18-September-2023 -
By. news desk
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് ഷഷ്ട്യബ്ദ പൂര്‍ത്തീ ആഘോഷത്തിന്റെ ഭാഗമായി ആധ്യാത്മീകതയിലൂടെ നവകേരള സൃഷ്ടിയെന്ന ആപ്തവാക്യം മുന്‍നിര്‍ത്തി കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന ഗണേശോല്‍സവം സമാപന ആഘോഷത്തിന് ഇന്ന് (സെപ്തംബര്‍ 19 ) ന് തുടക്കമാകും.23 ന് നടക്കുന്ന മഹാനിമജ്ജന ഘോഷയാത്രയോടെയാണ് ആഘോഷം സമാപിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റും ഗണേശോല്‍സവ സമിതി പ്രസിഡന്റുമായ വിജി തമ്പി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ആര്‍ ദേവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, താലൂക്കുകളിലും കഴിഞ്ഞ ഒരു മാസമായി വിപുലമായ രീതിയില്‍ തന്നെ ഗണേശോല്‍സവം ആഘോഷിക്കുകയാണെന്ന് വിജി തമ്പി പറഞ്ഞു.സമാപനത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളിലായി നിശ്ചയിക്കപ്പെട്ട നൂറു കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപങ്ങളില്‍ ഇന്ന് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടക്കും.
ദീപാരാധനയ്ക്ക് ശേഷം പാവക്കുളം ക്ഷേത്രത്തില്‍ പ്രത്യേക തയ്യാറാക്കിയ മണ്ഡപത്തിലാണ് ആദ്യ ഗണപതി വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്.ഒപ്പം മറ്റു കേന്ദ്രങ്ങളിലും പ്രതിഷ്ഠ നടക്കും.പിറവം,ആലുവ,മൂവാറ്റുപുഴ.പറവൂര്‍,കോതമംഗലം അടക്കം 62 ഓളം സ്ഥലങ്ങളിലും സമാന രീതിയില്‍ ആഘോഷം നടക്കും.തുടര്‍ന്ന് 23 വരെ ഇവിടങ്ങളില്‍ ഗണപതിഹോമം, ഭജന്‍ സന്ധ്യ, ദീപാരാധന, ആദ്ധ്യാത്മിക സമ്മേളനം തുടങ്ങിയവ നടക്കും. 23 ന് നടക്കുന്ന മഹാനിമജ്ജന ഘോഷയാത്രയോടെ ഗണേശോല്‍സവം സമാപിക്കും. അന്നേ ദിവസം ഈ കേന്ദ്രങ്ങളില്‍ നിന്ന് ഗണേശ വിഗ്രഹങ്ങള്‍ ചെറുഘോഷയാത്രയായി വൈകുന്നേരം മൂന്നിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എത്തും. തുടര്‍ന്ന് അവിടെ നിന്നും ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന മഹാനിമജ്ജന ഘോഷയാത്ര പുതുവൈപ്പിലെ അയോദ്ധ്യപുരം ശ്രീരാമക്ഷേത്രത്തില്‍ അവസാനിക്കും.
തുടര്‍ന്ന് പുതുവൈപ്പ് ബീച്ചിലെ ആറാട്ടു കടവില്‍ പൂജാവിധികളോടെ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യും.അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായ രീതിയില്‍ ഗണേശോല്‍സവം സമാപനം സംസ്ഥാന തലത്തില്‍ തന്നെ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിജി തമ്പി പറഞ്ഞു. എല്ലാ വര്‍ഷവും ഗണേശോല്‍സവം നടക്കാറുണ്ടെങ്കിലും ഈ വര്‍ഷം പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു പങ്കാളിത്തമെന്ന് ടി ആര്‍ ദേവന്‍ പറഞ്ഞു. മഹാനിമജ്ജന ഘോഷയാത്രയ്ക്ക് എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വി.എച്ച്.പി ജില്ലാ പ്രസിഡന്റ് വി ശ്രീകുമാര്‍, ഗണേശേല്‍സവ സമിതി കണ്‍വീനര്‍ രഘുരാജ്, ഫിനാന്‍സ് കണ്‍വീനര്‍ സി നന്ദകുമാര്‍,പ്രോഗ്രാം കണ്‍വീനര്‍ പ്രശാന്ത് വര്‍മ്മ്, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ ഗിരീഷ് രാജന്‍ എന്നിവര്‍ പറഞ്ഞു.