Society Today
Breaking News

കൊച്ചി: സംസ്ഥാനത്തിന്റെ തന്നെ പൊതുഗതാഗത രംഗത്ത് വിപഌവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചിട്ട് ഈ ജൂണ്‍ പതിനേഴിന് ആറ് വര്‍ഷം തികയുകയാണ്. കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച ജൂണ്‍ പതിനേഴ് കഴിഞ്ഞ വര്‍ഷം മുതല്‍ കേരള മെട്രോ റെയില്‍ ഡേ ആയി ആചരിച്ച് വരികയാണ്. ആറാം വാര്‍ഷികത്തോടനുബന്ധിച്ചും കേരള മെട്രോ റെയില്‍ ദിനാചരണത്തിന്റെയും ഭാഗമായി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങള്‍ നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെഎംആര്‍എല്‍. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരില്‍  ഇന്നു മുതല്‍ മെട്രോ സ്‌റ്റേഷനുകളില്‍ വിവിധ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ പതിനേഴിന് യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.

കൊച്ചി മെട്രോയും താരസംഘടനയായ അമ്മയും ചേര്‍ന്നൊരുക്കുന്ന മെട്രോ ഷോര്‍ട്ട് ഫിലിം മത്സരത്തിന് മികച്ച പ്രതികരമാണ് ലഭിച്ചത്. അറുപതിലേറെ ടീമുകള്‍ പങ്കെടുക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളാണ്. സിനിമ നിര്‍മ്മാതാക്കളായ മഹാസുബൈര്‍ വര്‍ണ്ണചിത്ര പ്രൊഡക്ഷന്‍സ് ആണ് ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 25000, 15000, 10000 രൂപ വീതമാണ് സമ്മാനം ലഭിക്കുക.പതിനൊന്ന് മുതല്‍ പതിനേഴാം തീയതി വരെ ആലുവ,കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ എട്ട് സ്‌റ്റേഷനുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രദര്‍ശനവില്‍പ്പന മേള സംഘടിപ്പിക്കുന്നുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്കും കൊച്ചി മെട്രോയുടെ പിറന്നാളാഘോഷങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. വാര്‍ഷിക ദിനമായ ജൂണ്‍ പതിനേഴിന് എഡ്രാക്കിന്റെ നേതൃത്വത്തില്‍ കലൂര്‍ മെട്രോ സ്‌റ്റേഷനില്‍ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവില്‍പ്പന മേള ഒരുക്കും. ആഘോഷങ്ങളുടെ ഭാഗമായി ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെ കൊച്ചി മെട്രോ 'ബോബനും മോളിയും' എന്ന പേരില്‍ ഓപ്പണ്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് പ്രായഭേദമെന്യേ ഒരു പുരുഷനും ഒരു വനിതയുമടങ്ങുന്ന ടീമുകളായി മത്സരത്തില്‍ പങ്കെടുക്കാം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങള്‍ കൊച്ചി മെട്രോയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടക്കും. മെട്രോ ദിനമായ ജൂണ്‍ 17 ന് ഉച്ചക്ക് 2  മണിക്ക് പ്രിലിമിനറി റൗണ്ടും തുടര്‍ന്ന് സെമി ഫൈനലും ഫൈനലും വൈറ്റില മെട്രോ സ്‌റ്റേഷനില്‍ വച്ച് നടക്കും. ക്വിസ് മത്സരത്തില്‍ മുന്‍ കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അവസരം. രജിസ്‌ട്രേഷന്‍ ഫീ ഇല്ല. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +91 79076 35399 എന്ന നമ്പറില്‍ ബന്ധപ്പെടാം. ജൂണ്‍ പതിനേഴിന് ചിത്രരചന മത്സരവും 15 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ചെസ് മത്സരവും സംഘടിപ്പിക്കുണ്ട്. ജൂണ്‍ പത്തിന് ഇടപ്പിള്ളി മെട്രോ സ്‌റ്റേഷനില്‍ സാം അക്കാദമിയുടെ സഹകരണത്തോടെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പൊതുജനങ്ങള്‍ക്കായി വിവിധ ബോര്‍ഡ് ഗെയിമുകളും പതിനൊന്നിന് ഉച്ചക്ക് രണ്ട് മണി മുതല്‍ ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ ചെസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

ജൂണ്‍ പതിനഞ്ചിന് കൊച്ചി മെട്രോയുടെ ട്രെയിനുകളില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ തത്സമയം വരച്ച് സമ്മാനിക്കും. തുടര്‍ന്ന് ഇവയില്‍ ചില കാരിക്കേച്ചറുകള്‍ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പ്രദര്‍ശിക്കും. ജൂണ്‍ പതിനാറിന് എസ്.സി.എം.എസ് കോളേജിന്റെ സഹകരണത്തോടെ ഒരു ദിവസം നീണ്ട് നില്‍ക്കുന്ന പൊതുഗതാഗത കോണ്‍ക്ലേവ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സംഘടിപ്പിക്കും. 'റീഇമാജിനിംഗ് പബഌക് ട്രാന്‍സ്‌പോര്‍ട്ട് ഇക്കോസിസ്റ്റം' എന്ന വിഷയത്തിലാണ് കോണ്‍ക്ലേവ്. ജൂണ്‍ 22 മുതല്‍ 25 വൈറ്റില മെട്രോ സ്‌റ്റേഷനില്‍ എം ക്ലബ്ബ് എന്റര്‍ടെയ്ന്‍മെന്റിന്റെ സഹകരണത്തോടെ ഫ്‌ലവര്‍ ആന്‍ഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്. വിവിധയിനം മാങ്ങകള്‍, ചെടികള്‍ എന്നിവയ്‌ക്കൊപ്പം എക്‌സോട്ടിക് പെറ്റ്‌സ് സ്റ്റാളുകളും ഫെസ്റ്റില്‍ ഒരുക്കുന്നുണ്ട്. കൊച്ചി മെട്രോയുടെ വാര്‍ഷിക ആഘോഷ പരിപാടികളില്‍ പങ്കാളികളാകാന്‍ എല്ലാവരെയും മെട്രോ സ്‌റ്റേഷനുകളിലേക്ക് സ്വാഗതം ചെയ്യുന്നു.


 

Top