സമയം മാത്രമേ കപ്പലിന് പുറത്ത് ചിലവഴിക്കാനാകൂ. എങ്കിലും പഠനത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനായതിന്റെ സന്തോഷത്തിലാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍. തിമിംഗലങ്ങള്‍, വിവിധയിനം കടല്‍പക്ഷികള്‍, പെന്‍ഗ്വിന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സമുദ്രജന്തുജാലങ്ങളുടെ കാഴ്ചകളാണ് യാത്രയിലെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണിപ്പോള്‍. എന്ന് തിരിച്ചെത്താനാകുമെന്നത് കടലിന്റെ സ്വാഭാവത്തെയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കും.

 

Spread the love