27-April-2023 -
By. news desk
കൊച്ചി: ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്ക്കുമായി വിശ്വ രക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗം എറണാകുളം ജില്ലയില്‍ ഇന്ന് (28.04.23)സമാപിക്കും. എറണാകുളം പാവക്കുളം മഹാദേവക്ഷേത്രത്തില്‍ പൊളളാച്ചി ശ്രീ ആദിശക്തി ഭുവനേശ്വരി പീഠത്തിലെ ശ്രീദത്താത്രേയ അവധൂത ഗുരുപരമ്പര ബ്രഹ്മശ്രീ ജിതേഷ് സുബ്രമഹ്ണ്യത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന യാഗം സാമ്രാജ്യ ലക്ഷ്മി പൂജയോടെയാണ് ഇന്ന് സമാപിക്കുന്നത്. യാഗത്തിന് സമാപനം കുറിച്ച് ഉച്ചയ്ക്ക് 12 ന് മഹാപൂര്‍ണാഹൂതിയും നടക്കും. നൂറു കണക്കിന് ഭക്തരാണ് രണ്ടാം ദിനമായിരുന്ന ഇന്നലെയും യാഗത്തില്‍ പങ്കെടുത്ത് അനുഗ്രഹം നേടാനായി പാവക്കുളം ക്ഷേത്രത്തില്‍ എത്തിയത്.
സ്വാമിനി വിഷ്ണുപ്രിയാനന്ദപുരിയുടെ നേതൃത്വത്തില്‍ സല്‍സംഗവും വൈകിട്ട് ഡോ.ശ്രീനാഥ് കാര്യാട്ടിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. സൂര്യകാലടി ബ്രഹ്മശ്രീ സുബ്രമഹ്ണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ 25 ന് നടന്ന വാഞ്ഛ കല്‍പലത ഗണപതിഹോമത്തോടെയായിരുന്നു നവചണ്ഡികാ യാഗം ആരംഭിച്ചത്. ബ്രഹ്മശ്രി പുലിയന്നൂര്‍ പ്രശാന്ത് തിരുമേനി,ഏഴിക്കോട് കൃഷ്ണദാസ് തിരുമേനി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മഹാമൃത്യുഞ്ജയ ഹോമവും നടന്നു. കൂടാതെ സാംസ്‌കാരിക സമ്മേളനം പറശ്ശിനി മടപ്പുരയുടെ മുത്തപ്പന്‍ വെളളാട്ടം,സല്‍സംഗങ്ങള്‍,പ്രഭാഷണങ്ങള്‍ എന്നിവയും യാഗ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. മെയ് 12 മുതല്‍ 14 വരെ തിരുവനന്തപുരത്തും മെയ് 28 മുതല്‍ 30 വരെ കൊല്ലത്തും ആണ് അടുത്ത നവചണ്ഡികാ യാഗം നടക്കുന്നത്.തുടര്‍ന്ന് മറ്റു ജില്ലകളിലും നവചണ്ഡികാ യാഗം നടക്കും.2024 ഏപ്രില്‍ 28 മുതല്‍ മെയ് ഏഴു വരെ തൃശ്ശൂരില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന യാഗത്തിന് സമാപനം കുറിക്കും.