ഹാര്‍ട്ട് ഫെയില്യര്‍: പൊതുജന
അവബോധം അനിവാര്യമെന്ന്
ഹൃദ്രോഗ വിദഗ്ദര്‍

രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് ദുര്‍ബലമാകുന്നതാണ് ഹാര്‍ട്ട് ഫെയില്യര്‍.

 

കൊച്ചി: ഹാര്‍ട്ട് ഫെയിലര്‍ വര്‍ധിച്ചേുവരുന്ന സാഹചര്യത്തില്‍ ഈ അവസ്ഥയെക്കുറിച്ച് പൊതുജന അവബോധം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഡി. പ്രഭാകര്‍ പറഞ്ഞു.ഹാര്‍ട്ട് ഫെയില്യര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എച്ച്.എഫ് എ.ഐ 2025) 11ാമത് ദേശീയ സമ്മേളനം ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൃദയസ്തംഭനവും ഹാര്‍ട്ട് ഫെയിലറും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ പൊതു സമൂഹത്തിന് ഉണ്ടാവണം. ഹൃദയസ്തംഭനം ഹൃദയാഘാതം പോലെ പെട്ടെന്ന് വരുന്നതല്ല. രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് ദുര്‍ബലമാകുന്നതാണ് ഹാര്‍ട്ട് ഫെയില്യര്‍. ഹൃദയ പേശികള്‍ക്ക് കട്ടി കൂടി യുണ്ടാവുന്ന കാര്‍ഡിയോമയോപ്പതി, ജന്മനായുള്ള ഹൃദ്രോഗം, പ്രമേഹം, രക്താതിമര്‍ദ്ദം, പൊണ്ണത്തടി, വൃക്കരോഗങ്ങള്‍, അസാധാരണമായ ഹൃദയ താളം എന്നിവ കാരണം ഹാര്‍ട്ട് ഫെയില്യര്‍ സംഭവിക്കാമെന്നും ഡോ. ഡി. പ്രഭാകര്‍ പറഞ്ഞു.

നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ലക്ഷ്യമിട്ട് രാജ്യത്ത് 1000 ഹാര്‍ട്ട് ഫെയില്യര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കേണ്ടതുണ്ടെന്ന് എച്ച്എഫ്എഐ പ്രസിഡന്റ് ഡോ. എബ്രഹാം ഉമ്മന്‍ പറഞ്ഞു.ഹാര്‍ട്ട് ഫെയില്യര്‍ രോഗനിര്‍ണയത്തിലും ചികിത്സയിലും ഡോക്ടര്‍മാരെ സഹായിക്കുന്ന ലഘുരേഖ ചടങ്ങില്‍ പുറത്തിറക്കി.എച്ച്എഫ്എഐ പ്രസിഡന്റ് ഡോ. എബ്രഹാം ഉമ്മന്‍, ഡോ. ഉദയ് എം. ജാദവ് (വൈസ് പ്രസിഡന്റ്), ഡോ. വിജയ്കുമാര്‍ ചോപ്ര (എച്ച്എഫ്എഐസ്ഥാപക അംഗവും രക്ഷാധികാരിയും ), ഡോ. ബഗീരഥ് രഘുരാമന്‍ (സെക്രട്ടറി), ഡോ. ജോര്‍ജ്ജ് കോശി എ. (ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍), ഡോ. ജയഗോപാല്‍ പി.ബി. (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഹാര്‍ട്ട് ഫെയില്യര്‍ രോഗനിര്‍ണയത്തിലും ചികിത്സയിലും പുരോഗതി കൈവരിക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) പങ്കിനെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു.

എഐഅധിഷ്ഠിത ഇമേജ് വിശകലന ഉപകരണങ്ങള്‍ക്ക് ഹൃദയത്തിലെ ഘടനാപരവും പ്രവര്‍ത്തനപരവുമായ കുഴപ്പങ്ങള്‍ വേഗത്തിലും കൃത്യമായും തിരിച്ചറിയാനും രോഗനിര്‍ണയ കൃത്യത മെച്ചപ്പെടുത്താനും കഴിയുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജയഗോപാല്‍ പി.ബി. പറഞ്ഞു.രോഗനിര്‍ണയത്തിലും വ്യക്തിഗത ചികിത്സക്കും എ.ഐ നല്‍കുന്ന സംഭാവനകള്‍ ഡോ. അനില്‍ ബാലചന്ദ്രന്‍ വിശദീകരിച്ചു .ഇംപ്ലാന്റ് ചെയ്യാവുന്ന കാര്‍ഡിയാക് ഉപകരണങ്ങളില്‍ എ.ഐ സംയോജിപ്പിക്കുന്നതിന്റെ പ്രയോജനങ്ങള്‍ ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ് കോശി എ. വിശദീകരിച്ചു.

മൂന്ന് ദിവസങ്ങളില്‍ രണ്ട് സമാന്തര വേദികളിലായി 35 സുപ്രധാന ശാസ്ത്ര സെഷനുകളും വര്‍ക്ക്‌ഷോപ്പുകളും നടക്കുന്നുണ്ട്.എ.ഐ. വഴിയുള്ള രോഗനിര്‍ണയം, ജീന്‍ തെറാപ്പി, സ്ത്രീകളിലും യുവാക്കളിലുമുണ്ടാവുന്ന ഹാര്‍ട്ട് ഫെയിലര്‍, ഹൃദയമാറ്റ ശസ്ത്രക്രിയയിലെ പുരോഗതികള്‍, പൊണ്ണത്തടി മരുന്നുകള്‍, ഹൃദയസ്തംഭന മാനേജ്‌മെന്റില്‍ ഇമേജിംഗിന്റെ പങ്ക് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍.നേഴ്‌സുമാരുടെ പരിശീലന പരിപാടികള്‍, ‘മീറ്റ് ദി മാസ്‌റ്റേഴ്‌സ്’ സെഷനുകള്‍, നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍, കാര്‍ഡിയോളജി ഫെലോകള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടിക എന്നിവയും സമ്മേളനത്തിലുണ്ട്. 15 അന്താരാഷ്ട്ര ഫാക്കല്‍റ്റികളാണ് സെഷനുകള്‍ നയിക്കും. രാജ്യത്തെ 125 ലധികം ഹാര്‍ട്ട് ഫെയിലര്‍ വിദഗ്ധരും എഴുന്നൂറ്റി അമ്പതിലധികം കാര്‍ഡിയോളജിസ്റ്റുകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.

 

Spread the love