10-July-2023 -
By. news desk
കൊച്ചി:കൊച്ചിയില്‍ കേന്ദ്രീകൃത ദുരന്ത നിവാരണ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ കീഴില്‍ ഉള്ള കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സെന്ററിലാണ് (ഐസി 4) ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്.സിറ്റി പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, അഗ്‌നിശമന വകുപ്പ്, ആരോഗ്യ വകുപ്പ് , കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, കൊച്ചി, കണയന്നൂര്‍ താലൂക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങള്‍ ഫലപ്രദമായി നേരിടുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ് കണ്‍ട്രോള്‍ റൂമിന്റെ ലക്ഷ്യം. അതിനായി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഈ കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിക്കുന്നുണ്ട് . കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ അതതു വകുപ്പുകള്‍ക്ക് കൈമാറി വേണ്ട പരിഹാര നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ചുമതല.
നിലവില്‍ കൊച്ചി നഗരവാസികള്‍ക്ക് മഴക്കാലത്ത് ഉണ്ടാകുന്ന കാലവര്‍ഷ കെടുതികള്‍ അറിയിക്കാന്‍ 0484 2795710, 2795711 എന്നീ ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകളില്‍ 24മണിക്കൂറും സേവനം ഉണ്ടായിരിക്കും.കഴിഞ്ഞ മഴക്കാലത്ത് താല്‍ക്കാലിക കണ്‍ട്രോള്‍ റൂമായും കോവിഡ് വ്യാപന സമയത്ത് കേരളത്തിലെ വാര്‍ റൂമായും ആയിരുന്നു കൊച്ചിയിലെ ഐ സി4 പ്രവര്‍ത്തിച്ചിരുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും സേവനങ്ങളില്‍നിന്നുമുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചു വിശകലനം ചെയ്തു വിലയിരുത്തി മികച്ച നഗരാസൂത്രണം സാധ്യമാക്കാന്‍ സഹായിക്കുന്ന ഈ കണ്‍ട്രോള്‍ സെന്റര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാവുന്ന ഒന്നുകൂടിയാണ്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഘട്ടം ഘട്ടമായി ഇതിലൂടെ ഏകോപിക്കുന്ന പ്രവര്‍ത്തങ്ങള്‍ നടന്നു വരികയുമാണ് .നിലവില്‍ കൊച്ചി സ്മാര്‍ട്ട്‌സി മിഷന്‍ ലിമിറ്റഡിന്റെ കീഴില്‍ നടക്കുന്ന ഇന്റലിജന്റ് സിറ്റി സര്‍വൈലന്‍സ് (ഐ. സി. എസ്. എസ് ) പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തില്‍ 141 ഇടങ്ങളിലായി സ്ഥാപിച്ച 464 ക്യാമറകളും, നഗരത്തിലെ 21 ജംഗ്ഷനുകളില്‍ ഗതാഗത നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി സ്ഥാപിച്ച 91 ക്യാമറകളും, നഗരത്തിലെ റോഡുകളിലുള്ള 3056 തെരുവ് വിളക്കുകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും കമാന്‍ഡ് സെന്ററുമായി ഏകോപിപ്പിച്ചിട്ടുണ്ട്.
കൂടാതെ 23618 സ്മാര്‍ട്ട് ഇലക്ട്രിക് മീറ്റര്‍, ഒരു മെഗാ വാര്‍ട്ട് റൂഫ് ടോപ് സോളാര്‍ പദ്ധതി എന്നിവയും ഏകീകരിച്ചിട്ടുണ്ട് . സി.എസ്.എം.എലിന്റെ നേതൃത്വത്തില്‍ പുതുതായിഏറ്റെടുത്തു നടത്തുന്ന പദ്ധതികളായ ജി.ഐ.എസ്.മാപ്പിംഗ്, വേസ്റ്റ് മാനേജ്മന്റ്, ഇ ഗവെര്‍ണന്‍സ് എന്നിവയും ഐ.സി4 മായി ഏകോപിപ്പിക്കും. ഈ പ്രവര്‍ത്തനങ്ങളുടെ വിവശേഖരണവും ദൃശ്യവല്‍ക്കരണവും ഇതിന്റെ വിവരങ്ങള്‍ വിശകലനം ചെയ്തു പരസ്പര ബന്ധം മനസ്സിലാക്കി ജനങ്ങളിലേക്കും വിവിധ വകുപ്പുകളിലേക്കും കൃത്യമായ ആശയവിനിമയം സാധ്യമാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഐ.സി4 ലൂടെ നടപ്പിലാക്കുന്നത്. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അതതു തലങ്ങളില്‍ അവയുടെ നവീകരണം നടത്താന്‍ വകുപ്പുകള്‍ക്ക് ഇതിലൂടെ പെട്ടെന്ന് സാധിക്കുകയും ചെയ്യും. അത്തരത്തില്‍ കൂടുതല്‍ വകുപ്പുകളുമായി ബന്ധിപ്പിച്ചു നാഗരാസൂത്രണത്തിനും വികസനത്തിനും ഇതിലൂടെ സാധിക്കും.മണ്‍സൂണ്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വക്കേറ്റ് എം. അനില്‍കുമാര്‍,ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ് , കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ സി.ഇ.ഒ.ഷാജി.വി.നായര്‍, സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിലയിരുത്തി.