Society Today
Breaking News

കൊച്ചി:വെയ്റ്റ് ലിഫ്റ്റിംഗ് ചാംപ്യന്‍ പട്ടത്തിനു പിന്നാലെ മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ ' മിസ്റ്റര്‍ വേള്‍ഡ് ' ലോക ചാംപ്യന്‍ പട്ടം എന്ന  സ്വപ്‌നവും എത്തിപ്പിടിച്ച് ഡോ.പീറ്റര്‍ ജോസഫ്. ഇതോടെ  മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ ബോഡി ബില്‍ഡിംഗിലും വെയ്റ്റ് ലിഫ്റ്റിംഗിലും ലോകചാംപ്യന്‍പട്ടം സ്വന്തമാക്കുന്ന ഏക വ്യക്തിയെന്ന പദവിയും ഡോ.പീറ്റര്‍ ജോസഫിന് ഇനി സ്വന്തം. പലപ്പോഴും  കപ്പിനും ചുണ്ടിനുമിടയില്‍ തനിക്ക്  നഷ്ടപ്പെട്ടുപോയ ബോഡിബില്‍ഡിംഗില്‍ മിസ്റ്റര്‍ വേള്‍ഡ്  ലോക ചാംപ്യന്‍ പട്ടം ഈ മാസം (നവംബര്‍) ആറു മുതല്‍ 11 വരെ സൗത്ത് കൊറിയയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലാണ്് ഡോ.പീറ്റര്‍ ജോസഫ് സ്വന്തമാക്കിയത്. നേരത്തെ രണ്ടു തവണ ലോക ചാംപ്യന്‍ പട്ടത്തിനായി മല്‍സരിച്ചിരുന്നുവെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആ മൂന്നാം സ്ഥാനം ഇത്തവണ സുവര്‍ണ്ണ നേട്ടമായി പീറ്റര്‍ ജോസഫ് മാറ്റുകയായിരുന്നു. 16 ാം വയസുമുതല്‍ നെഞ്ചില്‍ താലോലിച്ച് തുടങ്ങിയ സ്വപ്‌നമാണ് കഠിന  പ്രയത്‌നത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും അകമ്പടിയോടെ എറണാകുളം കാലടി കൊറ്റമം ഞാളിയന്‍ ജോസഫിന്റെ മകനായ പീറ്റര്‍ ജോസഫ് 63ാം വയസില്‍  സ്വന്തമാക്കിയത്.

2012 ല്‍ ബാങ്കോക്കിലും 2017 ല്‍ ഗ്രീസിലും നടന്ന ലോക ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പില്‍ പീറ്റര്‍ ജോസഫ് കീരീടമോഹവുമായി മാറ്റുരച്ചുവെങ്കിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ശരീരത്തിന് പ്രായം ഏറിയെങ്കിലും മനസും സ്വപ്‌നവും ചെറുപ്പമായിരുന്നതിനാല്‍ പി•ാറാതെ കഠിനപ്രയത്‌നവുമായി പീറ്റര്‍ ജോസഫ് തന്റെ ലക്ഷ്യത്തിലേക്ക് യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. ആത്മാര്‍ത്ഥമായ പ്രയത്‌നം ഒരിക്കലും പാഴാവില്ലെന്ന് തെളിയിച്ചുകൊണ്ട് വെയ്റ്റ് ലിഫ്റ്റിംഗില്‍ ലോകചാംപ്യന്‍ പട്ടം ജോസഫിനെ തേടിയെത്തി.2019 ല്‍ അമേരിക്കയില്‍ നടന്ന മാസ്‌റ്റേഴ്‌സ് വിഭാഗം വെയ്റ്റ് ലിഫ്റ്റില്‍ ഇന്ത്യയ്ക്കായി ഗോദയിലിറങ്ങിയ ജോസഫ് തിരികെ കയറിയത് സ്വര്‍ണമെഡലും കഴുത്തിലണിഞ്ഞായിരുന്നു. ഇതോെട ഇരട്ട ലോകചാംപ്യന്‍പട്ടമെന്ന ലക്ഷ്യത്തിന്റെ ആദ്യ കടമ്പ പീറ്റര്‍ ജോസഫ് കടന്നു. തുടര്‍ന്ന് ബോഡി ബില്‍ഡിംഗിലും ചാംപ്യന്‍പട്ടമെന്ന ലക്ഷ്യത്തിനായി കഠിന പരിശീനത്തിലായിരുന്നു പീറ്റര്‍ ജോസഫ്. കാഠ്മണ്ഡുവില്‍ നടന്ന മിസ്റ്റര്‍ ഏഷ്യാ ബോഡിബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി  സ്വര്‍ണ്ണമെഡല്‍ നേടിയതോടെ തന്റെ ലക്ഷ്യത്തിക്ക് പീറ്റര്‍ ജോസഫ് കൂടതല്‍ അടുത്തു.

മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ മിസ്റ്റര്‍ ഏഷ്യ പട്ടം നേടുന്ന ആദ്യ ഇന്ത്യാക്കാരന്‍ എന്ന ബഹുമതിയും പീറ്റര്‍ ജോസഫ് സ്വന്തമാക്കി. അപ്പോഴും  മനസില്‍ ബോഡിബില്‍ഡിംഗ് ലോക ചാംപ്യന്‍പട്ടമായിരുന്നു ലക്ഷ്യം. ഈ സ്വപ്‌നമാണ് സൗത്ത് കൊറിയയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി പീറ്റര്‍ ജോസഫ് കൈപ്പിടിയിലാക്കിയത്. ചെറുപ്പം മുതലേ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ താല്‍പ്പര്യപ്പെട്ടിരുന്ന പീറ്റര്‍ ജോസഫ് 16ാം വയസുമുതലാണ് ജിമ്മില്‍ വര്‍ക്കൗട്ട് തുടങ്ങിയത്. കാലടി ശ്രീശങ്കര കോളജ്, ആലുവ യുസി കോളജ് എന്നിവടങ്ങളിലെ പഠനകാലത്ത് ബോഡിബില്‍ഡിംഗിലും വെയ്റ്റ് ലിഫ്റ്റിംഗിലും  കേരള യൂണിവേഴ്‌സിറ്റി ചാംപ്യനായിരുന്നു.  21ാം വയസില്‍ വെയ്റ്റ്‌ലിഫ്റ്റില്‍ ദേശീയ ചാംപ്യന്‍ പട്ടവും കരസ്ഥമാക്കി. നാലു തവണ മിസ്റ്റര്‍ ഇന്ത്യയായും രണ്ടു തവണ മിസ്റ്റര്‍ ഇന്ത്യന്‍ റെയില്‍വേ എന്ന നേട്ടവും സ്വന്തമാക്കി.  പ്രായം ഏറിയെങ്കിലും ബോഡിബില്‍ഗിനോടും വെയ്റ്റ് ലിഫ്റ്റിനോടുമുള്ള ആവേശക്കനല്‍ മനസില്‍ കെടാതെ സൂക്ഷിച്ച് ചിട്ടയായ വ്യായാമവും അര്‍പ്പണ മനോഭാവവും പ്രാണവായുപോലെ കൊണ്ടു നടന്ന പീറ്റര്‍ ജോസഫ്.2021 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന മാസ്‌റ്റേഴ്‌സ് കോമണ്‍വെല്‍ത്ത് ഗെയിംസിലും വെയ്റ്റ് ലിഫ്റ്റില്‍  ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടി. കൊവിഡിനെത്തുടര്‍ന്ന് ലോകം മുഴുവന്‍ ലോക് ഡൗണിലായ സമയത്ത് മാത്രമാണ് പീറ്റര്‍ ജോസഫിന്റ ജിമ്മില്‍ വര്‍ക്കൗട്ട് മുടങ്ങിയത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വര്‍ധിത വീര്യത്തോടെ നടത്തിയ പരീശീലനത്തിന്റെ പ്രതിഫലമായിരുന്നു പീറ്റര്‍ ജോസഫ് നേടിയ ലോക ചാംപ്യന്‍പട്ടങ്ങളും മെഡല്‍തിളക്കങ്ങളും.

റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ ജോസഫ് 2017 ല്‍ വിആര്‍എസ് എടുത്ത് മുഴുവന്‍ സമയവും തന്റെ ലക്ഷ്യത്തിനായി നീക്കി വെയ്ക്കുകയായിരുന്നു. ഇതിനിടയില്‍ കായിക പരിശീലനരംഗത്തെ തന്റെ അറിവുകള്‍ ഉപയോഗപ്പെടുത്തി ' മാജിക് ജിം '  എന്ന ഉപകരണവും പീറ്റര്‍ ജോസഫ് സ്വന്തമായി വികസിപ്പിച്ചു. സ്ത്രീകള്‍ക്കും മധ്യവയസ്‌കര്‍ക്കും  കായിക പരിശീലനത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഉപകരണമെന്നും പീറ്റര്‍ ജോസഫ് പറയുന്നു. ഡെര്‍മറ്റോളജിസ്റ്റായ ഡോ.താജുദ്ദീന്റെ  പ്രചോദനും  പിന്തുണയും ഒപ്പം തന്റെ കഠിനമായ പരിശീലവും പരിശ്രമവുമാണ് നേട്ടത്തിനു പിന്നിലെന്ന് പീറ്റര്‍ ജോസഫ് പറഞ്ഞു. തല്‍ക്കാലം മല്‍സരങ്ങളില്‍ നിന്നും പിന്‍വാങ്ങുകയാണ്. കായിക രംഗത്ത് താന്‍ ആര്‍ജ്ജിച്ച അറിവുകള്‍ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പകര്‍ന്നു നല്‍കുകയെന്നതാണ് ഇനി തന്റെ ലക്ഷ്യം അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. ഇപ്പോള്‍ തന്നെ നവമാധ്യമങ്ങള്‍ വഴി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഇത് ഇനി കൂടുതല്‍ ശക്തമാക്കുമെന്നും പീറ്റര്‍ ജോസഫ് പറഞ്ഞു.മേരിയാണ് പീറ്റര്‍ ജോസഫിന്റെ മാതാവ്. നൈപുണ്യ സ്‌കൂളിലെ അധ്യാപികയായ ബിസയാണ് ഭാര്യ. മക്കള്‍: മരിയ(ന്യൂസിലന്റ്), എല്‍സ വിദ്യാര്‍ഥിനി,ന്യൂസിലന്റ്), ലിയാന്‍(വിദ്യാര്‍ഥി,ജര്‍മ്മനി)


 

Top