സര്‍ട്ടിഫിക്കേഷനുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണികളില്‍ ആവശ്യക്കാരേറുന്നു
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള മത്സ്യയിനങ്ങള്‍ക്ക് ആഗോള സുസ്ഥിരത സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്ന നടപടികളിലേക്ക് ഈ വര്‍ഷം അവസാനത്തോടെ കടക്കാനാകുമെന്ന് പ്രതീക്ഷ. സര്‍ട്ടിഫിക്കേഷന്‍ നടപടികളുടെ രീതികള്‍ പരിചയപ്പെടുത്തുന്നതിനായി കൊച്ചിയില്‍ നടന്ന പരിശീലന ശില്‍പശാലയിലാണ് രാജ്യത്തെ സീഫുഡ് കയറ്റുമതിക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന വിലയിരുത്തല്‍.സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 12 ഇനങ്ങളില്‍ മിക്കവയുടെയും ശാസ്ത്രീയ അവലോകനം അവസാന ഘട്ടത്തിലാണ്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കേഷന്‍ നിലവാരത്തിന് അനുസൃതമായി ഇവയെ ഓഡിറ്റിംഗിന് വിധേയമാക്കും.
മത്സ്യസമ്പത്തിന്റെ സുസ്ഥിരത, കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഫലപ്രദമായ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് ആവശ്യമാണ്.ആഗോള വിപണികളില്‍ ആവശ്യക്കാരേറുന്നുആഗോള വിപണികളില്‍ സുസ്ഥിരത സര്‍ട്ടിഫിക്കേഷനുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത ഗണ്യമായി വര്‍ധിച്ചുവരുന്നതായി ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. ലോകമെമ്പാടുമുള്ള മൊത്തം സമുദ്ര മത്സ്യബന്ധനത്തിന്റെ 15%ത്തിലധികവും സുസ്ഥിരത സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചവയാണ്. ഇവയുടെ ആവശ്യകത ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. നിലവില്‍ 63 രാജ്യങ്ങള്‍ എം.എസ്.സി. സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് എം.എസ്.സി.യുടെ ഫിഷറീസ് സ്റ്റാന്‍ഡേര്‍ഡ് ആക്‌സസിബിലിറ്റി മേധാവി അമാന്‍ഡ ലെജ്‌ബോവിച്ച് പറഞ്ഞു.കയറ്റുമതി വളര്‍ച്ച, ഉയര്‍ന്ന വിപണി എന്നിവയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് സുസ്ഥിരത സര്‍ട്ടിഫിക്കേഷന്‍. യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ തുടങ്ങി അന്താരാഷ്ട്ര വിപണികളില്‍ സുസ്ഥിരത മുദ്രയുള്ള സമുദ്രോല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്നും അവര്‍ പറഞ്ഞു.
സുസ്ഥിരത നിര്‍ണയിക്കുന്നതിനുള്ള ഓഡിറ്റിംഗ് രീതികള്‍ സര്‍വകലാശാലകളിലെ ഫിഷറീസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ശില്‍പശാലയില്‍ ആവശ്യമുയര്‍ന്നു.സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി മുന്‍ ചെയര്‍മാനും സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ ഡോ കെ എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡോ സുനില്‍ മുഹമ്മദ്, ജി പവന്‍ കുമാര്‍, അലക്‌സസ് നൈനാന്‍ എന്നിവര്‍ സംസാരിച്ചു.സസ്റ്റയിനബിള്‍ സീഫുഡ് നെറ്റ് വര്‍ക് ഓഫ് ഇന്ത്യ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചത്. സിഫ്റ്റ്, കുഫോസ്, കുസാറ്റ്, ഫിഷറി സര്‍വേ ഓഫ് ഇന്ത്യ, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവയിലെ വിദഗ്ധര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, പരിസ്ഥിതി വിദഗ്ധര്‍, സുസ്ഥിരത നിര്‍ണയ ഓഡിറ്റര്‍മാര്‍, കയറ്റുമതിവ്യവസായ പ്രതിനിധികള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.