1-June-2024 -
By. news desk
കൊച്ചി: ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയെ മുന്‍ നിരയിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഫെഡറേഷന് ഓഫ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രീസ് (എഫ്കെസിസിഐ) ''ദക്ഷിണ് ഭാരത് ഉത്സവ് 2024' സംഘടിപ്പിക്കുന്നു.ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലെ പ്രിന്‍സസ് ഷെറൈനില്‍ ഈ മാസം 15, 16 തീയതികളിലാണ് മെഗാ സൗത്ത് ഇന്ത്യന്‍ ടൂറിസം മേള നടത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുകയെന്നതാണ് മേളയുടെ ലക്ഷ്യമെന്ന് എഫ് കെ സി സിഐ വൈസ് ചെയര്മാന് എം ജി ബാലകൃഷ്ണ, ഡയറക്ടര്‍ ജെസ്സി ലോറന്‍സ്, ഡി ബി യു ചെയര്മാന് കെ. ശിവ ഷണ്മുഖം എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതിരുകളില്ലാത്ത വളര്‍ച്ച സാധ്യതകളുള്ള ടൂറിസം വ്യവസായത്തിലെ പങ്കാളികളെ ശാക്തീകരിക്കുന്നതിന് സൂക്ഷ്മതയോടെയും ഊര്‍ജ്ജസ്വലമായും രൂപകല്‍പ്പന ചെയ്തിരിക്കുന്ന രണ്ടു ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ വിവിധ പ്രോഗ്രാമുകളാണ് വാഗ്ദാനം ചെയ്യുന്നത്.ടൂറിസം നിക്ഷേപ സംഗമം, സമ്പന്നമായ സംസ്കാരം, വ്യത്യസ്തങ്ങളായ പാചകരീതികള്‍ എന്നിവയുടെ പ്രദര്‍ശനം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളുടെ ആകര്ഷണങ്ങള്, കോണ്‍ഫ്രറന്‍സുകള്‍, ബി 2 ബി, ബി 2 ജി ചര്‍ച്ചകളിലൂടെ അമൂല്യമായ നെറ്റ്വര്ക്കിംഗ് അവസരങ്ങള്‍ കണ്ടെത്തുക തുടങ്ങിയ നിരവധി പ്രോഗ്രാമുകളുടെ ഒരു നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
എക്സ്പോഷര്‍, നെറ്റ് വര്‍ക്കിംഗ്, നേരിട്ടുള്ള ഉപഭോത്കൃത ഇടപാടുകള്‍, ബിസിനസ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ എന്നിവയിലൂടെ ദക്ഷിണ് ഭാരത് ഉത്സവത്തില്‍ പങ്കെടുക്കുന്ന വ്യവസായികളുടെ വിപണിസാന്നിധ്യം വര്‍ദ്ധിക്കുന്നതിനൊപ്പം ബിസിനസിനോട് കൂടുതല്‍ അടുപ്പിക്കാനും, പഠിക്കാനും, വളര്‍ന്നുവരാനുമുള്ള ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക കൂടിയാകുമിത്. ടൂറിസം ഓര്‍ഗനൈസേഷനുകളുടെ ദൃശ്യപരതയും വ്യാപനവും വര്‍ദ്ധിപ്പിക്കാനുള്ള അസാധാരണ അവസരം കൂടിയാകുമിത്. ഇന്ത്യയിലെ ഏറ്റവും പഴയതും, രാജ്യത്തെ ആദരണീയവുമായ എഫ്.കെ.സി.സിഐയും കര്‍ണാടക ടൂറിസം വകുപ്പും തമ്മിലുള്ള സഹകരണം ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ലോക ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയെ മുന്‍നിരയിലേക്ക് നയിക്കാനും മേള അവസരമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ റോഡ്ഷോയുടെ ഉദ്ഘാടനം കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് നിര്‍വ്വഹിച്ചു. ചാണ്ടി ഗ്രൂപ്പ് സി ഇ ഒ അലന് കുരുവിള, എഫ് കെ സി സി ഐ ഭാരരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.