Society Today
Breaking News

കൊച്ചി : ഐ എസ് എല്‍ പത്താം സീസണില്‍ സ്വന്തം തട്ടകത്തില്‍ മൂന്നാം വിജയം തേടി ഇറങ്ങിയ കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെതിരെ സമലനിലകുരുക്ക്.നിശ്ചിത സമയം പൂര്‍ത്തിയായപ്പോഴും   
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി  നെസ്റ്ററും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഡാനിഷ് ഫാറൂഖിയുമാണ് ഗോള്‍ നേടിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയിരുന്നു കളി ആരംഭിച്ചത്. തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നുവെങ്കിലും ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ നിശബ്ദമാക്കിക്കൊണ്ട് 12ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മിഡ് ഫീല്‍ഡര്‍ സ്പാനിഷ് താരം നെസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കി .സ്‌കോര്‍ (1-0). ബ്ലാസ്റ്റേഴ്സ് താരം ക്ലിയര്‍ ചെയ്ത പന്ത് ജിതിന്‍ തിരികെ ബോക്സിലേക്കടിച്ചതോടെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന നെസ്റ്റര്‍ ഗോളടിക്കാന്‍ അതിവഗം സ്വയം ഇടമൊരുക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തെ കബളിപ്പിച്ച് തൊടുത്ത ഷോട്ട് ഗോളി സച്ചിന്‍ സുരേഷിനെ കീഴ്‌പ്പെടുത്തി പോസ്റ്റിന്റെ വലതു മൂലയില്‍ പതിക്കുകയായിരുന്നു.

തൊട്ടു പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖത്ത് പ്രത്യാക്രമണം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് നായകന്‍ ലൂണയുടെ മനോഹരമായ ഷോട്ട് ബാറില്‍ തട്ടിപോയി. 19ാം മിനിറ്റില്‍ നവോച്ചയുടെ അതിഗംഭീര നീക്കവും ലക്ഷ്യം കണ്ടില്ല. ഗോള്‍ മടക്കാനായി നിരന്തരം നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖത്തേക്ക് ബ്ലാസ്്‌റ്റേഴ്‌സ് ഇരച്ചു കയറിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ എത്തിയ ബ്‌ളാസ്റ്റേഴ്‌സിനെ വീണ്ടും നെസ്റ്റര്‍ ഞെട്ടിച്ചുകൊണ്ട് വലകുലുക്കിയെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപെട്ടു.തൊട്ടടുത്ത നിമിഷം ആരാധകര്‍ കാത്തിരുന്ന മൂഹൂര്‍ത്തമെത്തി. ലൂണയുടെ അളന്നുകുറിച്ച് ബോക്സിനകത്തേക്ക് നല്‍കിയ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീല്‍ഡര്‍ ഹെഡ്‌ചെയ്ത് നോര്‍ത്ത് ഈസ്റ്റിന്റെ വലയിലേക്ക് തിരിച്ചു വിട്ടതോടെ സ്‌റ്റേഡിയം ആര്‍ത്തിരമ്പി. സ്‌കോര്‍ (1-1).

ഗോള്‍ മടക്കിയതോടെ ലീഡുയര്‍ത്താന്‍ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ച്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അപ്പോഴും ആധിപത്യം ബ്ലാസ്റ്റേഴ്‌സിനായിരുന്നുവെങ്കിലും വിജയ ഗോള്‍ മാത്രം അകന്നു നിന്നു.   അവസാനമിനിറ്റുകളില്‍ ഇഷാന്‍ പണ്ഡിത, ഫ്രെഡി,മുഹമ്മദ് ഐമന്‍, മലയാളി താരം കെ പി രാഹുല്‍ എന്നിവരെ കളത്തിലിറക്കി കോച്ച് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. ഗോളെന്ന് തോന്നിച്ച ഏതാനും മുന്നേറ്റങ്ങള്‍ ഇഷാന്‍ പണ്ഡിത നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിയാതെ അവസാന വിസില്‍ മുഴങ്ങി. നോര്‍ത്ത് ഈസ്റ്റിനോട് സമനിലയില്‍ പിരിഞ്ഞതോടെ 7 പോയിന്റുമായി നാലം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ. 27ന് കൊച്ചിയില്‍ ഒഡീഷ എഫ്സിയുമായാണ് അടുത്ത മത്സരം. ഈ മല്‍സരത്തില്‍ മുഖ്യ പരിശീലകന്‍ വുകുമനോവിച്ചിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് പന്തു തട്ടുക.

Top