Society Today
Breaking News

കൊച്ചി : കൊടുത്ത സംഭാവന തിരികെ നല്‍കിയ നേതാവ്, ആരില്‍ നിന്നും അനാവശ്യമായി യാതൊന്നും സ്വീകരിക്കരുതെന്ന് മക്കളെ പഠിപ്പിച്ച പിതാവ്, കറകളഞ്ഞ മനുഷ്യ സ്‌നേഹി .അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ  അനുസ്മരിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ  ഡോ. ആസാദ് മൂപ്പന്‍ തന്റെ അനുഭവം ഇവിടെ പങ്കുവെയ്ക്കുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 2012. പിറവം എം.എല്‍. എയും മുന്‍ മന്ത്രിയും ധിഷണാശാലിയായ രാഷ്ട്രീയ നേതാവുമായ ടി.എം ജേക്കബിന്റെ അപ്രതീക്ഷിതമായ മരണം കേരള രാഷ്ട്രീയത്തില്‍ തന്നെ ഇടംപിടിച്ച  സമയമായിരുന്നു അത്. രണ്ട് സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ്  ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ഭരണം. അതുകൊണ്ടുതന്നെ ഇരു മുന്നണികളെ സംബന്ധിച്ചിടത്തോളവും ഏറെ  പ്രാധാന്യമുള്ളതായിരുന്നു ആ തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്  അപ്രതീക്ഷിതമായി ആ ഫോണ്‍കോള്‍ എന്നെ തേടിയെത്തുന്നത്. ഞാന്‍ ആര്‍. കെ ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍. അതേ, ഉമ്മന്‍ചാണ്ടിയുടെ എല്ലാമെല്ലാമായിരുന്ന പി.എ ആര്‍.കെ ബാലകൃഷ്ണനായിരുന്നു അത്. ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞിട്ടാണ് താന്‍ വിളിക്കുന്നതെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നും   ഡോക്ടര്‍ക്ക് സഹായിക്കാന്‍ കഴിയുമോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രാഷ്ട്രീയക്കാര്‍ സ്ഥിരമായി ആവശ്യപ്പെടുന്ന കാര്യമായതിനാല്‍ മടികൂടാതെ സമ്മതിക്കുകയും അടുത്ത ദിവസം തന്നെ സാമാന്യം വലിയൊരു തുക കൈമാറുകയും ചെയ്തു.

ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഫലം യു.ഡി.എഫിന് അനുകൂലമായിരുന്നു.മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ ഞാന്‍ ഇക്കാര്യം പൂര്‍ണമായും മറന്ന് കഴിഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞ് ആര്‍.കെയുടെ വീണ്ടും വിളിച്ചു. ഇക്കുറിയും ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞിട്ടായിരുന്നു   വിളി. മുഖവുരയൊന്നും കൂടാതെ അദ്ദേഹം പറഞ്ഞു തുടങ്ങി. 'പണം നല്‍കി സഹായിച്ചതിന് നന്ദി അറിയിക്കാന്‍ ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞിട്ടുണ്ട്.  അതുമാത്രമല്ല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതീക്ഷിക്കാതെ മറ്റിടങ്ങളില്‍ നിന്ന് പണം ലഭിച്ചിരുന്നു. അതുകൊണ്ട് താങ്കള്‍ തന്ന പണം  തിരികെ സ്വീകരിക്കണമെന്ന് പറയാന്‍ അദ്ദേഹം ഏല്‍പ്പിച്ചിട്ടുണ്ട്. മറ്റൊന്നും തോന്നരുത് എന്നും സാര്‍ പറയാന്‍ പറഞ്ഞു.'അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിത്തരിച്ച നിമിഷമായിരുന്നു അത്. പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതിനു മുന്‍പ് സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു അനുഭവം ആദ്യമായിട്ടായിരുന്നു.

ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയക്കാരനെ കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം എത്തുന്ന ഒരു സംഭവമാണിത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി അദ്ദേഹത്തെ നോക്കിക്കാണുന്ന  വ്യക്തിയാണ് ഞാന്‍. 15 വര്‍ഷത്തിലധികമായി അടുത്ത ബന്ധവുമുണ്ടായിരുന്നു. ഇക്കാലയളവില്‍ ആസ്റ്ററുമായി ബന്ധപ്പെട്ട നിരവധി തവണ അദ്ദേഹവുമായി ഇടപഴകാന്‍ സാധിച്ചു. വയനാട്ടിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളില്‍ ഒപ്പം നിന്നത് അദ്ദേഹമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി സാറായിരുന്നു പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സഹായിച്ചതും മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും.ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് സഹജീവികളോടുള്ള കരുതലും ആര്‍ദ്രതയും എത്രത്തോളമുണ്ടെന്ന്  മനസ്സിലാക്കിയതും  അത്തരത്തിലുള്ള ഇടപെടലുകളില്‍ നിന്നാണ്. ബധിരരായ കുട്ടികള്‍ക്ക് ആശ്വാസമാകുന്ന കോക്ലിയര്‍  ഇമ്പ്‌ലാന്റ് ചികിത്സ ആദ്യമായി ആരംഭിച്ചത് കോഴിക്കോട് ആസ്റ്റര്‍ മിംസിലായിരുന്നു.

ഒട്ടും കേള്‍വി ഇല്ലാത്തവര്‍ക്ക് പോലും കേള്‍വി ശക്തി വീണ്ടെടുക്കാന്‍ കഴിയുന്ന ചികിത്സയാണത്. ചിലവേറിയ മെഷീനുകളും മറ്റും ഉപയോഗിക്കുന്നതിനാല്‍ രോഗികളെ സംബന്ധിച്ചിടത്തോളം ചികിത്സ ചിലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. അന്ന്  അദ്ദേഹം നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിനാല്‍ നിരവധി പേര്‍ക്ക് ചികിത്സ സൗജന്യം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ  അദ്ദേഹത്തിന്റെ ആവശ്യപ്രകാരം നിരവധി പേരാണ് നിര്‍ധന രോഗികള്‍ക്ക് വേണ്ടി ചികിത്സാ സഹായം നല്‍കിയത്. പിന്നീട് സര്‍ക്കാര്‍ പദ്ധതിയില്‍ പെടുത്തി നിരവധി കുട്ടികള്‍ക്ക് കേള്‍വി ശക്തി  നല്‍കാന്‍ അദ്ദേഹം നടത്തിയത് വലിയ ഇടപെടലുകളായിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. 2015 ആയി.  അന്നൊരിക്കല്‍  മകള്‍ അച്ചു ഉമ്മനെയും കുടുംബത്തെയും കാണാനായി അദ്ദേഹം ദുബായിലെത്തി. ഭാര്യ മറിയാമ്മയും മറ്റു കുടുംബാംഗങ്ങളും ഒപ്പമുണ്ട്. അച്ചുവിന്റെ മകളുടെ അതായത് ഉമ്മന്‍ ചാണ്ടി സാറിന്റെ പേരകുട്ടിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു.

 മകളുടെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ അച്ചുവുമായും അടുത്ത ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ   ചെറിയൊരു വജ്രാഭരണം ഞാന്‍ സമ്മാനമായി കരുതിയിരുന്നു.പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ ഞാന്‍ അടുത്തദിവസം രാവിലെ  ഉറക്കത്തില്‍ നിന്ന് എണീറ്റത് അച്ചുവിന്റെ  ഫോണ്‍ വിളി കേട്ടാണ്. എന്താ മോളെ എന്ന് ചോദിച്ചപ്പോള്‍ അപ്പുറത്തു നിന്നുള്ള വിതുമ്പലായിരുന്നു ആദ്യ മറുപടി. തെല്ലൊരു അമ്പരപ്പോടെ ഞാന്‍ ഞെട്ടിപ്പിടിച്ച് എഴുന്നേറ്റപ്പോഴേക്കും അവള്‍ പറഞ്ഞു. 'അങ്കിള്‍, നിങ്ങള്‍ പോയ ശേഷമാണ് ആ ബോക്‌സ്  ഞാന്‍ തുറന്നു നോക്കിയതും അതിനുള്ളിലെ സമ്മാനം കണ്ടതും. ഇത് കണ്ടാല്‍ അപ്പ എന്നെ കൊല്ലും. ആരില്‍ നിന്നും ഒരു സൗജന്യം സ്വീകരിക്കരുതെന്നാണ് അദ്ദേഹം പഠിപ്പിച്ചിട്ടുള്ളത്. ദയവുചെയ്ത് ഇത് തിരിച്ചെടുക്കാമോ?'ആ സമയം ഉമ്മന്‍ ചാണ്ടിയെന്ന ആ പിതാവിനോട് അത്ഭുതത്തേക്കാളേറെ അഭിമാനമായിരുന്നു എനിക്ക് തോന്നിയത്.

താന്‍ എങ്ങനെയാണോ  അതുപോലെ തന്നെയാവണം തന്റെ മക്കളും എന്ന് ചിന്തിച്ച, അന്യായമായി  ഒരു രൂപ പോലും ആരില്‍ നിന്നും സ്വീകരിക്കരുത് എന്ന് പഠിപ്പിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി.എത്രമാത്രം ജനകീയനായിരുന്നു അദ്ദേഹം എന്നത് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇന്നലെ മുതല്‍ ലോകത്ത് മലയാളികള്‍ ഉള്ള എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നതും അതുതന്നെയാണ്.  ജനങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ച അപൂര്‍വം ചില ജനനേതാക്കളില്‍ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കുകയും സര്‍വ്വശക്തന്‍ സ്വര്‍ഗത്തില്‍ ഏറ്റവും നല്ല സ്ഥാനം തന്നെ നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്നും ഡോ.ആസാദ് മൂപ്പന്‍ തന്റെ അനുസ്മരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.


 

Top