19-June-2023 -
By. Business Desk
കൊച്ചി: പ്രതിവര്‍ഷം 7 ശതമാന ത്തോളം പലിശ നിരക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആക്റ്റീവ്മണി എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. തങ്ങളുടെ ഫണ്ടുകള്‍ ഏത് സമയത്തും കൈകാര്യം ചെയ്യുവാനുള്ള അവസരവും ഈ പുതിയ പദ്ധതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന് കൊടക് മഹീന്ദ്ര ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്കിങ്ങ് ഗ്രൂപ്പ് പ്രസിഡന്റും ഹെഡ്ഢുമായ വിരാട് ദിവാന്‍ജി പറഞ്ഞു. അക്കൗണ്ടിലുള്ള അധിക ഫണ്ടുകള്‍ നിശ്ചിതമായ ഒരു തലത്തിനപ്പുറത്തേക്ക് എത്തുമ്പോള്‍ അത് സ്വമേധയാ സ്ഥിര നിക്ഷേപത്തിലേക്ക് കൈമാറ്റം ചെയ്യുന്ന ആക്റ്റീവ്മണി ഇതിലൂടെ തങ്ങളുടെ സമ്പാദ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന പലിശ നേടുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇന്ത്യയിലെ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലുമായി 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന കാലയളവില്‍ സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ മൊത്തത്തില്‍ 62.9 ലക്ഷം കോടി രൂപ ഉണ്ടെന്നാണ് ആര്‍ബിഐയുടെ ഒരു കണക്ക് പറയുന്നത്.
3.5% പ്രതിവര്‍ഷം ശരാശരി പലിശയാണ് ഇതിന് ലഭിക്കുന്നത്. അതേസമയം സ്ഥിര നിക്ഷേപം, ലിക്വിഡ് ഫണ്ടുകള്‍ തുടങ്ങിയവക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് കൂടുതല്‍ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നു. 180 ദിവസങ്ങളിലേക്ക് പ്രതിവര്‍ഷം 7%* എന്ന പലിശ നിരക്കാണ് സേവിങ്ങ്‌സ് അക്കൗണ്ടിലെ പണത്തിന് ആക്റ്റീവ്മണിയിലൂടെ കൊടക് നല്‍കാന്‍ പോകുന്നത്. അതോടൊപ്പം തന്നെ കാലാവധി തീരുന്നതിനു മുന്‍പുള്ള പിന്‍വലിക്കലിന് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാധകമായ ചാര്‍ജ്ജുകളൊന്നും ഇതിന് ഈടാക്കുന്നുമില്ല. അതുകൊണ്ട് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം രണ്ടിന്റേയും ഗുണങ്ങള്‍ ഒരുപോലെ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളെ മനസ്സില്‍ കണ്ടുകൊണ്ടുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് തങ്ങളുടെ ബിസിനസ് തന്ത്രത്തിന്റെ മുഖ്യ ഭാഗം. ആക്റ്റീവ്മണിയിലൂടെ ഇന്ത്യക്കാരുടെ സമ്പാദ്യ സംസ്‌കാരത്തിന്റെ മാതൃക തന്നെ മാറ്റുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. ഏത് സമയത്തും ഫണ്ടുകള്‍ കൈകാര്യം ചെയ്യുവാനുള്ള അവസരം നിലനിര്‍ത്തിക്കൊണ്ടും കാലാവധി തീരുന്നതിനു മുന്‍പുള്ള പിന്‍വലിക്കലിന് പിഴ ഈടാക്കാതേയും സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് തങ്ങള്‍ ഈ മാറ്റത്തിന് ശ്രമിക്കുന്നതെന്നും വിരാട് ദിവാന്‍ജി പറഞ്ഞു.