31-August-2023 -
By. news desk
കൊച്ചി: തീരക്കടലുകളില്‍ മാത്രമായി ചെയ്തുവരുന്ന നിലവിലെ കൂടുമല്‍സ്യകൃഷികള്‍ ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല. ഇതിനായി അനുയോജ്യമായി രൂപകല്‍പലന ചെയ്ത വലിയ കൂടുകള്‍ ആവശ്യമാണ്. നിലവിലെ 6 മീറ്റര്‍ വ്യാസമുള്ള കൂടുകള്‍ക്ക് പകരം 30 മീറ്ററോ അതില്‍ കൂടുതലോ വ്യാസമുള്ള കൂടുകളാണ് വേണ്ടത്. ലക്ഷക്കണക്കിന് മീന്‍കുഞ്ഞുങ്ങളെ ഒരു കൂടില്‍തന്നെ ആഴക്കടലില്‍ കൃഷിചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വിഴിഞ്ഞം പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. ഇത്തരം മത്സ്യക്കൂടുകള്‍ നിര്‍മിക്കുന്നതിനും ആഴക്കടല്‍ കൂടുകൃഷിരീതി വികസിപ്പിക്കുന്നതിനുമുള്ള ചുമതല സിഎംഎഫ്ആര്‍ഐ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ പൊതുസ്വകാര്യപങ്കാളിത്ത (പിപിപി) മാതൃകയില്‍ മത്സ്യങ്ങളുടെ വിത്തുല്‍പാദനം വന്‍തോതില്‍ വികസിപ്പിക്കണം. കൂടുമത്സ്യകൃഷി ഉള്‍പ്പെടെയുള്ള സമുദ്രകൃഷി സുസ്ഥിരമായ രീതിയില്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മാരികള്‍ചര്‍ ലീസിംഗ് പോളിസിക്ക് ഉടനെ രൂപം നല്‍കും. കടലില്‍ മുത്തുചിപ്പിയുടെ (പേള്‍ ഓയിസ്റ്റര്‍) ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഹാച്ചറി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണം. മുത്തുചിപ്പിയുടെ ഉല്‍പാദനത്തില്‍ ഒരുകാലത്ത് പ്രശസ്തമായിരുന്ന തൂത്തുകുടിതീരങ്ങളില്‍ ഹാച്ചറികളില്‍ വികസിപ്പിച്ച ഇവയുടെ വിത്തുകള്‍ നിക്ഷേപിക്കാനും (സീറാഞ്ചിംഗ്) സിഎംഎഫ്ആര്‍ഐ മുന്‍കയ്യെടുക്കണം. അനുയോജ്യമായ വിപണന സാധ്യതകള്‍ മനസ്സിലാക്കി സമുദ്രഅലങ്കാര മത്സ്യമേഖല കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.സാഗര്‍പരിക്രമയുടെ എട്ടാമത് ഘട്ടം കന്യാകുമാരിയില്‍ തുടക്കംകുറിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര മന്ത്രിയും സംഘവും സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയത്. കേന്ദ്ര സഹമന്ത്രിമാരായ ഡോ എല്‍ മുരുഗന്‍, വി മുരളീധരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.