Society Today
Breaking News

കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെയും കാസര്‍ഗോഡ് ഐസിഎആര്‍-സിപിസിആര്‍ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ 25ാമത് ലോക നാളികേര ദിനാഘോഷം സെപ്റ്റംബര്‍ 2ന് കാസര്‍ഗോഡ് സിപിസിആര്‍ഐയുടെ പിജെ ഹാളില്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കുമാരി. ശോഭ കരന്ദ്‌ലാജെ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് എംപി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അധ്യക്ഷത വഹിക്കും.കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പുരോഗമന കര്‍ഷകരും സംരംഭകരും ഉത്പാദകരും ഗവേഷകരും പരിപാടിയില്‍ പങ്കെടുക്കും. ഐസിഎആര്‍, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. 2023 ലെ ലോക നാളികേര ദിനത്തിന്റെ പ്രമേയം 'വര്‍ത്തമാന - ഭാവി തലമുറയ്ക്കായി നാളികേര മേഖലയെ സുസ്ഥിരമാക്കുക' എന്നതാണ്. സംസ്ഥാന കൃഷി/ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകള്‍, സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെ രാജ്യത്തുടനീളമുള്ള നാളികേര വികസന ബോര്‍ഡിന്റെ എല്ലാ പ്രാദേശിക ഓഫീസുകളിലും സംസ്ഥാന കേന്ദ്രങ്ങളിലും വിത്തുല്‍പ്പാദന പ്രദര്‍ശന തോട്ടങ്ങളിലും ലോക നാളികേര ദിനം ആഘോഷിക്കും.

അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ (ഐസിസി) സ്ഥാപക ദിനമായ സെപ്റ്റംബര്‍ 2, ഏഷ്യ പസഫിക് മേഖലയിലെ എല്ലാ നാളികേര ഉല്‍പാദക രാജ്യങ്ങളും വര്‍ഷം തോറും ലോക നാളികേര ദിനമായി ആചരിക്കുന്നു. ഇന്ത്യ ഐസിസിയുടെ സ്ഥാപക അംഗമാണ്. നാളികേരവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുവഴി ഐസിസി അംഗരാജ്യങ്ങളിലെ ചെറുകിട കര്‍ഷകരെയും നാളികേര വ്യവസായങ്ങളെയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം.കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നാളികേര മേഖലയിലെ കര്‍ഷക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നാളികേര കര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി മികച്ച ലാഭത്തോടെ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ്സ്് മീറ്റും കാസര്‍ഗോഡ് നടക്കും. സാങ്കേതിക സെഷനുകളും, കര്‍ഷക കൂട്ടായ്മകള്‍ നിര്‍ദ്ദേശിക്കുന്ന നാളികേര ബിസിനസ്സ് പ്ലാനുകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടായിരിക്കും. 25ലധികം സംരംഭകരുടെ  സാങ്കേതികവിദ്യകളുടേയും ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

Top