21-September-2023 -
By. news desk
കൊച്ചി: ഐഎസ്എല്‍ പത്താം സീസണ് ഉദ്ഘാടന മല്‍സരത്തില്‍ ബംഗളുരു എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോള്‍ക്ക് കേരളത്തിന്റെ കൊമ്പന്മാരായ ബ്ലാസ്റ്റേഴ്സ് തറപറ്റിച്ചപ്പോള്‍ കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ മറ്റൊരു ഗോള്‍ നേട്ടം കൂടി കൈവരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും മല്‍സരം കാണാന്‍ ഒഴുകിയെത്തിയ ആരാധകര്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് എത്താന്‍ മെട്രോ തിരെടുത്തപ്പോഴാണ് കൊച്ചി മെട്രോയ്ക്ക് കോളടിച്ചത്്. ഇന്നലെ അര്‍ദ്ധരാത്രിവരെയുള്ള കണക്കനുസരിച്ച് 1,27,828 പേരാണ് ഇന്നലെ മാത്രം കൊച്ചി മെട്രോയില്‍ യാത്രചെയ്തത്.2023ല്‍ ഇന്നലെയുള്‍പ്പെടെ 24 തവണയാണ് ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്.
സെപ്റ്റംബര്‍ മാസം ഇന്ന് വരെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91,742 ആണ്. ഐ.എസ്.എല്‍ മല്‍സരം കണക്കിലെടുത്ത് 30 അധിക സര്‍വീസുകളാണ് ഇന്നലെ കൊച്ചി മെട്രോ ഒരുക്കിയത്. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കൊച്ചി മെട്രോയുടെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യവും മികച്ച രീതിയില്‍ ഉപയോഗിക്കപ്പെട്ടു.രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോള്‍ ആരാധകര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താമെന്ന് കെ.എം.ആര്.എല്‍ അധികൃതര്‍ അറിയിച്ചു.