സംരംഭകത്വ മികവിന് സിഎംഎഫ്ആര്‍ഐയുടെ അംഗീകാരം
കൊച്ചി: മത്സ്യമേഖലയില്‍ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് എം എ അഖിലമോളും സംഗീത സുനിലും. വെല്ലുവിളികള്‍ മറികടന്ന്, മത്സ്യമേഖലയില്‍ സംരംഭകരായി മികവ് തെളിയിച്ചാണ് അന്താരാഷ്ട്ര വനിതാദിനത്തില്‍ ഇരുവരും ശ്രദ്ധ നേടുന്നത്.
മത്സ്യകൃഷി, കണ്‍സല്‍ട്ടന്‍സി സേവനങ്ങളിലൂടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ അഖിലമോള്‍ നേട്ടമുണ്ടാക്കിയത്. എന്നാല്‍, മത്സ്യ മൂല്യവര്‍ധിത ഉല്‍പാദന രംഗത്താണ് നായരമ്പലം സ്വദേശി സംഗീതയുടെ മികവ്. സിഎംഎഫ്ആര്‍ഐയുടെ സയന്‍സ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (എസ്ടിഐ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.
കുട്ടികളുടെ പഠനം വഴിമുട്ടെരുതെന്ന ആഗ്രഹത്തോടെയാണ് അഖിലമോള്‍ മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. സിഎംഎഫ്ആര്‍ഐ നടത്തിയ പരിശീലനപരിപാടിയില്‍ പങ്കെടുത്തത് വഴിത്തിരിവായി. അക്വാകള്‍ച്ചര്‍ രംഗത്തെ ശാസ്ത്രീയരീതികളും വൈദഗ്ധ്യവും സ്വന്തമാക്കിയത് വരുമാനം മെച്ചപ്പെടുത്താന്‍ സഹായകരമായി. ഈ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി സംരംഭകയായി മാറാനുള്ള താല്‍പര്യത്തില്‍ കണ്‍സല്‍ട്ടന്‍സി സേവനം ആരംഭിച്ചു. ഇത് നിരവധി പേരെ മത്സ്യകൃഷിയില്‍ സഹായിക്കുന്നതിനും അവര്‍ക്ക് ഉപജീവനമാര്‍ഗവും ഒരുക്കി. നിലവില്‍, സിഎംഎഫ്ആര്‍ഐയുടെ എസ് ടി ഐ ഹബ് പദ്ധിതിയുടെ മേല്‍നോട്ടത്തില്‍ ഒരു ഏക്കറില്‍ സംയോജിത മത്സ്യകൃഷി നടത്തിവരികയാണ്. കരിമീന്‍, കാളാഞ്ചി, തിരുത കൃഷിക്കൊപ്പം താറാവ്‌കോഴി വളര്‍ത്തലും പച്ചക്കറിപുഷ്പ കൃഷിയും സംയോജിപ്പിച്ചുള്ളതാണ് ഈ സംരംഭം. ഇത് കൂടാതെ, കൊടുങ്ങല്ലൂര്‍ കായലില്‍ കൂടുമത്സ്യകൃഷിയും പൊന്നൂസ് അക്വാക്ലിനിക് എന്ന പേരില്‍ ബിസിനസ് കണ്‍സല്‍ട്ടന്‍സി സേവനവുമുണ്ട്.
മീനുകളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പാദനത്തിലൂടെയും അവയുടെ വിപണനത്തിലൂടെയുമാണ് സംഗീത സുനില്‍ ശ്രദ്ധ നേടുന്നത്. ‘സാള്‍ട്ട് എന്‍ സ്‌പൈസി’ എന്ന ബ്രാന്‍ഡിന് കീഴില്‍ നിരവധി തനത് ഉല്‍പന്നങ്ങള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നു. ഉണക്ക ചെമ്മീന്‍, മീനില്‍ നിന്നുള്ള അച്ചാര്‍, കട്‌ലറ്റ്, ചട്ണി പൊടി, വൈവിധ്യമായ സീഫുഡ് വിഭവങ്ങള്‍ തുടങ്ങിയവ ഇതില്‍പെടും. തദ്ദേശീയ വിഭവങ്ങള്‍ അനുയോജ്യമായ വിപണനരീതികള്‍ ഉപയോഗിച്ച് വിജയകരമായ ബിസിനസ് സംരംഭമാക്കി വികസിപ്പിച്ചതാണ് സംഗീതയുടെ മികവ്.
ഈയിടെ സിഎംഎഫ്ആര്‍ഐയില്‍ നടന്ന മത്സ്യമേളയില്‍ ഈ നാടന്‍ വിഭവങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിഎംഎഫ്ആര്‍ഐയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിന്റെ (അറ്റിക്) വിപണന കേന്ദ്രത്തില്‍ ഈ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്.കന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള പദ്ധതിയാണ് സിഎംഎഫ്ആര്‍ഐയുടെ എസ് ടി ഐ ഹബ്. മത്സ്യമേഖലയില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പരിശീലനം, സാങ്കേതിവിദ്യ സഹായം എന്നിവ നല്‍കിവരുന്നു.
കഠിനാധ്വാനത്തിലൂടെയും മാനേജ്‌മെന്റ് വൈദഗ്ധ്യം പുറത്തെടുത്തും വിജയം കൈവരിച്ചതിനുള്ള അംഗീകാരമായി മാര്‍ച്ച് 10 ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഇവരെ ആദരിക്കും.