Society Today
Breaking News

തൃശൂര്‍: 65ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഇന്നു മുതല്‍ 20 വരെ തൃശൂര്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കും.  അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി എ സി മൊയ്തീന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6 കാറ്റഗറികളിലായി 3000 ത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍ കായികമേളയില്‍ പങ്കെടുക്കും. 350 ഓളം ഒഫീഷ്യല്‍സ്, ടീം മാനേജേഴ്‌സ്, പരിശീലകര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ മാതൃകയില്‍ ഈ വര്‍ഷവും പകലും രാത്രിയുമായിട്ടാണ് മത്സരങ്ങള്‍ നടത്തുക. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉള്‍പ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍.

കായികോത്സവത്തിനോടനുബന്ധിച്ചുള്ള ദീപശിഖാപ്രയാണം  ഇന്ന് രാവിലെ തേക്കിന്‍കാട് മൈതാനത്തു നിന്നും ആരംഭിക്കും. വൈകുന്നേരം 5 മണിയോട് കൂടി ദീപശിഖ കുന്നംകുളത്ത് എത്തും. ഇന്ന് രാവിലെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 17 ന് രാവിലെ 7 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. വൈകീട്ട് 3.30 ന് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും ദീപശിഖ തെളിയിക്കലും ഉദ്ഘാടന സമ്മേളനവും നടക്കും.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.ഉദ്ഘാടനത്തിനു ശേഷം വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.സമാപന സമ്മേളനം ഒക്ടോബര്‍ 20 ന് വൈകുന്നേരം 4 മണിക്ക്  മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു അധ്യക്ഷയാകും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂര്‍ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വിദ്യാഭ്യാസ വകുപ്പ് അഡിഷ്ണല്‍ ഡയറക്ടര്‍ ഷൈന്‍ കുമാര്‍, സ്‌പോട്‌സ് ഓഗനൈസിംഗ് സെക്രട്ടറി എല്‍ ഹരീഷ് ശങ്കര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഇന്‍ ചാര്‍ജ് ) ബാബു എം പ്രസാദ്, ജില്ലാ സ്‌പോട്‌സ് കോര്‍ഡിനേറ്റര്‍ എ എസ് മിഥുന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Top