19-June-2024 -
By. sports desk
കൊച്ചി: നിര്‍മിത ബുദ്ധിയടക്കമുള്ള നവീനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംസ്ഥാനത്തെയും രാജ്യത്തെയും ബാസ്കറ്റ്ബോളിനെ നവീകരിക്കാന്‍ ഒരുങ്ങി സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് . കേരളത്തില്‍ ബാസ്കറ്റ്ബോളിന് വ്യാപകമായ പ്രചാരണവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് സ്കൂള്‍ തലം മുതല്‍ പരിശീലന പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷനും സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള 12 വര്‍ഷത്തെ സഹകരണത്തിന് ധാരണയായി. മീരാന്‍ സ്പോര്‍ട്സുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക സ്റ്റാര്‍ട്ടിംഗ് ഫൈവിന്റെ ലോഗോ പ്രകാശനം സിന്തൈറ്റ് ഗ്രൂപ്പ് ചെയര്മാന് വിജു ജേക്കബ് കൊച്ചിയില്‍ വില്ലിംഗ്ഡണ്‍ ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
കേരളത്തിലെ ബാസ്കറ്റ്ബോളിന് പ്രചാരണം നല്‍കുന്നതിനും അതിന്റെ താഴെക്കിടയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സംസ്ഥാനത്തെ സ്കൂള്‍ തലത്തില്‍ (9 മുതല്‍ 13 വയസ്സുവരെയുള്ളവര്‍) പ്രതിഭകളെ വളര്‍ത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള എസ് 5 ഗ്രാസ്റൂട്ട്സിന്റെ സമാരംഭവും ചടങ്ങില്‍ നടന്നു.കേരളത്തിലെ എല്ലാ ജില്ലകളിലെയും ബാസ്ക്കറ്റ്ബോള്‍ രംഗത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്ന കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്റെ (കെബിഎ) പിന്തുണയോടെയാണ് മുഴുവന്‍ സംരംഭവും നടപ്പാക്കുന്നതെന്ന് സ്റ്റാര്‍ട്ടിംഗ് ഫൈവിന്റെ ഡയറക്ടര്‍ ജേക്കബ് പുരക്കല്‍ ചടങ്ങില്‍ പറഞ്ഞു. ചിട്ടയായതും നൂതനവുമായ നിരവധി സംരംഭങ്ങളിലൂടെ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുത്ത് ഇന്ത്യന്‍ ബാസ്ക്കറ്റ്ബോളില്‍ കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സഹായിക്കാനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ബാസ്കറ്റ്ബോളിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഒരു സ്വകാര്യ പങ്കാളിക്കൊപ്പം കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷനും കൈകോര്‍ക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്നും ഇതൊരു മികച്ച മാതൃകയാണെന്നും വരും വര്‍ഷങ്ങളില്‍ മറ്റുള്ള സംസ്ഥാനങ്ങളിലെ അസ്സോസിയേഷനുകളും ഇത് പിന്തുടരാന് ശ്രമിക്കണമെന്ന് ബാസ്ക്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആധവ് അര്ജുന് പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യകളും നൂതന സമ്പ്രദായങ്ങളും ബാസ്കെറ്റ്ബോളിനെ നവീകരിക്കാന്‍ ഉപയോഗിക്കേണ്ട സമയമാണിതെന്ന് സ്റ്റാര്‍ട്ടിംഗ് ഫൈവ് പ്രമോട്ടര്‍മാരില്‍ ഒരാളായ ജോസഫ് സി ജോസഫ് പറഞ്ഞു. ഇത്തരത്തില്‍ നവസാങ്കേതിക വിദ്യയുടെ ഉപയോഗം ബാസ്കറ്റ്ബോലിന്റെ വ്യത്യസ്ത തലങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാസ്കറ്റ്ബോള്‍ അസ്സോസിയേഷനുമായുള്ള സഹകരണം വഴി ആദ്യ മൂന്ന് വര്ഷങ്ങള്ക് കൊണ്ട് തന്നെ കളിക്കാരുടെ ടാലന്റ് പൂളില്‍ 300% വര്‍ദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടിംഗ് ഫൈവിന്റെ വെബ്സൈറ്റ് പ്രകാശനം ചലച്ചിത്ര സംവിധായകന് സിബി മലയില്‍ നിര്‍വഹിച്ചു. കേരള ബാസ്കെറ്റ്ബോളിലെ കഴിഞ്ഞ നാല് ദശാബ്ദങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച നൂറോളം കളിക്കാര്‍ ഉള്‍പ്പെടെ 200ലധികം ബാസ്ക്കറ്റ്ബോള്‍ പ്രേമികള്‍ ചടങ്ങില്‍ പങ്കെടുത്തു.
തോമസ് ജോര്‍ജ് മുത്തൂറ്റ് (ഡയറക്ടര്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്), നവാസ് മീരാന്‍ (ചെയര്മാന്, ഗ്രൂപ്പ് മീരാന്‍), ഫിറോസ് മീരാന്‍ (മീരാന്‍സ് സ്പോര്‍ട്സ്, മാനേജിംഗ് ഡയറക്ടര്‍), കെബിഎ പ്രസിഡന്റ് മനോഹര കുമാര്‍, ആജീവനാന്ത കെബിഎ പ്രസിഡന്റ് പി ജെ സണ്ണി, മുന്‍ സെക്രട്ടറി ഡോ എം എം ചാക്കോ, കെബിഎ സെക്രട്ടറി സി ശശിധരന്, മുന്‍ ഇന്റര്‍നാഷണല്‍ മുഹമ്മദ് ഇഖ്ബാല്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സി വി സണ്ണി, റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ എക്സിക്യൂട്ടീവ് സെക്രട്ടറി എസ് എ എസ് നവാസ്, കേരള ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി കെ അനില്‍ കുമാര്‍, സ്റ്റാര്‍ട്ടിങ് ഫൈവ് ഡയറക്ടര്‍ അജികുമാര്‍ നായര്‍, ടീം റീബൗണ്ട് സെക്രട്ടറി കെ എ സലീം, കോശി എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.