17-July-2023 -
By. sports desk
കൊച്ചി: ഐ.എസ്.എല്‍ പുതിയ സീസണില്‍ കപ്പടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങള്‍ തുടങ്ങി. പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പരിശീലനത്തില്‍ ടീമില്‍ നിലനിര്‍ത്തപ്പെട്ട വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ്് മൂന്നിന് ആരംഭിക്കുന്ന ഡ്യൂറന്‍ഡ് കപ്പാണ് ടീമിന്റെ ആദ്യലക്ഷ്യം. കോച്ച് ഇവാന് വുകോമനോവിച്ചും ചില താരങ്ങളും മാത്രമാണ് ഇനി ടീമിനൊപ്പം ചേരാനുള്ളത്. വിസ പ്രശ്നങ്ങള്‍ കാരണമാണ് കോച്ചിന്റെ വരവ് വൈകുന്നത്. കണങ്കാലിന് പരിക്കേറ്റ് കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങള്‍ നഷ്ടമായ പ്രതിരോധ താരം സന്ദീപ് സിങ് ടീമിനൊപ്പം ചേര്‍ന്ന് വീണ്ടും പരിശീലനം തുടങ്ങിയിട്ടുണ്ട്. 2023 ജനുവരിയില്‍ ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്ന മിഡ്ഫീല്‍ഡര്‍ ഡാനിഷ് ഫാറൂഖും പ്രീസീസണിനായി ക്ലബ്ബിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
വിദേശ താരങ്ങളായ അഡ്രിയാന്‍ ലൂണ, ഡിമിത്രിയോസ് ഡയമന്റകോസ് എന്നിവര്‍ വേനലവധിക്ക് ശേഷം കൊച്ചിയില്‍ തിരിച്ചെത്തി പരിശീലനം തുടങ്ങി. ക്ലബ്ബ് പുതിയതായി ടീമില്‍ എത്തിച്ച പ്രബീര്‍ ദാസ്, ജോഷ്വ സൊറ്റിരിയോ, നോച്ച സിങ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് പ്രമോഷന് ലഭിച്ച അജ്സല്‍, ജസീന്, യെഹെയിന്ബ, റോഷന് എന്നിവരുള്‍പ്പെടെ പുതുമുഖങ്ങളും പരിശീലനത്തിലുണ്ട്. പ്രതിരോധ നിരയിലെ മാര്‍ക്കോ ലെസ്കോവിച്ചാണ് ഇനി ടീമിനൊപ്പം ചേരാനുള്ള വിദേശതാരം. വ്യക്തിപരമായ കാരണങ്ങളാല്‍ അവധി നീട്ടിവാങ്ങിയ താരം അടുത്ത ആഴ്ച ടീമിനൊപ്പം ചേരുമെന്ന് ബ്ലാസ്റ്റേഴ്സ് വൃത്തങ്ങള്‍ പറയുന്നു. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സില്‍ നിന്ന് സ്വാപ്പ് ഡീലിലൂടെ ടീമിലെത്തിയ ദേശീയ ടീം താരം പ്രീതം കോട്ടാലും അടുത്ത ആഴ്ച്ച ടീമിനൊപ്പം ചേരും.
ഡ്യൂറന്‍ഡ് കപ്പിന് ശേഷം ടീം യുഇഎയില്‍ രണ്ടാംഘട്ട പ്രീസീസണ് നടത്തുമെന്നാണ് സൂചന.കഴിഞ്ഞ സീസണില്‍ എലിമിനേറ്ററില്‍ ബംഗളൂരിനോട് തോറ്റുപുറത്തായ ബ്ലാസ്റ്റേഴ്സ് പുതിയ തുടക്കമാണ് ഈ സീസണില്‍ ലക്ഷ്യമിടുന്നത്. ബംഗളൂരിനെതിരായ മത്സരത്തിനിടെ പിന്മാറിയതിന് ടീമിനും പരിശീലകനും വന്‍ തുക എഐഎഫ്എഫ് പിഴ ഇട്ടിരുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ബ് കരുതലോടെയാണ് ഇത്തവണ ടീമിനെ ഒരുക്കുന്നത്. ഈ പ്രതിസന്ധിക്ക് അല്പമെങ്കിലും പരിഹാരമെന്ന നിലയിലാണ് സഹല്‍ അബ്ദുസമദ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ കൈമാറ്റത്തിന് ബ്ലാസ്റ്റേഴ്സ് മുതിര്‍ന്നത്. സഹലിന് 2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു. സഹല്‍ ഉള്‍പ്പെടെ ഏഴോളം താരങ്ങളാണ് ഇതിനകം ക്ലബ്ബ് വിട്ടത്. നിഷു കുമാര്‍ (ഈസ്റ്റ് ബംഗാള്ലോണ്), പ്രഭ്സുഖന്‍ ഗില്‍ (ഈസ്റ്റ് ബംഗാള്‍), ഹര്‍മന്‍ജോത് ഖബ്ര (ഈസ്റ്റ് ബംഗാള്‍), ഇവാന് കല്യൂസ്നി (എഫ്കെ ഒലെക്സന്ദ്രിയ) എന്നിവരാണ് സഹലിന് മുമ്പ് ക്ലബ്ബ് വിട്ട പ്രമുഖര്‍. ഇനി രണ്ട് വിദേശ താരങ്ങള്‍ കൂടി ടീമിലെത്തും. വരും ദിവസങ്ങളില്‍ തന്നെ താരങ്ങളുടെ സൈനിങ് ക്ലബ്ബ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം
#isl #kbfc #keralablasters