Society Today
Breaking News

കൊച്ചി: തായ്‌ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന 2023 എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് (എആര്‍ആര്‍സി) ആദ്യ റൗണ്ടിന്റെ രണ്ടാം റേസിലും നേട്ടം തുടര്‍ന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. രണ്ടാം റേസില്‍ കാവിന്‍ ക്വിന്റലും മലയാളി സഹതാരം മൊഹ്‌സിന്‍ പറമ്പനും ടീമിനായി പോയിന്റ്് നേടി. ഏഷ്യന്‍ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ കാവിന്‍ ക്വിന്റല്‍ 11ാം സ്ഥാനത്തും, മൊഹ്‌സിന്‍ 13ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യറേസില്‍ 15ാം സ്ഥാനം നേടിയ കാവിന്‍ രണ്ടാം റേസില്‍ നേട്ടം മെച്ചപ്പെടുത്തി അഞ്ച് പോയിന്റും നേടി. ഇതോടെ താരത്തിന്റെ ആകെ പോയിന്റ്് നേട്ടം ആറായി.21ാം സ്ഥാനത്ത് മത്സരം തുടങ്ങിയ മൊഹ്‌സിന്‍ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നിര്‍ണായകമായ മൂന്ന് പോയിന്റും നേടി. ആദ്യറേസില്‍ 19ാം സ്ഥാനത്തായിരുന്നു ഇരുപതുകാരന്റെ ഫിനിഷിങ്. ആദ്യറൗണ്ട് സമാപിച്ചതോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക ടീമായ ഹോണ്ട റേസിങ് ഇന്ത്യയുടെ ആകെ പോയിന്റ് സമ്പാദ്യം ഒന്‍പതായി.
തായ്‌ലാന്റ്് ടാലന്റ് കപ്പിന്റെ രണ്ടാം റേസിലും ഹോണ്ടയുടെ ഇന്ത്യന്‍ യുവറൈഡര്‍ റഹീഷ് ഖത്രി പോയിന്റ് നേട്ടം ആവര്‍ത്തിച്ചു. ആദ്യറേസിന് സമാനമായി 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരം അഞ്ച് പോയിന്റുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ടീമിന്റെ ആകെ പോയിന്റ് നേട്ടം പത്താക്കി ഉയര്‍ത്തി. പരിക്ക് കാരണം സഹതാരം ശ്യാം സുന്ദറിന് രണ്ടാം റേസിലും മത്സരം തുടങ്ങാനായില്ല.എആര്‍ആര്‍സിയിലും ടിടിസിയിലും ഒരു പുതിയ ടീമെന്ന നിലയില്‍ ഇന്ത്യന്‍ ടീം എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസ് പ്രഭു നാഗരാജ് പറഞ്ഞു. തായ്‌ലന്‍ഡ് റൗണ്ട് ഒരു നീണ്ട സീസണിന്റെ തുടക്കം മാത്രമാണ്. മലേഷ്യയില്‍ നടക്കുന്ന അടുത്ത റൗണ്ടിലേക്ക് ടീം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top