പൊതുവേ ധാരാളമായി കണ്ടുവരുന്ന ഒരു നാഡീ രോഗമാണ് എപിലെപ്‌സി അഥവാ അപസ്മാരം. നമുക്കിടയിലും നിരവധിപേര്‍ ഈ മസ്തിഷരോഗത്താല്‍ പ്രയാസമനുഭവിക്കുന്നുണ്ട്. ലോകത്താകമാനം 5 കോടിയിലധികം അപസ്മാര രോഗ ബാധിതരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.ശരീരത്തില്‍ അടിക്കടിയുണ്ടാകുന്ന കോച്ചിപ്പിടുത്തമാണ് അപസ്മാരത്തിന്റെ പ്രധാന ലക്ഷണം. രണ്ടോ അതില്‍ കൂടുതലോ തവണയുണ്ടാകുന്ന കാരണമില്ലാതെയുള്ള കോച്ചിപ്പിടുത്തതിനെ എപിലെപ്‌സി എന്ന് പറയാനാകും. അപസ്മാര രോഗമുള്ളവരില്‍ മൂന്നില്‍ രണ്ടുപേരും കുട്ടികളാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
അപസ്മാരത്തിനുള്ള കാരണങ്ങള്‍
ജനിതകമായ കാരണങ്ങള്‍, തലച്ചോറിനുണ്ടാകുന്ന ക്ഷതം അല്ലെങ്കില്‍ അണുബാധ, ഹൃദയാഘാതം, ബ്രെയിന്‍ ട്യൂമര്‍ എന്നിങ്ങനെ പല ഘടകങ്ങളും അപസ്മാരത്തിന് കാരണമാകാറുണ്ട്. വൈദ്യുതി തരംഗങ്ങള്‍ മുഖേനയാണ് മസ്തിഷ്‌കവും, നാഡീവ്യൂഹവും മാംസപേശികളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള ജീവത്പ്രവര്‍ത്തന നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ വൈദ്യുതി തരംഗങ്ങളില്‍ പെട്ടെന്ന് എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങളുണ്ടാകുമ്പോള്‍ പേശികളിലെ കോച്ചിപ്പിടുത്തം, ബോധം നഷ്ടപ്പെടുക, കണ്ണുകള്‍ മുകളിലേക്ക് മറയുക, കൈകാലുകളിലേയോ മുഖത്തെയോ പേശികളുടെ ക്രമഹിതമായ ചലനം, ഉച്ചത്തില്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക തുടങ്ങിയ സംഭവിക്കാറുണ്ട്.
പ്രധാനലക്ഷണങ്ങള്‍:
പെട്ടെന്ന് സംഭവിക്കുന്ന ഞെട്ടിവിറക്കലും, കൈകാലുകളുടെയും മുഖപ്പടികളുടെയും അനിയന്ത്രിത ചലനങ്ങള്‍ എന്നിവ ഫിറ്റ്‌സ് ലക്ഷണങ്ങളാണ്. എന്നാല്‍ വിദഗ്ധ പരിശോധനയിലൂടെ മാത്രമാണ് രോഗം സ്ഥിരീകരിക്കുവാന്‍ സാധിക്കുക. രോഗമുണ്ടാകുന്ന സമയത്ത് രോഗിക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കാരുടെ വിവരണം, രോഗത്തിന് മുന്‍പായി രോഗിക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍, രോഗാവസ്ഥ മാറാന്‍ എടുത്ത സമയം തുടങ്ങിയ കാര്യങ്ങള്‍ രോഗ നിര്‍ണയത്തില്‍ ഏറെ പ്രധാനമാണ്.ഒരു തവണ ഫിറ്റ്‌സ് വന്നു എന്ന് കരുതി ഒരു വ്യക്തി അപസ്മാര രോഗിയാവണം എന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക (ഹൈപ്പോഗ്ലിസ്മിയ), സോഡിയത്തിന്റെ അളവ് കുറയുക, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ഫിറ്റ്‌സ് സംഭവിക്കാറുണ്ട്.ടെമ്പറല്‍ ലോബ് എപിലെപ്‌സി, ഫ്രോണ്ടല്‍ ലോബ് എപിലെപ്‌സി എന്നിങ്ങനെ പ്രത്യേകതരം അപസ്മാരങ്ങളുണ്ട്. തലച്ചോറിന്റെ ഏതുഭാഗത്തുനിന്നാണോ അപസ്മാരം ഉണ്ടാകുന്നത് അതനുസരിച്ചു വ്യത്യസ്ത രോഗലക്ഷണങ്ങളാകും രോഗി പ്രകടിപ്പിക്കുക. ശരീരത്തിന്റെ വശത്തു മാത്രം പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ്, കുറച്ചു നേരം രോഗി പ്രതികരിക്കാതിരിക്കുക, ഒരു കയ്യോ കാലോ മാത്രം കോച്ചിപ്പിടിക്കുകയും വിറക്കുകയും ചെയുന്നത് അപസ്മാര രോഗ ലക്ഷണമാകാം.
രോഗനിര്‍ണയം:
ശരിയായ രോഗനിര്‍ണയത്തിനായി ഒരു ന്യൂറോളജിസ്റ്റില്‍നിന്നും വിദഗ്ധ ഉപദേശം തേടേണ്ടതുണ്ട്. രോഗലക്ഷണങ്ങള്‍ വിലയിരുത്തിയും ഇഇജി (ഇലക്ട്രോ ഇന്‍സെഫലോഗ്രാം), എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളിലൂടെയും ന്യൂറോളജിസ്റ്റിനു രോഗം നിര്‍ണയിക്കാന്‍ സാധിക്കും.
ഫിറ്റ്‌സ് വന്നാല്‍ ഉടന്‍ ചെയ്യണ്ടത് എന്ത്?
ഒരു വ്യക്തിയുടെ വായില്‍ നിന്ന് നുരയും പതയും വരുന്ന രീതിയില്‍ ഫിറ്റ്‌സിന്റെ ലക്ഷണങ്ങളോടെ കണ്ടാല്‍ ആദ്യം ആ വ്യക്തിയ്ക്ക് നിലത്തുകിടക്കാവുന്ന രീതിയില്‍ സൗകര്യം ഒരുക്കുക. വേണ്ടത്ര വായു സഞ്ചാരം ഉറപ്പുവരുത്തണം. ആളുകള്‍ ചുറ്റും കൂടിനില്‍ക്കരുത്. അബോധാവസ്ഥയില്‍ വായിലെ നുരയും പതയും ശ്വാസകോശങ്ങളില്‍ കടന്ന് ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രോഗിയെ ഒരുവശം ചെരിച്ചു കിടത്തുവാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത് രോഗിയ്ക്ക് വെള്ളമോ മറ്റു പദാര്‍ത്ഥങ്ങളോ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മൃദുവായ തലയണ കഴുത്തിനു താഴെയായി വെക്കാം. രോഗി ഇറുകിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കില്‍, കഴിയുമെങ്കില്‍ അവ ലൂസാക്കി കൊടുക്കുക.രോഗി തന്റെ കൈകാലുകള്‍ നിലത്തിട്ട് അടിക്കുന്നുണ്ടെങ്കില്‍ ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിക്കരുത്. ശാരീരികക്ഷതങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ ഏറെയാണ്. കൈകാലുകള്‍ സമീപത്തുള്ള ഏതെങ്കിലും വസ്തുക്കളില്‍ തട്ടി രോഗിക്ക് ക്ഷതമേല്‍കാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ മൂര്‍ച്ചയുള്ളതോ അപകടകരമായതോ ആയ വസ്തുക്കള്‍ സമീപത്തുണ്ടെങ്കില്‍ അവ എടുത്തു മാറ്റണം. എപിലെപ്‌സി രോഗമുള്ളവര്‍ക്ക് പെട്ടന്നുള്ള മരണം സംഭവിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. പ്രത്യേകിച്ചും ഉറക്കത്തിലുണ്ടാകുന്ന മരണം.
ചികിത്സ:
അപസ്മാര രോഗം ഇന്ന് ചികിത്സയിലൂടെ ഭേദമാകാവുന്നതാണ്. ഒപ്പം, വരാതെയിരിക്കാനുള്ള പ്രതിരോധചികിത്സകളുമുണ്ട്. 70 ശതമാനം അപസ്മാരരോഗങ്ങളും മരുന്നുകളിലൂടെ ഭേദമാക്കാം. മരുന്നുകള്‍ ഫലവത്താകാത്ത കേസുകളില്‍ ശസ്ത്രക്രിയയും നടത്താറുണ്ട്.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
അപസ്മാരമുള്ള വ്യക്തികളെ ജോലിയില്‍ നിന്നോ സാധാരണ സാമൂഹിക ജീവിതത്തില്‍ നിന്നോ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. ജീവിതത്തില്‍ കഴിവതും പ്രവര്‍ത്തന നിരതമായിരിക്കുന്നതു തന്നെയാണ് നല്ലത്. എന്നാല്‍ അപസ്മാരമുള്ളയാള്‍ ജീവിതത്തില്‍ ചിട്ടകള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ഉറക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. എല്ലാ ദിവസവും കൃത്യസമയത്തു ഉറങ്ങുക, ചുരുങ്ങിയത് ഏഴര മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അനിവാര്യമാണ്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക, വയറിന് അസ്വസ്ഥകളുണ്ടാകാത്ത ഭക്ഷണം മാത്രം കഴിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്