കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് കര്‍ഷകരുമായി ആത്മബന്ധം വേണം : മന്ത്രി പി പ്രസാദ്

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന സഹായത്തിനായും കാര്‍ഷിക ബിസിനസ് സംരഭങ്ങള്‍ക്കുമായാണ് KAPCO എന്ന ആശയത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്.

 

തിരുവനന്തപുരം: പുതിയ കാലത്തെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കര്‍ഷകരെ പ്രാപ്തരാക്കാനും കര്‍ഷകരുമായി ആത്മബന്ധം പുലര്‍ത്താനും കാര്‍ഷിക സര്‍വകലാശക്ക് കഴിയണമെന്നും ഇത് മുന്നോട്ടുള്ള സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാല, നബാര്‍ഡ്, വെസ്‌റ്റേണ്‍ സിഡ്‌നി സര്‍വകലാശാല എന്നിവയുടെ സംയുക്ത സഹകരണത്തില്‍ കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്‍തുണ നല്‍കുന്ന കെഅഗ്‌ടെക് ലോഞ്ച്പാഡ് പദ്ധതിയുടെ ഉദ്ഘാടനം വെള്ളായണി കാര്‍ഷിക സര്‍വകലാശാല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

15 കോടി രൂപയുടെ ഗ്രാന്റ് ഒരു പദ്ധതിക്ക് കേരളത്തില്‍ ലഭിക്കുന്ന ആദ്യ സര്‍വകലാശാലയാണ് കേരള കാര്‍ഷിക സര്‍വകലാശാല. കാര്‍ഷിക സര്‍വകലാശാല പ്രോചാന്‍സലര്‍ എന്ന പദവിയിലെത്തുമ്പോള്‍ തന്റെ കരുത്ത് കൃഷിയുമായുള്ള ആത്മബന്ധവും ആ മേഖലയോടുള്ള താല്‍പര്യവുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇന്ന് ദേശീയ തലത്തില്‍ 15ാം റാങ്കിലേക്ക് കേരള കാര്‍ഷിക സര്‍വകലാശാല എത്തുകയും 15 പേറ്റന്റുകള്‍ നേടുകയും ചെയ്തു എന്നത് അഭിമാനകരമാണ്. കര്‍ഷക മേഖലയിലെ സംരഭകര്‍ അഗ്രിപ്രണഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന കാലമാണിത്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും നേരിടേണ്ടി വരുന്ന കാലത്ത് കേരളത്തിലെ കര്‍ഷകരുടെ പ്രതീക്ഷയാണ് കാര്‍ഷിക സര്‍വകലാശാലയെന്നും മന്ത്രി വ്യക്തമാക്കി.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന സഹായത്തിനായും കാര്‍ഷിക ബിസിനസ് സംരഭങ്ങള്‍ക്കുമായാണ് KAPCO എന്ന ആശയത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്. വിളവെടുക്കലിന് ശേഷം വിലയിടിവ്, വിപണനത്തിലെ ഏകോപന കുറവ് എന്നീ വിവിധ കാരണങ്ങള്‍ കൊണ്ട് ഒരു വര്‍ഷം 1,500 കോടി രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ സംഭവിക്കുന്നു എന്നാണ് കണക്ക്. ഇതില്‍ 1,400 കോടി രൂപയുടെ നഷ്ടം കര്‍ഷകന്റെയാണ് എന്നത് ഗൗരവകരമാണ്.

ദ്വിതീയ കാര്‍ഷിക മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മൂല്യ വര്‍ധിത ഉല്‍പ്പനങ്ങളുടെ നിര്‍മാണം, കോള്‍ഡ് സ്‌റ്റോറേജ് സംവിധാനങ്ങടക്കം ഉപയോഗിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംരക്ഷണം, വിപണനം എന്നിവ ശക്തമാക്കിയാകണം നഷ്ടം ഇല്ലാതാക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.ഇതിനായി ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ വരണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ പശ്ചാത്തലത്തിന്‍ കാര്‍ഷിക മേഖലയിലെ ബിസിനസ് ആശയങ്ങള്‍ക്കും സംരഭങ്ങള്‍ക്കുമുള്ള മികച്ച വേദിയായി കെഅഗ്‌ടെക് ലോഞ്ച്പാഡ് മാറും. സ്ത്രീ സംരഭകര്‍ക്ക് പ്രാമുഖ്യം നല്‍കുന്നു എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസടക്കമുള്ള നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

Spread the love