Society Today
Breaking News

തിരുവനന്തപുരം: കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അന്തിമ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സും (കെഎഎല്‍)  മുബൈ കേന്ദ്രമായ ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രസ് ലിമിറ്റഡും ഒപ്പുവെച്ചു. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം 6 മുതല്‍ 8 മാസത്തിനകം ആരംഭിക്കുമെന്ന് ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.  ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും മുച്ചക്ര യാത്രാ കാരിയര്‍ വാഹനങ്ങളുമാണ് ലോര്‍ഡ്‌സ് മാര്‍ക്കിന്റെ സഹായത്തോടെ ഇവിടെ നിര്‍മിക്കുക. ഇരു സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഈ സംയുക്ത സംരംഭം ഇന്ത്യയിലേയും വിദേശ നാടുകളിലേയും ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ മാറ്റം സൃഷ്ടിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

കണ്ണൂര്‍, കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന ഇരുചക്ര. മുച്ചക്ര വാഹനങ്ങള്‍ രാജ്യമെമ്പാടും വിതരണം ചെയ്യുന്നതിനൊപ്പം സുപ്രധാന വിദേശ വിപണികളിലും ലഭ്യമാക്കും. സംയുക്ത സംരഭത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ഇവര്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കത്തില്‍  സര്‍ക്കാര്‍ സബ്‌സിഡിയും ആലോചനയിലുണ്ട്.  കേരളാ ഓട്ടോമൊബൈല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ലോര്‍ഡ്‌സ്മാര്‍ക് ഇന്‍ഡസ്ട്രീസും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജ്യത്തിന്  കൂടുതല്‍ പ്രകൃതി സൗഹൃദ ഭാവി ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണെന്നും മന്ത്രി വിലയിരുത്തി.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവീന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന െ്രെടടണ്‍ ഇലക്ട്രിക് സൈക്കിള്‍ അടുത്ത ഒക്ടോബര്‍ 2 ന് തിരുവനന്തപുരത്തെ കെഎഎല്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കെഎഎല്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി പുല്ലുവിള പറഞ്ഞു. ഉയര്‍ നിലവാരത്തിലുള്ള സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന െ്രെടടണ്‍ സൈക്കിളുകള്‍ക്ക് കൂടുതല്‍ ഭാരം വഹിക്കാന്‍ കെല്‍പ്പുണ്ട്.  ശക്തമായ 12 ആംപിയര്‍ ബാറ്ററി 7080 കിലോമീറ്റര്‍ നല്‍കും.

250 വാട്‌സിന്റെ ഹബ്ബ് മോട്ടോറാണ് ഉപയോഗിക്കുന്നത്. ഇരു കമ്പനികളുടേയും വൈദഗ്ധ്യത്തിന്റെ മികച്ച ഉല്‍പന്നമായ െ്രെടടണ്‍ ഇലക്ട്രിക് സൈക്കിള്‍ പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് വിപല്‍വകരമായ മാറ്റം സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ലോര്‍ഡ്‌സ് മാര്‍ക്കിനെപ്പോലെ മികവുറ്റ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കുന്നതിലൂടെ ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത്  കുതിപ്പുണ്ടാക്കാന്‍ കഴിയുമെന്നും ഹരിത ഗതാഗത രംഗത്ത് സംസ്ഥാനത്തിന് മുന്‍നിരയിലെത്താന്‍ സാധിക്കുമെന്നും  സ്റ്റാന്‍ലി പുല്ലുവിള പറഞ്ഞു.  ഇലക്ട്രിക് വാഹന രംഗത്തെ  കമ്പനിയുടെ വൈദഗ്ധ്യവും വാഹന നിര്‍മ്മാണ രംഗത്തെ കെഎഎല്ലിന്റെ പ്രാഗത്ഭ്യവും ചേര്‍ന്ന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ നഗരഗതാഗതത്തിന് പുതുരൂപം നല്‍കുകയും കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുകയും ചെയ്യുമെന്ന്  ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് സ്ഥാപകനും എംഡിയുമായ സച്ചിദാനന്ദ് ഉപാധ്യായ് പറഞ്ഞു.

 ഇലക്ട്രിക് വാഹന വിപണിയില്‍ സമീപ കാലത്ത് വന്‍ കുതിപ്പാണുണ്ടായിട്ടുള്ളത്. 2018 മുതല്‍ 2023 വരെ ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ  വില്‍പനയില്‍ 40 ഇരട്ടി വര്‍ധനയുണ്ടായി. ഈ അനുകൂല സാഹചര്യം ഗുണപരമായി പ്രയോജനപ്പെടുത്താനാണ്  ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് ,കെഎഎല്‍ സംയുക്ത സംരംഭം ശ്രമിക്കുന്നത്.കെഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശശീന്ദ്രന്‍, കെഎഎല്‍  ലോര്‍ഡ്‌സ് മാര്‍ക് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ.സുനില്‍ വാമന്‍ കൊര്‍ഗാവൊങ്കര്‍,  ടെക്‌നിക്കല്‍ ഡയറക്ടര്‍ വിദിത് തിവാരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Top