വ്യവസായ ആവശ്യങ്ങള്‍ക്കനുസരിച്ച്, വനിതകള്‍ക്കായി മൈക്രോസോഫ്റ്റും NCVETഉം 240 മണിക്കൂര്‍ എഐ പരിശീലന പാഠ്യപദ്ധതി വികസിപ്പിക്കും.
ന്യൂഡല്‍ഹി: നിര്‍മ്മിത ബുദ്ധിയില്‍ (എഐ) കരിയര്‍ കണ്ടെത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താല്‍പ്പര്യമുള്ള വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവും (MSDE) മൈക്രോസോഫ്റ്റും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വ്യവസായ മേഖലകള്‍ക്ക് അനുയോജ്യമായ നിര്‍മ്മിത ബുദ്ധി നൈപുണ്യശേഷി നല്കി വനിതകളെ പ്രാപ്തമാക്കുന്നതിലൂടെ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യാ മേഖലകളില്‍ ലിംഗഭേദം ഇല്ലാതാക്കുന്നതിനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില് വനിതകളുടെ അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ നൂതനാശയ അധിഷ്ഠിത വളര്‍ച്ചയില്‍ സജീവമായി സംഭാവന നല്‍കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.സഹകരണത്തിന്റെ ഭാഗമായി, വ്യവസായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വനിതകള്‍ക്കായുള്ള എ ഐ നൈപുണ്യ, നൂതനാശയ ചട്ടക്കൂടിന് കീഴില്‍ മൈക്രോസോഫ്റ്റ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗുമായി (NCVET) കൂടിയാലോചിച്ച് 240 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലന പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കും. സംസ്ഥാന ഗവണ്മെന്റുകളുടെ ഉന്നത വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയിലാണ് പരിശീലനം നല്‍കുക. ആറ് സംസ്ഥാനങ്ങളിലെ രണ്ടാംനിര,മൂന്നാംനിര പട്ടണങ്ങളില്‍ ഹബ്ബ് രൂപത്തില്‍ 30 മികവ് കേന്ദ്രങ്ങളുടെയും സ്പോക്ക് മാതൃകയില്‍ 150 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശൃംഖല സൃഷ്ടിക്കും.
സമഗ്രവും ഭാവി സജ്ജവുമായ ഒരു തൊഴില്‍ ശക്തിയെ ഗവണ്മെന്റിനും വ്യവസായത്തിനും ഒരുമിച്ച്ചേര്‍ന്ന് എങ്ങനെ രൂപപ്പെടുത്താമെന്ന് ഈ സംരംഭം ഉദാഹരണമായി കാണിക്കുന്നുവെന്ന് നൈപുണ്യ വികസന ആന്റ് സംരംഭകത്വ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ‘എഐ പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയെ മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം എടുത്തു കാട്ടുന്നു. സര്‍വ്വകലാശാലകളുടെ ക്രെഡിറ്റ്ബന്ധിത പാഠ്യപദ്ധതിയില്‍ ഈ പരിപാടി ഉള്‍പ്പെടുത്തി ദേശീയ വിദ്യാഭ്യാസ നയവുമായി (NEP) യോജിപ്പിച്ചുകൊണ്ട്, 21ാം നൂറ്റാണ്ടിലെ പഠനത്തെ പുനര്‍വിചിന്തനം ചെയ്യുന്നു. ഇത് പാഠ്യപദ്ധതിയെ താല്പര്യ അനുസൃതവും , ഇന്റര്‍ ഡിസിപ്ലിനറിയും, വ്യവസായ ആവശ്യങ്ങള്‍ക്കായി അനുയോജ്യവും ആക്കി മാറ്റുന്നു. യുവതികളെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ നൈപുണ്യം നല്കി ശാക്തീകരിക്കുന്നത് വ്യക്തിഗത തൊഴില്‍ മേഖലയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുക മാത്രമല്ല, കൂടുതല്‍ നീതിയുക്തവും നൂതനാശയത്താല് നയിക്കപ്പെടുന്നതുമായ ഒരു സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.അക്കാദമിക് സ്ഥാപനങ്ങള്‍, ഗവണ്മെന്റ് സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് പങ്കാളികളില്‍ ഒരാളായി, എഡ്യൂനെറ്റ് ഫൗണ്ടേഷന് ഈ പദ്ധതി നടപ്പിലാക്കും. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ നിര്‍മ്മിത ബുദ്ധി കഴിവുകളും സാമ്പത്തിക അവസരങ്ങളും വനിതകള്‍ക്ക് പ്രാപ്തമാക്കുന്നതിനും അതുവഴി അവരുടെ തൊഴില്‍ ശക്തി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു സഖ്യം ഇതിലൂടെ സൃഷ്ടിക്കും .
ഇന്ത്യയിലെ യുവതികളെ അകയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുന്ന, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവുമായുള്ള (MSDE) മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഗ്ലോബല്‍ ഡെലിവറി സെന്റര്‍ ലീഡര്‍ അപര്‍ണ ഗുപ്ത പറഞ്ഞു.സമഗ്രമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് അക നൈപുണ്യ ശേഷിയില്‍ തുല്യമായ പ്രവേശനം നിര്‍ണായകമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അപര്‍ണ ഗുപ്ത പറഞ്ഞു.ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില് വനിതാ തൊഴില്‍ ശക്തി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഭാവി സജ്ജമായ നൈപുണ്യ ശേഷിയിലേക്ക് തുല്യമായ പ്രവേശനം സൃഷ്ടിക്കുക എന്ന ഗവണ്മെന്റിന്റെ ദൗത്യവുമായി ഇത് യോജിക്കുന്നു. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ കരിയര്‍ പാതകള്‍ വികസിപ്പിക്കുന്നതിനും സാങ്കേതിക തൊഴില്‍ ശക്തിയില്‍ കൂടുതല്‍ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ആണ് ഈ പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.