17-September-2023 -
By. news desk
കൊച്ചി: കേരളത്തിന്റെ നേട്ടങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാന്‍ മലയാള മാധ്യമങ്ങള്‍ മുന്നോട്ടു വരണമെന്നു മന്ത്രി പി.രാജീവ്. ഇത്തരം നേട്ടങ്ങള്‍ പലപ്പോഴും ദേശീയ മാധ്യമങ്ങളുടെ ബിസിനസ് പേജില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍, സംസ്ഥാനത്തിന്റെ വന്‍ നേട്ടങ്ങള്‍ പോലും മലയാള മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ ആസ്റ്റര്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച ഫോര്‍ത്ത് എസ്‌റ്റേറ്റ് ലോഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ളതു കേരളത്തിലാണെന്ന വാര്‍ത്ത ഒരു മലയാള മാധ്യമം പോലും പ്രസിദ്ധീകരിച്ചില്ലെന്നു മന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൃത്രിമപ്പല്ലുകള്‍ നിര്‍മിക്കുന്നതു മൂവാറ്റുപുഴയിലാണ്. 'കൊച്ചു കേരളം' എന്ന പദം നാം ഉപയോഗിക്കുന്നതു പതിവാണെങ്കിലും വ്യവസായങ്ങളുടെ കാര്യത്തില്‍ കേരളം അത്ര ചെറുതല്ലെന്നു മാത്രമല്ല, പല കാര്യങ്ങളിലും മുന്നിലാണു താനും.
വ്യവസായങ്ങള്‍ പൂട്ടുന്നതു വന്‍ വാര്‍ത്തയാകുമ്പോള്‍ നൂറു കണക്കിനു വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതു വാര്‍ത്തയേ ആകുന്നില്ല. വ്യവസായ രംഗത്തെ തര്‍ക്കങ്ങളും മറ്റും പൊതു വാര്‍ത്തകളായി മാറുന്നുമുണ്ട്. വ്യവസായ മുന്നേറ്റങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഗതിവേഗം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക ഹൃദയദിനത്തോടനുബന്ധിച്ചു നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി എറണാകുളം പ്രസ് ക്ലബുമായി സഹകരിച്ച് ആസ്റ്റര്‍ നടപ്പാക്കുന്ന ഹൃദയ ചികിത്സാ–ശസ്ത്രക്രിയാ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.പ്രസ് ക്ലബില്‍ ആസ്റ്ററിന്റെ സഹകരണത്തില്‍ നിര്‍മിച്ച് റോട്ടറി കൊച്ചിന്‍ ഫ്രോണ്ടിയേഴ്‌സ് സജ്ജീകരിച്ച സ്ത്രീ സൗഹൃദ മുറിയായ പിങ്ക് റൂമിന്റെ ഉദ്ഘാടനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഹൃദ്രോഗ ചെക്ക് അപ് പാക്കേജിന്റെ പ്രഖ്യാപനവും ഉമ തോമസ് എംഎല്‍എ നിര്‍വഹിച്ചു.
വനിതകള്‍ക്കായി പിങ്ക് റൂം എന്ന ആശയം എറണാകുളം പ്രസ് ക്ലബ് നടപ്പാക്കിയതു മറ്റു പ്രസ് ക്ലബുകള്‍ക്കും മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു. ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ മുഖ്യാതിഥിയായി.പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷ എം.വി.വിനീത, ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു, സെക്രട്ടറി ഷജില്‍ കുമാര്‍, വൈസ് പ്രസിഡന്റ് സീമ മോഹന്‍ലാല്‍, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവര്‍ണര്‍ റോഷ്‌ന ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ് സ്വാഗതവും നിര്‍വാഹക സമിതിയംഗം അഷ്‌റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി സിറ്റി പൊലീസിന്റെ സഹകരണത്തോടെ സ്വയം പ്രതിരോധ പരിശീലന ക്ലാസും നടത്തി.