28-April-2023 -
By. news desk
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പും ആന സ്‌ക്വാഡും സജ്ജമായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വടക്കുംനാഥന്‍ കൊക്കൂര്‍ണിപ്പറമ്പില്‍ പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പരിശോധന റവന്യു മന്ത്രി കെ രാജന്‍ വിലയിരുത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന ആനയെയാണ് മൃഗസംരക്ഷണ വകുപ്പ് ആദ്യം പരിശോധിച്ചത്. കടുത്ത വേനലില്‍ ആനകളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധവേണമെന്ന് മന്ത്രി കെ രാജന്‍ നിര്‍ദേശിച്ചു.ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ലത മേനോന്റെ നേതൃത്വത്തില്‍ 52 വെറ്ററിനറി ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
പൂരത്തോടനുബന്ധിച്ച് ആനകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ നല്‍കാനുള്ള സൗകര്യവും മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. രേഖകളുടെ പരിശോധന, ആനകളുടെ ആരോഗ്യാവസ്ഥ വിലയിരുത്തല്‍ എന്നിവ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍എം ജെ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തും.പൂര ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകളെയെല്ലാം വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്തിട്ടുള്ള പരിചയം, മദകാലം, അനുസരണ, പാപ്പാന്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. നിലവില്‍ 95 ആനകളെ പരിശോധിക്കാനുള്ള അപേക്ഷയാണ് നല്‍കിയിരിക്കുന്നത്. വൈകിട്ട് നാല് മുതല്‍ പത്ത് മണി വരെയാണ് പരിശോധന.