20-September-2023 -
By. sports desk
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ പത്താം സീസണ് എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. വൈകിട്ട് 7.45 ന് കേരള ബ്ലാസ്റ്റേഴസും ബംഗളുരു എഫ്സിയും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞ സീസണ്‍ന്റെ പ്ലേ ഓഫീല് വിവാദ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ് ബംഗളുരു എഫ് സി ഫൈനല്‍ ബര്‍ത്തിന് യോഗ്യത നേടിയത്. അതിനുള്ളു മറുപടി ഇന്ന് സ്വന്തം മൈതാനത്ത് തിങ്ങിനിറയുന്ന പതിനായിരങ്ങള്‍ക്കു മുന്നില്‍ നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും കാത്തിരിപ്പും. ഇന്ന് ബംഗളുരുവിന് തിരിച്ചടി നല്കാന് സാധിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയത്തുടിപ്പായ കോച്ച് വുക്കുമനോവിച്ചിനുള്ള സമ്മാനം കൂടിയാകും വിജയം. വിവാദ ഗോള്‍ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് അന്ന് ബംഗളുരുവിനെതിരായ മല്‍സരം പാതിവഴിയില്‍ നിര്‍ത്തി കളിക്കാരെ തിരികെ വിളിച്ചതിനെ തുടര്ന്ന്വുക്കുമനോവിച്ചിനെ പിന്നീടുളള മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് ഇന്നത്തേടക്കം നാല് മത്സരങ്ങള്‍ കൂടി കോച്ച് പുറത്തിരിക്കേണ്ടി വരും. മൈതാനത്ത് മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുമ്പോള്‍ അവരുടെ പ്രിയപ്പെട്ട ആശാന് നിര്‍ദ്ദേശങ്ങളുമായി മൈതനാത്തുണ്ടാകില്ല.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴസ് കുതിപ്പിന് മേല്‍നോട്ടം വഹിച്ച പലതാരങ്ങളും ഇക്കുറിയും ടീമിനൊപ്പമുണ്ട്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ബൂട്ടിലാണ് ആരാധകര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്നത്. മൈതാനമധ്യത്ത് കളി മെനയുന്നത് ഈ ഉറുഗ്വന്‍ മിഡ്ഫീല്‍ഡറാണ്. ആവശ്യസമയത്ത് പിന്നിലേക്ക് ഇറങ്ങിയും വേണ്ടി വന്നാല്‍ എതിരാളികളുടെ ബോക്സിലേയ്ക്ക് കയറി ഗോള്‍ കണ്ടെത്താനുമുളള ലൂണയുടെ മിടുക്ക് കഴിഞ്ഞ രണ്ട് സീസണിലും ആരാധകര്‍ കണ്ടതാണ്. ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലൂണ പത്ത് ഗോളുകളും 13 അസിസ്റ്റുകളും നേടി കഴിഞ്ഞു. ഈ സീസണിലും മികവ് ആവര്‍ത്തിക്കുന്ന ലൂണ വ്യക്തമാക്കി കഴിഞ്ഞു. സഹല്‍ അബ്ദുള്‍ സമദ്, പ്രഭ്സുഖന്‍ സിങ് ഗില്‍, ജെസല്‍ കര്‍ണെയ്റോ ഉള്‍പ്പെടെയുള്ള നിരവധി പ്രധാന താരങ്ങള്‍ ഇത്തവണ ക്ലബ് വിട്ടു. പ്രീതം കോട്ടാല്‍, ഇഷാന് പണ്ഡിത, ലാറ ശര്‍മ തുടങ്ങിയ താരങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും നഷ്ടം നികത്താനായി. 29 അംഗ സ്ക്വാഡില്‍ 11 പേര് പുതുമുഖങ്ങളാണ്. രാഹുല്‍ കെ.പി, സച്ചിന് സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന് മോഹനന് എന്നിവരാണ് ടീമിലെ മലയാളികള്‍. കഴിഞ്ഞ സീസണിലെ ടോപ്സ്കോറര്‍ ദിമിത്രിയോസ് ഡയമന്റകോസ് പരിക്ക് മാറി തിരികെ ടീമിലെത്തിയിട്ടുണ്ട്. എങ്കിലും ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിന് പുറമേ ടീമിലേയ്ക്ക് പുതുയതായി എത്തിയ ഘാന താരം ക്വാമെ പെപ്ര, ജപ്പാന് മുന്നേറ്റതാരം ഡയസൂക് സക്കായി എന്നിവരും മികവ് പുറത്തെടുക്കാന്‍ പോന്നവരാണ്. മലയാളിതാരം കെപി രാഹുല്‍ നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. ഇന്ത്യന്‍ ക്യാംപ് അവസാനിക്കുന്ന മുറയ്ക്ക് രാഹുല്‍ ടീമിനൊപ്പം ചേരും.
ബംഗളുരു എഫ്സിയും ഇത്തവ ഒരുങ്ങിത്തന്നെയാണ് മഞ്ഞക്കോട്ടയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ കളിച്ചപ്പോള്‍ ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. ഇക്കുറിയും സന്തുലിതമായ ടീമിനെയാണ് സൈമണ്‍ ഗ്രേസണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് ലൂണ എങ്ങിനയോ അതുപോലെയാണ് ബംഗളുരുവിന് ജവിയര്‍ ഹെര്‍ണാണ്ടസ്. ബംഗളുരുവിന്റെ നെടുംതൂണായ സുനില്‍ ഛേത്രി നിലവില്‍ ഇന്ത്യന്‍ സക്്വാഡിനൊപ്പമായതിനാല് ഇന്ന് കൊച്ചിയില്‍ കളിക്കില്ല. 12മാനമായി മഞ്ഞപ്പടയും ഗാലറിയില്‍ ബ്ലാസ്റ്റേഴ്സ് വിജയത്തിനായി ആര്‍ത്തു വിളിക്കുമ്പോള്‍ മഞ്ഞക്കോട്ട ഭേദിക്കുകയെന്നത് ബംഗളുരുവിന് അത്ര എളുപ്പമാകില്ല.തുടര്‍ച്ചയായ എട്ടാം സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. അലകടലായെത്തുന്ന ആരാധകര്‍ക്ക് മുന്നില്‍ ജയത്തോടെ സീസണ് തുടങ്ങാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.വുകോമാനോവിച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയിരുന്നു. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ ലീഗ് കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല.
കേരള ബ്ലാസ്റ്റേഴ്സ് സ്വകാഡ്
കരണ്‍ജിത് സിങ്, ലാറ ശര്‍മ, സച്ചിന് സുരേഷ്, മുഹമ്മദ് അര്‍ബാസ് (ഗോള്‍കീപ്പര്‍മാര്‍), പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, ഐബന്‍ഭ ഡോഹ്ലിങ്, നവോച്ച സിങ്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, മാര്‍ക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച് (ഡിഫന്‍ഡര്‍മാര്‍), ഡാനിഷ് ഫാറൂഖ്, െ്രെബസ് മിറാന്‍ഡ, ജീക്സണ് സിങ്, സൗരവ് മൊണ്ഡല്‍, വിബിന് മോഹനന്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, യോയ്ഹെന്‍ബ മെയ്തി, ഫ്രെഡി ലല്ലാവ്മ, അഡ്രിയാന്‍ ലൂണ (മിഡ്ഫീല്‍ഡര്‍മാര്‍), നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിങ്, രാഹുല്‍ കെ,പി, ഇഷാന് പണ്ഡിത, ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമി പെപ്ര, ദെയ്സുകി സകായ് (സ്െ്രെടക്കര്‍മാര്‍).
ഫ്രാങ്ക് ഡോവന്
കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകന്‍
ഇരുടീമുകള്‍ക്കും ആദ്യ മത്സരം പ്രധാനപ്പെട്ടതാണ്. മികച്ച തയ്യാറെടുപ്പുകളാണ് ടീം നടത്തിയത്. പുതുമുഖങ്ങളും യുവതാരങ്ങളും ടീമിലുണ്ട്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പുതിയ സീസണ് പുതിയ തുടക്കമാണ്
സൈമണ്‍ ഗ്രെയ്സണ്
ബംഗളൂരു എഫ്സി മുഖ്യ പരിശീലകന്
ഈ സീസണിലെ ടീമില്‍ ഞാന്‍ സന്തുഷ്ടനാണ്. വിജയം നേടാന്‍ കെല്‍പ്പുള്ള മത്സരക്ഷമതയുള്ള ഒരു ടീമായിരിക്കും കരുത്തരായ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക.