Society Today
Breaking News

കൊച്ചി : വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (ഡബ്ല്യു.ബി.സി) സംഘടിപ്പിക്കുന്ന ലോക ഹെവി വെയ്റ്റ് ഡി.ജെ.എം.സി സീരീസ് നമ്പര്‍ 7 ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്റെ തിയ്യതി സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിനാണ്  ഇടിക്കൂട്ടിലെ താര റാണി ഹന്ന ഗബ്രിയേല്‍സ് ലോക വനിതാ ദിനത്തില്‍ കൊച്ചിയില്‍ എത്തുന്നത്. ഇത്തവണത്തെ ചാംപ്യന്‍ഷിപ്പിന് കൊച്ചിയാണ് വേദി. നാഷണല്‍ സ്‌പോര്‍ടസ് മിഷന്റെ സഹകരണത്തോടെ 2024 ആഗസ്റ്റില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പ് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യു.കെ ഉള്‍പ്പെടെയുള്ള 12 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ബോക്‌സിംഗ് താരങ്ങള്‍ ഹെവി വെയ്റ്റ് ബോക്‌സിംഗ് പട്ടത്തിനായി ഇടിക്കൂട്ടില്‍ ഏറ്റുമുട്ടും.

എറണാകുളം എം.ജി റോഡിലെ അവന്യൂ റീജന്റ് ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന തിയതി പ്രഖ്യാപന ചടങ്ങില്‍ ഹന്ന ഗബ്രിയേല്‍സിനെ കൂടാതെ യു.കെയില്‍ നടന്ന ലോക ഹെവി വെയ്റ്റ് ബോക്‌സിംഗില്‍ ചാംപ്യനായ അഗ്രോണ്‍, മെല്‍ബണ്‍ ഡി.ജെ.എം.സി സീരീസ് നമ്പര്‍ 6 ബോക്‌സിംഗ് ചാംപ്യന്‍ കെ എസ് വിനോദ്, ഡബ്ല്യു.ബി.സി മാനേജര്‍ അതുല്‍ സതീശന്‍,  ഡി.ജെ.എം.സി ചെയര്‍മാനും ഡബ്ല്യു.ബി.സി കെയര്‍  മിഡില്‍ ഈസ്റ്റിലെയും  ശ്രീലങ്കയിലെയും വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സിലില്‍ അംബാസിഡറുമായ ടന്‍സ്റ്റന്‍ റൊസാരിയോ,ഡബ്ല്യു.ബി.സി മാച്ച് മേക്കര്‍ ഡ്രെയിന്‍, ഡബ്ല്യു.ബി.സി (കെയര്‍) സൗത്ത് ഇന്ത്യന്‍ അംബാസിഡര്‍ അഡ്വ. കെ.വി സാബു എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തുക. സ്‌പോര്‍ട്‌സ് മിഷന്‍ ഇന്റര്‍നാഷണല്‍ ചെയര്‍പേഴ്‌സന്‍ ഉഷാ കൃഷ്ണകുമാര്‍, സ്‌പോര്‍ട്‌സ് മിഷന്‍ ദേശീയ ചെയര്‍മാന്‍ നെടുങ്കാവ് ഗോപാലകൃഷ്ണന്‍, സംസ്ഥാന പ്രസിഡന്റ് ഷിജു മാത്യു എന്നിവരും പങ്കെടുക്കും.

ഡി.ജെ.എം.സി സീരീസ് നമ്പര്‍ 7 ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പാണ് ഇക്കുറി കൊച്ചിയില്‍ നടക്കുന്നത്. വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സിലിന്റെ  നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഡി.ജെ.എം.സി സീരീസ് നമ്പര്‍ 6 ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എറണാകുളം ടൈറ്റില്‍  ബോക്‌സിംഗ് ക്ലബ്ബ് സി.ഇ.ഒയുമായ കെ എസ് വിനോദ് ആയിരുന്നു ജേതാവായത്.

ഡി,ജെ.എം.സി സീരീസ് നമ്പര്‍ 7 ചാംപ്യന്‍ഷിപ്പ്  അമേരിക്കയില്‍ നടത്താനാണ്  മെല്‍ബണില്‍ നടന്ന യോഗത്തിന്റെ തീരുമാനം. എന്നാല്‍ ഡബ്ല്യു.ബി.സി മിഡില്‍ വെയ്റ്റ് ഡി.ജെ.എം.സി സീരീസ് നമ്പര്‍ 6 ബോക്‌സിംഗ് ചാംപ്യന്‍ കെ.എസ് വിനോദ്, ഡബ്ല്യു.ബി.സി (കെയര്‍) സൗത്ത് ഇന്ത്യന്‍ അംബാസിഡര്‍ അഡ്വ. കെ.വി സാബു ചലച്ചിത്ര നിര്‍മ്മാതാവും വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (കെയര്‍) അംഗവുമായ ടോമിച്ചന്‍ മുളകുപാടം എന്നിവരുടെ ശ്രമഫലമായാണ് ഇക്കുറി ഇന്ത്യയെ വേദിയായി തിരഞ്ഞെടുത്തത്. ഇന്ത്യ വേദിയായാല്‍ കേരളത്തിലെ കൊച്ചിയില്‍ നടത്താമെന്നും ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി യുവതലമുറയ്ക്ക് ബോക്‌സിംഗിനോട് താല്‍പ്പര്യം വര്‍ധിച്ചുവരുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ലോകനിലവാരത്തിലുള്ള ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ് കേരളത്തില്‍ സംഘടിപ്പിക്കുന്നത് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ സഹായിക്കുമെന്നും സംഘടാകരെ ബോധ്യപ്പെടുത്താനായന്നെ് കെ.എസ് വിനോദ്, അഡ്വ.കെ.വി.സാബു എന്നിവര്‍ പറഞ്ഞു.  ഡബ്ല്യു.ബി.സി കെയറും ഡി.ജെ.എം.സിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.


 

Top