ഡിജിറ്റല്‍ എന്‍ഡോഴ്‌സ്‌മെന്റ് ഈ വര്‍ഷം

എല്ലാ പണമിടപാടുകളും ഇപേമെന്റ് സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രാര്‍ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും.

 

കണ്ണൂര്‍: ആധാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ മുന്‍ ആധാരം ഉടന്‍ തിരികെ നല്‍കുന്നതിനു പുറമെ അനുബന്ധ നടപടികളും വേഗത്തിലാക്കാനുള്ള ഡിജിറ്റല്‍ എന്‍ഡോഴ്‌സ്‌മെന്റ് സംവിധാനം സംസ്ഥാനത്ത് ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ താലൂക്ക് ഹാളില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കണ്ണൂര്‍ ജില്ലാതല അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ റവന്യൂരജിസ്‌ട്രേഷന്‍, സര്‍വ്വേ വകുപ്പുകളുടെ സംയോജിത പോര്‍ട്ടല്‍ ‘എന്റെ ഭൂമി’യുടെ ഫലങ്ങള്‍ വിലയിരുത്തി സംസ്ഥാനത്താകെ നടപ്പാക്കും. ഇതോടെ ഭൂമിസംബന്ധമായ ഇടപാടുകള്‍ കൂടുതല്‍ സുഗമവും സുതാര്യവുമാകും. ഒരാള്‍ പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാകും.

എല്ലാ പണമിടപാടുകളും ഇപേമെന്റ് സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രാര്‍ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സൗഹൃദസമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെ ആധുനികവത്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. നിലവില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മ്മിച്ചുവരികയാണ്. സംസ്ഥാനത്തെ മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ചു. രജിസ്‌ട്രേഷനുള്ള തിയതിയും സമയവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. ആധാര പകര്‍പ്പുകള്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഓണ്‍ലൈനായി ലഭ്യമാക്കി വരുന്നു.

ഒരു ജില്ലക്കകത്ത് ആധാരങ്ങള്‍ ഏത് സബ് രജിസ്ട്രാറാഫീസിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കി. മുദ്രപ്പത്രങ്ങള്‍ക്ക് ഇസ്റ്റാമ്പിങ്ങ് നടപ്പാക്കി. വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരമൊരുക്കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സുഗമമായും ലഭ്യമാക്കുക എന്നതാണ് ഈ പരിഷ്‌കരങ്ങളുടെയെല്ലാം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ 1865 ലാണ് രാജ്യത്തെ തന്നെ ആദ്യത്തെ രജിസ്റ്റാര്‍ ഓഫീസ് സ്ഥാപിതമായത്. ഇന്ന് സംസ്ഥാനത്ത് 315 സബ്ബ് രജിസ്ട്രാറാഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെ വരുമാന സ്രോതസുകളില്‍ രണ്ടാമത്തേതാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആധാരമെഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണ സഹകരണം ഉറപ്പാക്കി എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് ആധുനികവത്കരണ നടപടികള്‍ വേഗത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Spread the love