22-August-2023 -
By. sports desk
തിരുവനന്തപുരം: ഡിഎല്‍ടി ലെഡ്ജേര്സ് കോവളം മാരത്തോണ്‍ സെപ്റ്റംബര്‍ 24 ന് നടക്കും. സന്നദ്ധ സംഘടനയായ യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതകള്‍ വിളിച്ചോതുന്ന മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. കോവളം ഗ്രോവ് ബീച്ചില്‍ നിന്ന് ആരംഭിക്കുന്ന മാരത്തോണ്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന കേരളത്തിലെ തന്നെ അപൂര്‍വ്വം മാരത്തോണുകളില്‍ ഒന്നാണെന്ന് യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്മാന് അനിന്ദ് ബെന്‍ റോയ് പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും മലിനീകരണവും മൂലം ലോകത്തെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയായ കടലിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന സാഹചരമാണ് ഇന്നുളളത്. ഈ വേളയില്‍ സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം തന്നെ തിരക്കുപിടിച്ച ഇക്കാലത്ത് ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെയും കായികക്ഷമത ഉറപ്പുവരുത്തുന്നതിന്റെയും ആവശ്യകത സംബന്ധിച്ച് സമൂഹത്തിന് അവബോധം സൃഷ്ടിക്കുക എന്നതും ലക്ഷ്യമാണ്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാരത്തോണ്‍ എന്ന ആശയത്തിലേക്ക് യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ എത്തിയത്. ഫുള്‍ മാരത്തോണ്‍ (42.2 കി.മീറ്റര്‍), ഹാഫ് മാരത്തോണ്‍ (21.1 കി.മീറ്റര്‍), 10കെ റണ്‍ (10 കി.മീറ്റര്‍), ഫണ്‍ റണ്‍ (അഞ്ച് കി.മീറ്റര്‍), കോര്‍പ്പറേറ്റ് റിലേ (അഞ്ച് കി.മീറ്റര്‍) എന്നീ ഇനങ്ങളില്‍ നടക്കുന്ന മാരത്തോണില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാനാകും.യങ്ങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ നടത്തുന്ന പരിപാടി എന്ന നിലയിലാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്ത കടല്‍ത്തീരമായ കോവളത്തെ മാരത്തോണിനായി തിരഞ്ഞെടുത്തത്. തലസ്ഥാന നഗരിയില്‍ നടക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ ഫുള്‍ മാരത്തോണ്‍ എന്ന പ്രത്യേകതയും കോവളം മാരത്തോണിനുണ്ട്.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മാരത്തോണില്‍ പങ്കെടുക്കാനാകൂ.
കുടിവെള്ളവും ഇലക്ട്രോലൈറ്റുകളും ലഘു ഭക്ഷണവും അടക്കമുള്ള ഹൈഡ്രേഷന് സപ്പോര്‍ട്ടും ടീ ഷര്‍ട്ടും മാരത്തോണില്‍ പങ്കെടുത്തതിനുള്ള മെഡലും നല്‍കും. ഫുള്‍, ഹാഫ് മാരത്തോണ്‍, 10കെ റണ്‍ എന്നിവയില്‍ പല ഇനങ്ങളിലായി 18 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്കും പങ്കെടുക്കാനാകും. അതേസമയം അഞ്ച് കിലോമീറ്റര്‍ വിഭാഗത്തില്‍ 10 വയസിന് മുകളിലുള്ളവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്. ഫുള്‍, ഹാഫ്, 10കെ മാരത്തോണുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫിനിഷ് ചെയ്ത സമയം കൃത്യമായി ലഭിക്കുന്നതിന് ആര്. എഫ്.ഐ.ഡി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പ് അടങ്ങിയ ബിബുകള്‍ നല്‍കും.മാരത്തോണിലൂടെ സ്വരൂപിക്കുന്ന പണം സമുദ്ര സംരക്ഷണത്തിന് വേണ്ടി ചിലവഴിക്കാനാണ് ലക്ഷമിടുന്നതെന്നും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ 10ന് മുന്‍പായി https://kovalammarathon.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ വ്യക്തമാക്കി.
ഡിഎല്‍ടി ലെഡ്ജേര്സിനെ കൂടാതെ, ആക്സിയ ടെക്നോളജീസ്, പ്യൂര്‍ ഹാര്‍ട്ട്, വാസുദേവ വിലാസം തുടങ്ങിയ ബ്രാന്റുകളും മാരത്തോണിന്റെ സ്പോണ്‍സര്‍ഷിപ് പങ്കാളികളാണ്.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്മാന് അനിന്ദ് ബെന്‍ റോയ്, കോ ചെയര്മാന് സാജന് എസ് നന്ദന്, മുന്‍ ചെയര്മാന് ഡോ. അരുണ്‍ സുരേന്ദ്രന്, കാലാവസ്ഥാ വിഭാഗം അധ്യക്ഷന്‍ ടെറന്‍സ് അലക്സ്, കോവളം മാരത്തോണ്‍ 2023 കോ കണ്‍വീനര്‍ ഷിനോമോള്‍ പാലത്താനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.