Society Today
Breaking News

കൊച്ചി: ആശയമാണ് ഏറ്റവും വലിയ സമ്പാദ്യമെന്നും എന്നാല്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കൂടി തയാറായാല്‍ ആശയം പണമാക്കി മാറ്റാന്‍  കഴിയൂ എന്നും കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ. പിന്തുണയുണ്ടെങ്കിലേ ശാക്തീകരണം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വളര്‍ച്ചയ്ക്കായി എംഎസ്എംഇ കളെ  ശാക്തീകരിക്കുന്നതിനായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ ഫിക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ആശയങ്ങളുടെ കൂടാരമാണ് നമ്മുടെ പുതുതലമുറ. പക്ഷെ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് നമ്മള്‍ ചിന്തിക്കണം. നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം എംഎസ്എംഇകളെ ശാക്തീകരിക്കുക എന്നതാണെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.

 ബിസിനസ് എപ്പോഴും ഉയര്‍ച്ചതാഴ്ചകള്‍ ഉള്ളതാണെന്നും പ്രതിബന്ധങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് സംരംഭകര്‍ ചിന്തിക്കേണ്ടതെന്നും മുഖ്യപ്രഭാഷണം നടത്തിയ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി.ആര്‍ ശേഷാദ്രി പറഞ്ഞു. നല്ല സമയത്തും മോശം സമയത്തും ഉപഭോക്താക്കള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ബാങ്കുകള്‍ സ്വീകരിക്കേണ്ട നയം. തിരിച്ചടവ് മുടക്കുന്നവരുടെ പട്ടിക പരിശോധിച്ചാല്‍ കേരളമാണ് മുന്നില്‍. എന്നാല്‍ ഇത് ബോധപൂര്‍വം സംഭവിക്കുന്നതല്ല. എങ്ങനെ പ്രതിരോധിക്കാം  എന്ന് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഏത് പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കൈമുതലാക്കണമെന്നും ശേഷാദ്രി ഓര്‍മ്മിപ്പിച്ചു.

എംഎസ്എംഇ മന്ത്രാലയം ജോ.ഡയറക്ടര്‍ ജി.എസ് പ്രകാശ് ആമുഖ പ്രസംഗം നടത്തി.  ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യുട്ടി ഡയറക്ടര്‍ എം. പ്രവീണ്‍,  ഫിക്കി മുന്‍ ചെയര്‍മാന്‍ ദീപക് അസ്വാനി, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഎസ്എംഇ ബിസിനസ് എജിഎം വിജയ് തോമസ് ജോണ്‍  എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ ഫിക്കി ടാക്‌സേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ. ഗോപാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. പി.ആര്‍ ശേഷാദ്രി, ജോണ്‍ കുര്യാക്കോസ്, വര്‍ക്കി പീറ്റര്‍, ദീപക് അസ്വാനി, സെന്തില്‍ കുമാര്‍, ഹിമാന്‍ഷു ശ്രീവാസ്തവ, ജ്യോതി ജോഷി, അജിത് കെ നായര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു  നന്ദി പറഞ്ഞു.ബിസിനസ് വളര്‍ച്ച, പ്രായോഗിക സമീപനം, വിജയകഥകള്‍ എന്നിവയെ കുറിച്ചുള്ള കഌസുകളും  വ്യവസായ, വാണിജ്യ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയും സെമിനാറിന്റെ ഭാഗമായി നടന്നു.

Top