Society Today
Breaking News

കൊച്ചി: ഐസ്.എസ്.എല്‍ റഫറിയിംഗ് കൂടുതല്‍ മെച്ചപ്പെടാന്‍ വാര്‍ ടെക്‌നോളജി പോലുള്ള സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച്. ഒഡീഷ എഫ്‌സിക്കെതിരെ നാളത്തെമല്‍സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഐഎസ്എല്‍ മല്‍സരം നിയന്ത്രിക്കുന്ന റഫറിമാര്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായാണ് നിലകൊളളുന്നതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് വുകുമനോവിച്ചിന്റെ മറുപടി. മാനുഷികമായ പിഴവുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ അല്ലാത്ത മല്‍സരങ്ങളിലും പിഴവുകള്‍ സംഭവിക്കാറുണ്ട്. തെറ്റായ തീരുമാനങ്ങള്‍ ടീമിന്റെ പോയിന്റ് നിലയിലും റാങ്കിംഗിലുമെല്ലാം പ്രതിഫലിക്കും. ടെക്‌നോളജിയുടെ സഹായമുണ്ടായാല്‍ ഇത്തരം പിഴവുകള്‍ സംഭവിക്കുന്നത് പരിഹരിക്കാന്‍ കഴിയും. അത് ലീഗിനും ടീമുകള്‍ക്കും ഏറെ പ്രയോജനകരമാകുമെന്നും വുകുമനോവിച്ച് പറഞ്ഞു.

റഫറിമാരെ കുറ്റം പറയുന്നതില്‍ കാര്യമില്ല. കൂട്ടില്‍കിടക്കുന്ന സിംഹത്തെ നേരിടാന്‍ നെയില്‍ കട്ടറും ടൂത്ത് പിക്കുമായി അയക്കുന്നതുപോലെയാണ് റഫറിമാരെ മല്‍സരത്തിലേക്ക് അയക്കുന്നത്. ടെക്‌നോളജിയുടെ കൂടി സഹായം ഉണ്ടായാല്‍ മാത്രമെ വിഷമം പിടിച്ച സാഹചര്യങ്ങളില്‍ ശരിയായ തീരുമാനം എടുക്കാന്‍ റഫറിമാര്‍ക്ക് സാധിക്കുവെന്നും വുകുമനോവിച്ച് പറഞ്ഞു. വാര്‍ ടെക്‌നോളജികള്‍ ലീഗില്‍ ഏര്‍പ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായം.മറ്റു രാജ്യങ്ങളില്‍ ആറോ ഏഴോ വര്‍ഷമായി വാര്‍ടെക്‌നോളജി ഉണ്ട്. ഇവിടെയും ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമെ ഫുട്‌ബോളിന്റെയും ലീഗിന്റെയും വളര്‍ച്ച കൂടുതല്‍ സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലീഗില്‍ വാര്‍ ടെക്‌നോളജി ഇല്ലെന്നറിയുമ്പോള്‍ വിദേശ കളിക്കാര്‍ ഇവിടേക്ക് വരാന്‍ മടിയ്ക്കുന്നുണ്ടെന്നും ഇവാന്‍ വുകുമനോവിച്ച് പറഞ്ഞു. ഫുട്‌ബോള്‍ ലീഗ് മെച്ചപ്പെടാന്‍ വാര്‍ ടെക്‌നോളജി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കളിയും ജയിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം.

ഒഡീഷ എഫ്‌സിക്കെതിരായ മല്‍സരത്തെയും അതേ രീതിയില്‍ തന്നെയാണ് കാണുന്നതെന്നും ചോദ്യത്തിന് മറുപടിയായി വുകുമനോവിച്ച് പറഞ്ഞു. കഴിഞ്ഞ സീസണില്‍  പ്ലേ ഓഫ് മല്‍സരത്തില്‍ ബംഗളുരു എഫ്‌സിയുടെ വിവാദ ഗോളില്‍ പ്രതിഷേധിച്ച് ടീമിനെ തിരികെ വിളിച്ചതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വുകുമനോവിച്ച് വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി മൈതാനത്ത് എത്തുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തിന് അതൊക്കെ കഴിഞ്ഞു പോയകാര്യങ്ങളാണെന്നായിരുന്നു വുകുമനോവിച്ചിന്റെ മറുപടി. കഴിഞ്ഞതിനെക്കുറിച്ച് താന്‍ ചിന്തിച്ച് സമയം കളയാനില്ലെന്നും വുകുമനോവിച്ച് പറഞ്ഞു. ഇനി പുതിയ സീസണാണ് തന്റെ മുന്നിലുളളതെന്നും വുകുമനോവിച്ച് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര താരം ലെസ്‌കോവിച്ചിന്റെ പരിക്ക് ഭേദപ്പെടാന്‍ ഒരാഴ്ച കൂടി സമയം വേണമെന്നും ജീക്‌സണ്‍ സിംങും പരിക്കിന്റെ പിടിയിലാണെന്നും വുകുമനോവിച്ച് പറഞ്ഞു.
 

Top