20-December-2023 -
By. sports desk
കൊച്ചി:വേള്‍ഡ് ബോക്സിംഗ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഡി.ജെ.എം.സി സീരീസ് നമ്പര്‍ 6 ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ചാംപ്യനായി ഇന്ത്യന്‍ താരം കെ.എസ് വിനോദ്. അമേരിക്ക, തായ്ലന്റ്, ശ്രീലങ്ക, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, എന്നിവടങ്ങളില്‍ നിന്നായി 20 ലധികം ബോക്സിംഗ് താരങ്ങള്‍ ഏറ്റുമുട്ടിയ ചാംപ്യന്‍ഷിപ്പില്‍ മൂന്നു റൗണ്ടുകളിലായി നടന്ന മല്‍സരത്തില്‍ അമേരിക്കന്‍ ബോക്സര്‍ ഷോബിയെ ഇടിച്ചിട്ടാണ് വിനോദ് 20232024 ലെ ചാംപ്യന്‍ പട്ടം നേടിയത്. വനിതാ വിഭാഗത്തില്‍ യു.പി സ്വദേശിനി ഉര്‍വ്വശി സിംങ് ആണ് ച്യാംപന്‍ പട്ടം കരസ്ഥമാക്കിയത്. മല്‍സര ശേഷം നടന്ന ചടങ്ങില്‍ വേള്‍ഡ് ബോക്സിംഗ് കൗണ്‍സില്‍ സെക്രട്ടറി രൊക്സാനയും ഡി.ജെ.എം.സി ചെയര്‍മാനും മിഡില്‍ ഈസ്റ്റിലെയും ശ്രീലങ്കയിലെയും വേള്‍ഡ് ബോക്സിംഗ് കൗണ്‍സിലില്‍ അംബാസിഡറുമായ ടന്സ്റ്റന് റൊസാരിയോ എന്നിവര്‍ ചേര്‍ന്ന് ചാംപ്യന്‍ പട്ട ബെല്‍റ്റ് കെ.എസ് വിനോദിനെ ധരിപ്പിച്ചു.
വേള്‍ഡ് ബോക്സിംഗ് കൗണ്‍സില്‍ ഇന്ത്യന്‍ റീജ്യന് അംബാസിഡര്‍ റോഷന് നദാനിയേല്‍,ഡബ്ല്യു.ബി.സി (കെയര്‍) സൗത്ത് ഇന്ത്യന്‍ അംബാസിഡര്‍ അഡ്വ. കെ.വി സാബു, ചലച്ചിത്ര നിര്‍മ്മാതാവും വേള്‍ഡ് ബോക്സിംഗ് കൗണ്‍സില്‍ (കെയര്‍)അംഗവുമായ ടോമിച്ചന് മുളകുപാടം, മലങ്കര യാക്കോബായ സഭാ ഓസ്ട്രേലിയന്‍ ഭദ്രാസന സെക്രട്ടറിയും ഓസ്ട്രേലിയ, മലേഷ്യ,സിങ്കപ്പൂര്‍, ന്യൂസിലാന്റ് എന്നീ അതിഭദ്രാസനത്തിന്റെ നിയുക്ത റെസിഡന്റ് മെത്രാപ്പോലീത്തയുമായ ഫാ.ജോര്‍ജ്ജ് വര്‍ഗ്ഗീസ് വലിയ പറമ്പില്‍, മറ്റ് ഓസ്ട്രേലിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വേള്‍ഡ് ബോക്സിംഗ് കൗണ്‍സിലില്‍ (കെയര്‍) സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ കെ.എസ് വിനോദിനെ സൗത്ത് ഇന്ത്യന്‍ ഡബ്ല്യു.ബി.സി (കെയര്‍) അംബാസിഡര്‍ അഡ്വ. കെ.വി സാബു, ചലച്ചിത്ര നിര്‍മ്മാതാവും വേള്‍ഡ് ബോക്സിംഗ് കൗണ്‍സില്‍ (കെയര്‍) അംഗവുമായ ടോമിച്ചന് മുളകുപാടം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദരിച്ചു.ബോക്സിംഗ് ക്ലബ്ബുകള്‍ക്കും ബോക്സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സഹായം നല്‍കുകയെന്നതാണ് ബോക്സിംഗ് കൗണ്‍സില്‍ (കെയര്‍)ന്റെ പ്രഥമ ലക്ഷ്യമെന്ന് അഡ്വ.കെ വി സാബുവും ടോമിച്ചന് മുളകുപാടവും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആയിരം ക്ലബ്ബുകള്‍ക്ക് ബോക്സിംഗ് ബാഗും രണ്ട് സെറ്റ് ഗ്ലൗസും അടക്കമുള്ളവ ബോക്സിംഗ് കൗണ്‍സില്‍ (കെയര്‍) നല്‍കുമെന്നും ഇവര്‍ പറഞ്ഞു.ഡി,ജെ.എം.സി സീരീസ് നമ്പര്‍ 7 ചാംപ്യന്‍ഷിപ്പ് അടുത്ത വര്‍ഷം ഏപ്രിലില്‍ അമേരിക്കയില്‍ നടത്താനാണ് ആലോചന നടക്കുന്നതെന്നും എന്നാല്‍ ഇത് ഇന്ത്യയില്‍ നടത്തണമെന്ന് വേള്‍ഡ് ബോക്സിംഗ് കൗണ്‍സിലിനോട് അ്ഭ്യര്ഥിച്ചിട്ടുണ്ടെന്നും അഡ്വ.കെ വി സാബുവും ടോമിച്ചന് മുളകുപാടവും പറഞ്ഞു.ഇന്ത്യയില്‍ നടത്താന്‍ അനുമതി ലഭിച്ചാല്‍ കൊച്ചിയാകും വേദിയാവുകയെന്നും ഇവര്‍ പറഞ്ഞു. ഫൈറ്റിംഗ് സ്പോര്ടസ് ആയ ബോക്സിംഗ് കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രോല്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് കെ.എസ് വി്നോദ് പറഞ്ഞു.
ബോക്സിംഗില്‍ തിളങ്ങാന്‍ പറ്റുന്ന വിധത്തില്‍ കരുത്തും കഴിവുമുള്ള ഒട്ടേറ യുവാക്കള്‍ കേരളത്തില്‍ ഉണ്ട്. ഇവര്‍ക്ക് വേണ്ട പ്രോല്‍സാഹനം നല്കി ശരിയായ രീതിയില്‍ പരിശീലിപ്പിച്ചാല്‍ ഒളിംപിക്സില്‍ ബോക്സിംഗ് മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് മെഡല്‍ നേടാന്‍ കേരളത്തില്‍ നിന്നും ചെറുപ്പക്കാര്‍ ഉണ്ടാകുമെന്നും കെ.എസ് വിനോദ് പറഞ്ഞു. സ്പോര്‍ട്സിന് മുന്തിയ പരിഗണന നല്കിയാല് സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിയിലേക്ക് ചെറുപ്പക്കാര്‍ പോകുന്നത് തടയാന്‍ കഴിയും. ഹൃദയാരോഗ്യം മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ സാധിക്കുന്ന നല്ലൊരു കായിക വിനോദം കൂടിയാണ് ബോക്സിംഗ്. ഇത് തിരിച്ചറിഞ്ഞ് കുടുതല്‍ പേര് ബോക്സിംഗ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കെ.എസ് വിനോദ് പറഞ്ഞു.എറണാകുളം കുമാരനാശന്‍ നഗറില്‍ താമസിക്കുന്ന വിനോദ് മുന്‍ മിസ്റ്റര്‍ ഇന്ത്യകൂടിയാണ്.ഇന്ത്യയിലെ തന്നെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ബോക്സിംഗ് ക്ലബ്ബായ ടൈറ്റില്‍ ബോക്സിംഗ് ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് വിനോദ്.