Society Today
Breaking News

കൊച്ചി: പ്രായം 63 പിന്നിട്ടെങ്കിലും ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ മാത്രമല്ല മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ മിസ്റ്റര്‍ വേള്‍ഡ് എന്ന ലോക ചാംപ്യന്‍ പട്ടം കരസ്ഥമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് എറണാകുളം കാലടി കൊറ്റമം ഞാളിയന്‍ ജോസഫിന്റെ മകനായ ഡോ.പീറ്റര്‍ ജോസഫ്. തന്നെ സംബന്ധിച്ചിടത്തോളം പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് അടുത്തിടെ കാഠ്മണ്ഡുവില്‍ നടന്ന മിസ്റ്റര്‍ ഏഷ്യാ മല്‍സരത്തില്‍ മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ ഇന്ത്യയ്ക്കു വേണ്ടി  സ്വര്‍ണ്ണമെഡല്‍ നേടി പീറ്റര്‍ ജോസഫ് തെളിയിച്ചു . ബോഡി ബില്‍ഡിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്  മല്‍സരങ്ങളില്‍ പീറ്റര്‍ ജോസഫിന്റെ ഷെല്‍ഫില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മെഡല്‍ ശേഖരങ്ങളും പുരസ്‌ക്കാരങ്ങളും ചൂണ്ടിക്കാണിക്കുന്നതും അദ്ദേഹത്തിന്റെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവുമാണ്.

2019 ല്‍ മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ അമേരിക്കയില്‍ നടന്ന വെയ്റ്റ് ലിഫ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ലോക ചാംപ്യന്‍ ആയിരുന്നു പീറ്റര്‍ ജോസഫ്.ഇനി ബോഡിബില്‍ഡിംഗില്‍ ലോക ചാംപ്യന്‍ പട്ടമാണ് പീറ്റര്‍ ജോസഫിന്റെ ലക്ഷ്യം. ഇതിലേക്കുള്ള പ്രയാണത്തില്‍ അടുത്തിട കാഠ്മണ്ഡുവില്‍ നടന്ന  മിസ്റ്റര്‍ ഏഷ്യാ മല്‍സരത്തില്‍ മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ ഇന്ത്യയ്ക്കു വേണ്ടി ഗോദയിലിറങ്ങിയ പീറ്റര്‍ ജോസഫ് സ്വര്‍ണമെഡല്‍ നേടി തന്റെ മെഡല്‍ ശേഖരത്തിന്റെ സ്വര്‍ണ്ണത്തിളക്കം വീണ്ടും വര്‍ധിപ്പിച്ചു. ഒപ്പം മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ മിസ്റ്റര്‍ ഏഷ്യ പട്ടം നേടുന്ന ആദ്യ ഇന്ത്യാക്കാരന്‍ എന്ന ബഹുമതിയും സ്വന്തമാക്കി.

ചെറുപ്പം മുതലേ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ താല്‍പ്പര്യപ്പെട്ടിരുന്ന പീറ്റര്‍ ജോസഫ് 16-ാം വയസുമുതലാണ് ജിമ്മില്‍ വര്‍ക്കൗട്ട് തുടങ്ങിയത്. കാലടി ശ്രീശങ്കര കോളജ്, ആലുവ യുസി കോളജ് എന്നിവടങ്ങളിലെ പഠനകാലത്ത് ബോഡിബില്‍ഡിംഗിലും വെയ്റ്റ് ലിഫ്റ്റിംഗിലും  കേരള യൂണിവേഴ്‌സിറ്റി ചാംപ്യനായിരുന്നു.  21-ാം വയസില്‍ വെയ്റ്റ്‌ലിഫ്റ്റില്‍ ദേശീയ ചാംപ്യന്‍ പട്ടവും കരസ്ഥമാക്കി. തുടര്‍ന്ന് നിരവധി മല്‍സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേട്ടം കൈവരിച്ച പീറ്റര്‍ ജോസഫ് പ്രായം ഏറിയെങ്കിലും ബോഡിബില്‍ഗിനോടും വെയ്റ്റ് ലിഫ്റ്റിനോടുമുള്ള പ്രണയം ഉപേക്ഷിച്ചില്ല. നാലു തവണ മിസ്റ്റര്‍ ഇന്ത്യയായും രണ്ടു തവണ മിസ്റ്റര്‍ ഇന്ത്യന്‍ റെയില്‍വേ എന്ന നേട്ടവും സ്വന്തമാക്കി. ചിട്ടയായ വ്യായാമവും അര്‍പ്പണ മനോഭാവവും പ്രാണവായുപോലെ കൊണ്ടു നടന്ന പീറ്റര്‍ ജോസഫ് 2019 ല്‍ മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ അമേരിക്കയില്‍ നടന്ന വെയ്റ്റ് ലിഫ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാംപ്യന്‍ പട്ടം കരസ്ഥമാക്കിക്കൊണ്ട് തന്റെ കൈക്കരുത്ത് വീണ്ടും തെളിയിച്ചു. പിന്നാലെ 2021 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന മാസ്റ്റേഴ്‌സ് കോമണ്‍വെല്‍ത്ത് ഗെയിംസിലും വെയ്റ്റ് ലിഫ്റ്റില്‍  ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടി.

കൊവിഡിനെത്തുടര്‍ന്ന് ലോകം മുഴുവന്‍ ലോക് ഡൗണിലായ സമയത്ത് മാത്രമാണ് പീറ്റര്‍ ജോസഫിന്റ ജിമ്മില്‍ വര്‍ക്കൗട്ട് മുടങ്ങിയത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വര്‍ധിത വീര്യത്തോടെ നടത്തിയ പരീശീലനത്തിന്റെ പ്രതിഫലമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി നേടിയ മിസ്റ്റര്‍ ഏഷ്യാ മല്‍സരത്തിലെ സുവര്‍ണ്ണ നേട്ടം. അടുത്ത നവംബറില്‍ കൊറിയയില്‍ നടക്കുന്ന ലോക ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ വേള്‍ഡ് ചാംപ്യന്‍ പട്ടം സ്വന്തമാക്കാനുള്ള യാത്രയുടെ ഇന്ധനമാണ് മിസ്റ്റര്‍ ഏഷ്യാ പട്ടമെന്നാണ് പീറ്റര്‍ ജോസഫ് പറയുന്നത്.നേരത്തെ രണ്ടു തവണ ലോക ചാംപ്യന്‍ പട്ടത്തിനായി മല്‍സരിച്ചിരുന്നുവെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആ മൂന്നാം സ്ഥാനം ഇത്തവണ സ്വര്‍ണ്ണ നേട്ടമായി മാറ്റാനുള്ള കഠിന പ്രയത്‌നത്തിലാണ് പീറ്റര്‍ ജോസഫ്.മേരിയാണ് പീറ്റര്‍ ജോസഫിന്റെ മാതാവ്. നൈപുണ്യ സ്‌കൂളിലെ അധ്യാപികയായ ബിസയാണ് ഭാര്യ.മക്കള്‍:മരിയ(ന്യൂസിലന്റ്),എല്‍സ (വിദ്യാര്‍ഥിനി,ന്യൂസിലന്റ്),ലിയാന്‍(വിദ്യാര്‍ഥി,ജര്‍മ്മനി)

Top