Society Today
Breaking News

കൊച്ചി:അശാസ്ത്രീയമായ വൈദ്യുതി നിരക്ക് വര്‍ധനവിലും കണക്ടഡ് ലോഡിന്റെ പേരില്‍ വ്യാപാരികള്‍ക്ക് അന്യായമായി പിഴ ചുമത്തുന്നതിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ എറണാകുളം സെമിത്തേരി മുക്കിലെ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയറുടെ ഓഫിസ്  ഉപരോധിച്ച് ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസ്, എകോപന സമിതി ജില്ലാ കമ്മിറ്റിയംഗം കെ.സി സുനീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പ്രതിഷേധത്തിനൊടുവില്‍ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെ രാവിലെ പത്തരയോടെ എറണാകുളം സെമിത്തേരിമുക്കില്‍ നിന്നാണ് ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ വനിതകളടക്കം നൂറു കണക്കിന് വ്യാപാരികള്‍ ചീഫ് എഞ്ചിനീയറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫിസ് കവാടത്തിനു മുന്നില്‍ പോലിസ് മാര്‍ച്ച്  തടഞ്ഞു. തുടര്‍ന്ന്  യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസിന്റെ അധ്യക്ഷതയില്‍ നടന്ന ഉപരോധ സമരം  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങളോട് സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പി.സി ജേക്കബ്ബ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന സാമ്പത്തിക സ്രോതസ്സിന്റെ കേന്ദ്രവും തൊഴില്‍ ദായകരുമായ കേരളത്തിലെ വ്യാപാരി സമൂഹത്തെ സര്‍ക്കാര്‍ സര്‍വ്വ മേഖലയിലൂടെയും അനുദിനം ദ്രോഹിക്കുകയാണ്്.

ഇനിയും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലങ്ങളോമിങ്ങോളം ശക്തമായ പ്രക്ഷോഭവുമായി വ്യാപാര സമൂഹം തെരുവിലറങ്ങുമെന്നും പി സി ജേക്കബ്ബ് പറഞ്ഞു. കണക്ടഡ് ലോഡിന്റെ പേര് പറഞ്ഞ് കേരളത്തിലെ ചെറുകിടക്കാര്‍ അടക്കമുള്ള വ്യാപാരികള്‍ക്ക് അന്യായമായി കനത്ത പിഴ ചുമത്തുന്ന നടപടി കെ.എസ്.ഇ.ബി  അവസാനിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ റിയാസ് ആവശ്യപ്പെട്ടു. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസര്‍,ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യത്ത്,നിയോജകണ്ഡലം പ്രസിഡന്റ് എം.സി പോള്‍സണ്‍,ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്,യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് നിഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 

Top