Society Today
Breaking News

കൊച്ചി: ഉപയോഗ്യശൂന്യമായ ടയറുകള്‍ ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ ഗോ ദി ഡിസ്റ്റന്‍സ് (ജി.ടി.ഡി) ഫുട്‌ബോള്‍ പിച്ച് കൊച്ചിയില്‍ ഒരുങ്ങുന്നു. പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളോ ടയേഴ്‌സാണ് കൊച്ചി ചിലവന്നൂരിലെ ഗാമാ ഫുട്‌ബോള്‍ ടര്‍ഫില്‍ പിച്ച് നിര്‍മ്മിക്കുന്നത്. ദേശീയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ ആഷിക് കുരുണിയനും അനസ് എടത്തൊടികയും ചേര്‍ന്ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു.ഉപയോഗ്യ ശൂന്യമായ ടയറുകളെ പുനരുപയോഗിക്കുകയും രാജ്യത്തിന്റെ കായിക മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അപ്പോളോ ടയേഴ്‌സ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സംരംഭമാണ് ഗോ ദി ഡിസ്റ്റന്‍സ് പിച്ചുകള്‍. അപ്പോളോയുടെ ടയറുകളില്‍ നിന്ന് 100 ശതമാനം പുനര്‍നിര്‍മ്മിച്ച റബ്ബര്‍ ഉപയോഗിച്ചാണ് കൃതൃമ പിച്ച് നിര്‍മ്മിക്കുന്നത്.

ക്ലബ് ഫുട്‌ബോള്‍ ലോകത്തെ അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡ്‌സിലെ നോര്‍ത്ത് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു ആദ്യത്തെ ജി.ടി.ഡി പിച്ച് സ്ഥാപിച്ചിരുന്നത്. ഇംഗ്ലണ്ടിന് പുറമേ തായ്‌ലാന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലായി 15 പിച്ചുകളാണ് ഇത് വരെ സ്ഥാപിച്ചിട്ടുള്ളത്. 16മത് പിച്ചാണ് കൊച്ചിയില്‍ നിര്‍മ്മിക്കുന്നത്. ഇതിനായി അപ്പോളോ അധികൃതര്‍ ഗ്രൗണ്ട് ഏറ്റെടുത്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സോക്കര്‍ സ്‌കൂളുമായി ചേര്‍ന്ന് അപ്പോളോ ടയേഴ്‌സ് നടത്തുന്ന യുണൈറ്റഡ് വീ പ്ലേ പദ്ധതി, ഹോട്ട്ഫുട്ടിനൊപ്പം നടത്തുന്ന അക്കാദമിക് പരിപാടികള്‍, കളിക്കാരുടെ നൈപുണ്യ വികസന പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇവിടെയും ലഭ്യമാക്കാനാണ് അധികൃതരുടെ ശ്രമം160 അടി നീളവും 90 അടി വീതിയുമുള്ള പിച്ച് നിര്‍മ്മിക്കാന്‍ 1,500 ഓളം കാര്‍ ടയറുകളാണ് ഉപയോഗിക്കുന്നത്.

ടയറുകളെ പൊടിച്ച് റബര്‍ ക്രംബ് രൂപത്തിലേക്ക് മാറ്റിയാണ് പിച്ച് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 7,500 കിലോഗ്രാം ക്രംബാണ് ഇതിനായി വേണ്ടി വരുന്നത്.കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും  യുവതാരങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് ഹെഡ് വിക്രം ഗാര്‍ഗ പറഞ്ഞു. 1970ല്‍ അപ്പോളോയുടെ ആദ്യ നിര്‍മ്മാണ യൂണിറ്റ് പേരാമ്പ്രയില്‍ സ്ഥാപിതമായത് മുതല്‍ കേരളവുമായി തങ്ങള്‍ക്ക് ദീര്‍ഘമായ വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി റെമൂസ് ഡിക്രൂസും പരിപാടിയില്‍ പങ്കെടുത്തു.

Top