11-August-2023 -
By. Business Desk
തൃശൂര്‍ : മണപ്പുറം ഫിനാന്‍സ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ി 498 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 281.9 കോടി രൂപയില്‍ നിന്ന് 76.7 ശതമാനം വര്‍ധനയോടെ എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണിതെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു. 2023 മാര്‍ച്ചില്‍ അവസാനിച്ച തൊട്ടുമുമ്പത്തെ പാദത്തിലെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. മണപ്പുറം ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി മൂല്യം 20.6 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 37,086.3 കോടി രൂപയിലെത്തി. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 4.6 ശതമാനമാണ് വര്‍ധന. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 380.9 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന വരുമാനം 34.9 ശതമാനം വര്‍ധിച്ച് 2026.3 കോടി രൂപയിലുമെത്തി. കമ്പനിയുടെ സ്വര്‍ണവായ്പാ പോര്‍ട്ട്‌ഫോളിയോ കഴിഞ്ഞ വര്‍ഷം ആദ്യപാദത്തെയപേക്ഷിച്ചു 0.6 ശതമാനം വര്‍ധിച്ച് 20,603 കോടി രൂപയായി.
2023 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 24 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്. ലാഭക്ഷമതയിലും ആസ്തി മൂല്യത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. സ്വര്‍ണ ഇതര ബിസിനസില്‍, പ്രത്യേകിച്ച് മൈക്രോ ഫിനാന്‍സ് വിഭാഗത്തില്‍ സ്ഥിരതയുള്ള പുരോഗതി കൈവരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വി. പി. നന്ദകുമാര്‍ പറഞ്ഞു. മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് ആസ്തി മൂല്യത്തില്‍ 44.6 ശതമാനം വളര്‍ച്ചയോടെ 10,140.6 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 7,012.5 കോടി രൂപയായിരുന്നു. ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വര്‍ധന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.5 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,202.6 കോടി രൂപയിലെത്തി. വാഹനഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 59.8 ശതമാനം വര്‍ധിച്ച് 2,804.9 കോടി രൂപയിലുമെത്തി.
കമ്പനിയുടെ സംയോജിത ആസ്തിയുടെ 44 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 8.3 ശതമാനമായി. മുന്‍വര്‍ഷം 7.5 ശതമാനമായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി 1.4 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.2 ശതമാനവുമാണ്. 2023 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 10,078.7 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 119.1 രൂപയും മൂലധന പര്യാപ്തതാ അനുപാതം 30.5 ശതമാനവുമാണ്. 61 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്‌സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 28,533.4 കോടി രൂപയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നും വി. പി. നന്ദകുമാര്‍ പറഞ്ഞു.