Society Today
Breaking News

കൊച്ചി: മാറുന്ന കാലഘട്ടത്തില്‍ എറണാകുളം ജില്ലയിലെ സോഷ്യല്‍ ക്ലബ്ബുകളില്‍ മുന്‍ നിരയിലുള്ള സെഞ്ചുറി ഫാമിലി ക്ലബ്ബ് ആധുനികതയുടെ അകമ്പടിയില്‍ മുഖം മിനുക്കുന്നു. ക്ലബ്ബില്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ക്ലബ്ബിന്റെ  36ാമത് വാര്‍ഷിക ആഘോഷവും മെയ് 18ന് നടക്കും. കൂടുതല്‍ ആധുനിക രീതിയില്‍ ക്ലബ്ബ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം  ഒരു കോടിയിലധികം രൂപ ചെലവഴിച്ചുകൊണ്ടുള്ള വികസന പദ്ധതികളാണ് ഭരണസമിതി വിഭാവനം ചെയ്തിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി 60  ലക്ഷത്തിലധികം രൂപ ഇതിനോടകം വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചു കഴിഞ്ഞു. ഇതില്‍ 21 ലക്ഷത്തോളം ചെലവഴിച്ചിരിക്കുന്നത്  എല്ലാ വിധ ആഢംബര സൗകര്യങ്ങളോടെ ആധുനിക രീതിയില്‍ നവീകരിച്ചിരിക്കുന്ന ലോഞ്ച് റസ്റ്റോറന്റിനാണ്.  ഉന്നത ശ്രേണിയിലുളള ബിസിനസ് സമൂഹത്തിനും എക്‌സിക്യൂട്ടീവുകള്‍ക്കും മറ്റും ബിസിനസ് മീറ്റിംഗുകള്‍ ചേരാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന വിധത്തിലുളള സൗകര്യങ്ങളോടെയാണ് ലോഞ്ച് റെസ്‌റ്റോറന്റ് ഒരുക്കിയിരിക്കുന്നത്.

പൊതുസമൂഹത്തെ ചേര്‍ത്തു നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ  നിര്‍മ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെയും  മൂന്നു നിലകളിലായുള്ള ക്ലബ്ബില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന്റെയും നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ക്കും  തുടക്കം കുറിയ്ക്കുകയാണ്. ഫാമിലികള്‍ക്ക് കൂടുതല്‍ മുന്‍ഗണനല്‍കിക്കൊണ്ടുളള പ്രവര്‍ത്തനങ്ങളുമായാണ് ക്ലബ്ബ് മുന്നോട്ടു പോകുന്നത്. 29 അംഗങ്ങളുമായി 1988 ല്‍ പാലാരിവട്ടത്ത് വാടക കെട്ടിടത്തില്‍ തുടക്കം കുറിച്ച സെഞ്ചുറി ക്ലബ്ബില്‍ ഇന്ന് 1450 ലധികം അംഗങ്ങളുണ്ട്.രണ്ട് റെസ്‌റ്റോറന്റുകള്‍, ബാര്‍, ഷട്ടില്‍ കോര്‍ട്ട്, സ്വിമ്മിംഗ് പൂള്‍, മികച്ച രീതിയിലുള്ള കോണ്‍ഫ്രന്‍സ് ഹാളുകള്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിങ്ങനെ എല്ലാവിധ സജ്ജീകരണങ്ങളോടുകൂടി പാലാരിവട്ടം, വെണ്ണലയില്‍ സ്വന്തമായുള്ള  1.60 ഏക്കര്‍ സ്ഥലത്താണ് ക്ലബ്ബ് നിലകൊള്ളുന്നത്.

 നവീകരിച്ച റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം 18 ന് നടക്കുന്ന ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷത്തിനോടനുബന്ധിച്ച് വൈകുന്നേരം ആറിന് ക്ലബ്ബ് പ്രസിഡന്റ് എം വി തോമസ് നിര്‍വ്വഹിക്കും. തുടര്‍ന്ന് ഏഴിന് നടക്കുന്ന ക്ലബ്ബ് ഡേ ആഘോഷത്തില്‍ ഹൈബി ഈഡന്‍ എം.പി, വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍, മുന്‍ എംഎല്‍എയും കൊച്ചി മുന്‍ മേയറുമായിരുന്ന ദിനേശ് മണി, മുന്‍ പിഎസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ക്ലബ്ബ് പ്രസിഡന്റ് എം.വി തോമസ്, സെക്രട്ടറി കെ ആര്‍ സജീവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Top