11-May-2023 -
By. sports desk
കൊച്ചി: 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് (എആര്‍ആര്‍സി) രണ്ടാം റൗണ്ടിനായി ഹോണ്ട റേസിങ് ഇന്ത്യ ടീം മലേഷ്യയില്‍ എത്തി. മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ആദ്യറൗണ്ട് സമാപിച്ച് ഏഴ് ആഴ്ച്ചകള്‍ക്ക് ശേഷം അടുത്ത റൗണ്ടിന് വേദിയൊരുങ്ങുന്നത്. തായ്ലാന്‍ഡിലെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ഹോണ്ട ടീമിന്റെ കാവിന് ക്വിന്റല്‍, മലയാളി താരം മുഹ്സിന് പി എന്നിവര്‍ കൂടുതല്‍ പോയിന്റുകളാണ് രണ്ടാം റൗണ്ടില്‍ ലക്ഷ്യമിടുന്നത്.ഏഷ്യയിലെ ഏറ്റവും പ്രയാസമേറിയ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഏഷ്യാ പ്രൊഡക്ഷന്‍ 250സിസി (എപി250സിസി) വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക ടീമാണിത്. ആദ്യറൗണ്ടില്‍ ടീം 9 പോയിന്റുകള്‍ നേടിയിരുന്നു. ആദ്യറൗണ്ടില്‍ ആകെ 6 പോയിന്റുകള്‍ നേടി ചെന്നൈ സ്വദേശിയായ കാവിന് മികച്ച പ്രകടനം നടത്തിയിരുന്നു.
നിലവില്‍ 13ാം സ്ഥാനത്താണ് താരം. പുതുമുഖ റൈഡര്‍ മൊഹ്സിന്‍ ആണ് കാവിന് ശക്തമായ പിന്തുണ നല്‍കുന്നത്. എആര്‍ആര്‍സിയിലെ തന്റെ അരങ്ങേറ്റ സീസണില്‍ 3 പോയിന്റുമായി 17ാം സ്ഥാനത്താണ് മലപ്പുറം സ്വദേശിയായ യുവതാരം ഫിനിഷ് ചെയ്തത്.ആദ്യ റൗണ്ടില്‍ തങ്ങളുടെ രണ്ട് യുവ താരങ്ങളും ടീമിനായി പോയിന്റുകള്‍ നേടി. രണ്ടാം റൗണ്ടില്‍ പങ്കെടുക്കാനായി ടീം ഉത്സാഹത്തിലാണ്. ആദ്യമായി മത്സരിക്കുന്നതിനാല്‍ സെപാങ് സര്‍ക്യൂട്ട് മൊഹ്സിന്‍ വെല്ലുവിളി നല്‍കിയേക്കാം, എന്നാല്‍ കാവിന് ക്വിന്റലിന് ഇതിനകം തന്നെ ട്രാക്ക് പരിചിതമാണ്. ഈ അനുഭവം കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ സഹായിക്കും. തങ്ങളുടെ റൈഡര്‍മാര്‍ കഠിനമായി പരിശീലിച്ചു. മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് ഓപ്പറേറ്റിങ് ഓഫീസര്‍ പി. രാജഗോപി പറഞ്ഞു.