കാലാവസ്ഥാവ്യതിയാന ഗവേഷണ ചര്‍ച്ചകള്‍ക്ക് പ്രത്യേക ഊന്നല്‍.വര്‍ധിച്ചുവരുന്ന സമുദ്രതാപനിലയും സമുദ്രപരിസ്ഥിതി നേരിടുന്ന പുതിയ വെല്ലുവിളികളും ചര്‍ച്ചയാകും
കൊച്ചി: നാലാമത് അന്തരാഷ്ട്ര മറൈന്‍ സിമ്പോസിയം ‘മീകോസ് 4’ നവംബര്‍ നാല് മുതല്‍ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കും. സമുദ്രതാപനിലയിലെ വര്‍ധനവ് പോലുള്ള ഭീഷണികള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥാവ്യതിയാന പഠനങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് സിമ്പോസിയം ഊന്നല്‍ നല്‍കും. സിഎംഎഫ്ആര്‍ഐയുമായി സഹകരിച്ച് മറൈന്‍ ബയോളിജക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് (എംബിഎഐ) ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.സമ്മേളനത്തില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ സമുദ്രശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നയരൂപീകരണ വിദഗ്ധര്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിക്കും.ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി, കാലാവസ്ഥാവ്യതിയാനം, ഉല്‍പാദനം, വിപണനം, ഉപജീവനമാര്‍ഗ്ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ സെഷനുകളില്‍ ചര്‍ച്ചകള്‍ നടക്കും. കടല്‍ സസ്തനികളെ കുറിച്ചും കടല്‍ പക്ഷികളെ കുറിച്ചും പ്രത്യേക സെഷനുകളുണ്ട്. ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന ഭീഷണികളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
സിമ്പോസിയത്തിലെ ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവഗവേഷകര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടറും എംബിഎഐ പ്രസിഡണ്ടുമായ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന 35 വയസ്സിന് താഴയുള്ള ഗവേഷകര്‍ക്ക് അഞ്ച് യങ് മറൈന്‍ ബയോളജിസ്റ്റ് പുരസ്‌കാരങ്ങള്‍ നേടാനുള്ള അവസരമുണ്ട്. കൂടാതെ, സമുദ്രമത്സ്യ മേഖലയില്‍ പ്രഗല്‍ഭരായിരുന്ന ശാസ്ത്രജ്ഞരുടെ സ്മരണക്കായി അഞ്ച് സ്മാരക പുരസ്‌കാരങ്ങളും സിമ്പോസിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗവേഷണ സ്ഥാപനങ്ങളുടെയും വ്യവസായസ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന മത്സ്യ, കാര്‍ഷിക, മറൈന്‍ പ്രദര്‍ശനവും അനുബന്ധമായി നടക്കും. സിമ്പോസിയത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഗണ്യമായ രീതിയില്‍ ഫിസിളവുണ്ട്. സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പഠനങ്ങളുടെ അബ്‌സ്ട്രാക്റ്റ് ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.mecos4.org.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.