24-August-2023 -
By. news desk
കൊച്ചി : വിദ്യാര്‍ത്ഥികളില്‍ 98 ശതമാനം പേരും പഠനത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായം തേടുന്നതായി സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച്(സിപിപിആര്‍) പഠനത്തില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ 400ല്‍ അധികം അപ്പര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 407 വിദ്യാര്‍ത്ഥികള്‍, 52 അധ്യാപകര്‍, 47 രക്ഷിതാക്കള്‍ എന്നിവരിലാണ് സര്‍വെ നടത്തിയത്. 97.79 ശതമാനം വിദ്യാര്‍ത്ഥികളും ഡിജിറ്റല്‍ പഠന വിദ്യകളുടെ സഹായം ഉപയോഗിക്കുന്നുണ്ടെന്ന് സര്‍വെയില്‍ നിന്ന് കണ്ടെത്തി. ടിവി, വാട്ട്സ്ആപ്പ്, യൂട്യൂബ്, ഇലേണിംഗ് ആപ്പുകള്‍, വിദ്യാഭ്യാസ ചാനലുകള്‍ തുടങ്ങിയവയാണ് ഡിജിറ്റല്‍ പഠന ഉപകരണങ്ങളായി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്. എറണാകുളം ജില്ലയിലെ എയ്ഡഡ്, സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലുമാണ് പഠനം നടത്തിയത്. 98.07 ശതമാനം അധ്യാപകരും വിദ്യാര്‍ത്ഥികളെ ഡിജിറ്റല്‍ പഠന ഉപകരണങ്ങളുടെ ഉപയോഗത്തിനായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 59.71 ശതമാനം വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി ഡിജിറ്റല്‍ പഠന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത്. ബൈജൂസ്, സൈലം, എക്സാം വിന്നര്‍ തുടങ്ങിയ സ്വകാര്യ ഡിജിറ്റല്‍ ലേണിംഗ് ആപ്പുകളാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപയോഗിക്കുന്നത്.
പ്രാഥമികമായി സമഗ്ര ഇറിസോഴ്സ് പോര്‍ട്ടല്‍ പോലുള്ള സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ഡിജിറ്റല്‍ ലേണിംഗ് ആപ്പുകളാണ് അധ്യാപകര്‍ പ്രധാനമായും ഇഷ്ടപ്പെടുന്നത്.സ്വകാര്യ പ്ലാറ്റ്ഫോമുകള് ഇഷ്ടപ്പെടുന്ന രക്ഷിതാക്കളില്‍ 63.64% പേര് സൗജന്യ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവര്‍ പണമടച്ചുള്ള പ്ലാറ്റ്ഫോമുകളാണ് തിരഞ്ഞെടുക്കുന്നത്. കുട്ടികള്‍ക്ക് കൂടുതല്‍ വ്യക്തിഗത പിന്തുണയും മികച്ച ഗുണനിലവാരമുള്ള പഠന സാമഗ്രികളും കാലികവും പ്രസക്തവുമായ ഡിജിറ്റല്‍ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിനാലാണ് ചില രക്ഷിതാക്കള്‍ പ്രാഥമികമായി പണമടച്ചുള്ള പ്ലാറ്റ്ഫോമുകള് തെരഞ്ഞെടുക്കുന്നതെന്ന് സര്‍വ്വേയില്‍ പറയുന്നു.വീട്ടില്‍ രണ്ടില്‍ കൂടുതല്‍ ഡിജിറ്റല്‍ ഉപകരണങ്ങളുള്ള വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ലേണിംഗ് ആപ്ലിക്കേഷനുകളുടെ ദൈനംദിന ഉപയോഗ നിരക്ക് 46.15% ആണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ഒന്നോ രണ്ടോ ഡിജിറ്റല്‍ ഉപകരണങ്ങളുള്ള വിദ്യാര്‍ത്ഥികളില്‍ 22.39% മാത്രമാണ് ദൈനംദിന ഉപയോഗ നിരക്ക്. സര്‍വേ നടത്തിയവരില്‍ ഏകദേശം 39.56% വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ ലേണിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നില്ല.
ഈ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ഇന്റര്‍നെറ്റ് കണക്ഷന്റെയും പരിമിതമായ ലഭ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടുന്നവരാണ്. 60.2% വിദ്യാര്‍ത്ഥികളും ടിവിയില്‍ വിദ്യാഭ്യാസ ചാനലുകള്‍ കാണുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 83.05% വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി യൂട്യൂബ് കാണുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ലേണിംഗ് ആപ്പുകള്‍, വിദ്യാഭ്യാസ ടിവി ചാനലുകള്‍ അല്ലെങ്കില്‍ വാട്ട്സ്ആപ്പ് പോലുള്ള മറ്റ് അനുബന്ധ ആപ്പുകള്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോം യൂട്യൂബാണ്.ദിവസേന ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) ഉപകരണങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും (65.63%) ക്ലാസില്‍ പഠിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ച് നന്നായി മനസ്സിലാകുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്. എഡ്ടെക്കിന്റെ സഹായത്തോടെ സ്കൂളിന് ശേഷമുള്ള പഠന പിന്തുണ വര്‍ദ്ധിച്ചതായി 92.31% അധ്യാപകരും അവകാശപ്പെടുന്നുണ്ട്. കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി മെച്ചപ്പെട്ട ആശയവിനിമയം നടത്താനായതായി 84.62% അധ്യാപകരും അവകാശപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത 57.47% വിദ്യാര്‍ത്ഥികളും തങ്ങളുടെ സ്കൂളുകളില്‍ നിന്ന് ഐസിടി പരിശീലനം ലഭിക്കുന്നതായി പറയുന്നുണ്ട്.98.08% അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്കൂളുകളില്‍ നിന്ന് ഐ.സി.ടി പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തുന്നുണ്ട്.