Society Today
Breaking News

കൊച്ചി: കൊച്ചിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുതകുന്ന രണ്ട് പദ്ധതികള്‍ക്ക് സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് പണമനുവദിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന്റെ പുനരുദ്ധാരണത്തിന് 12 കോടി രൂപയും, മഹാരാജാസ് കോളേജിലെ ഹോക്കി ടര്‍ഫ് പുനരുദ്ധാരണത്തിന് 6.3 കോടി രൂപയുമാണ് തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം അനുവദിച്ചതെന്ന് കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു.ബസ് സ്റ്റാന്റ് നവീകരണ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയില്‍ കാരിക്കാമുറിയിലെ സ്ഥലത്തെ നിലവില്‍ വെള്ളക്കെട്ട് ഇല്ലാത്ത ഉയര്‍ന്ന പ്രദേശം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് കൈമാറും. ഈ സ്ഥലത്ത് 12 കോടി രൂപ മുടക്കി ബസ് ഷെല്‍ട്ടര്‍, ടോയ്‌ലറ്റ് കോംപ്ലക്‌സ് തുടങ്ങിയവ നിര്‍മ്മിക്കും.  കെ.എസ്.ആര്‍.ടി.സി ബസ്സിന് പുറമെ സ്വകാര്യ ബസ്സുകള്‍ക്കും ഇവിടെ പ്രവേശനമനുവദിക്കും.

സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, മെട്രോ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയുന്ന സ്ഥലത്താണ് ഈ സ്റ്റാന്റ് വിഭാവനം ചെയ്തിട്ടുള്ളത്.മേയറുടെ അദ്ധ്യക്ഷതയില്‍ എം.പി ഹൈബി ഈഡന്‍, എറണാകുളം എം.എല്‍.എ  ടി.ജെ.വിനോദ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് സ്മാര്‍ട്ടി സിറ്റി സി.ഇ.ഒ. ഷാജി വി. നായര്‍ ഐ.എ.എസ്. എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവരുമായി സ്റ്റാന്റ് നവീരണം ചര്‍ച്ച ചെയ്തു. യോഗത്തില്‍ അംഗീകരിച്ച മാര്‍ഗ്ഗരേഖ പ്രകാരമാണ് 12 കോടി രൂപ പദ്ധതിക്കായി അനുവദിച്ചത്. പദ്ധതിയുടെ വിശദമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡി.പി.ആര്‍. ലഭിക്കുന്നത് വരെ പകുതി പണം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് കൈമാറും.  ഈ സൊസൈറ്റിയായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തുക. കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്ന എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് നവീകരണത്തിന് നേരത്തെ തന്നെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നവെങ്കിലും പണം അനുവദിച്ച തീരുമാനമുണ്ടായത് ഇന്നലത്തെ ബോര്‍ഡ് മീറ്റിംഗിലാണ്.എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ ഹോക്കി ടര്‍ഫ് ഉപയോഗ ശൂന്യമാണെന്ന പരാതി കായികതാരങ്ങളുടെ ഭാഗത്ത് നിന്നും ദീര്‍ഘ കാലമായി ഉന്നയിക്കപ്പെടുന്നുണ്ടായിരുന്നു.

സ്‌പോര്‍ട്ട്‌സ് വകുപ്പ് മന്ത്രിക്കും, മേയര്‍ക്കും, എം.പിക്കും, എം.എല്‍.എ.ക്കും നിവേദനങ്ങളും ലഭിച്ചിരുന്നു. ഈ വിഷയവും ഇന്നത്തെ ബോര്‍ഡ് യോഗം പരിഗണിച്ച് 6.3 കോടി രൂപ അനുവദിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു  സംസ്ഥാന സ്‌പോര്‍ട്ട്‌സ് വകുപ്പിന് കീഴിലുളള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് തുക കൈമാറുവാനാണ് തീരുമാനം. ഇവര്‍ക്കായിരിക്കും ഹോക്കി ടര്‍ഫിന്റെ നിര്‍മ്മാണ ചുമതല. ഡി.പി.ആര്‍. പ്രകാരമുളള 6.3 കോടി രൂപയുടെ പാതി തുക ആദ്യ ഘട്ടത്തില്‍ തന്നെ കൈമാറും.കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍ക്കാണ്  സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗത്തില്‍ അനുമതിയായത്. പുതിയതായി ചുമതലയേറ്റെടുത്ത ചീഫ് സെക്രട്ടറി ഡോ.വി. വേണു, ഐ.എ.എസ്. കൊച്ചിയിലെ പദ്ധതികള്‍ നടപ്പാക്കുക എന്ന പ്രത്യേക താത്പര്യത്തോടെയാണ് ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തത്. നഗരത്തിലെ ഏറെ കാലത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ മുന്നേറാന്‍ കൊച്ചിക്ക് കഴിയും.


 

Top