സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ
പദ്ധതിക്ക് നൂറു കോടി രൂപയുടെ അനുമതി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും

 

കൊച്ചി: സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവലിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരര്‍ ഇവിടെ തങ്ങളുടെ കഴിവുകളും സാംസ്‌ക്കാരിക പാരമ്പര്യവും പ്രദര്‍ശിപ്പിക്കും.സംസ്ഥാന വിനോദ സഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റും എംപിയുമായ പി ടി ഉഷ അധ്യക്ഷത വഹിച്ചു.

കേരള വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ഉത്തര കേരളത്തെ സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കാനുള്ള സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് നൂറു കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.ആഗോള വിനോദ സഞ്ചാര മാപ്പില്‍ സര്‍ഗാലയ സ്ഥാനം പിടിച്ചതായി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റും എംപിയുമായ പി ടി ഉഷ പറഞ്ഞു. മലബാറിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അനുഭവങ്ങള്‍ ഒരുമിപ്പിച്ച് അവതരിപ്പിക്കുവാന്‍ സര്‍ഗാലയക്ക് കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.ഫെസ്റ്റിവലില്‍ 15 രാജ്യങ്ങളില്‍ നിന്നും 24 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഇരുന്നൂറിലേറെ കലാകാരറാണ് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഹാന്‍ഡ്‌ലൂം പ്രദര്‍ശനം, മുളയും മരവും കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, അറബിക് കാലിഗ്രഫി, പാത്ര നിര്‍മാണം, തെയ്യത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമെ പ്രാദേശിക, ആഗോള വിഭവങ്ങളുമായുള്ള ഇരുപതു ഭക്ഷണ സ്റ്റാളുകളുമുണ്ട്.ലൈവ് പ്രദര്‍ശനങ്ങളുടെ നിര തന്നെയാണ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ളത്. ജലം അവതരിപ്പിക്കുന്ന സമകാലിക നൃത്തം, ശരണ്യ സഹസ്രയുടെ കഥക്, ക്ലാസിക്കല്‍ ജെംസിന്റെ ജുഗല്‍ബന്ദി തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി ഇതിനോടകം അരങ്ങേറി ജനുവരി രണ്ടിന് കണ്ണൂര്‍ ഷെരീഫിന്റെ മാപ്പിള പാട്ടുകളും ജനുവരി മൂന്നിന് നമ്രതയുടെ ഗസലുകളും നാലിന് മിനി പിഎസ് നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും അഞ്ചിന് രാജീവ് പുലവറിന്റെ പരമ്പരാഗത തോല്‍പ്പാവക്കൂത്തും നടത്തും.ഫൂഡ് സ്റ്റാളുകള്‍, പുസ്തകോല്‍സവം, കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാര്‍ട്ടൂണ്‍ സോണ്‍, കുട്ടികള്‍ക്കായുള്ള ഹാന്‍ഡിക്രാഫ്റ്റ് പരിശീലനം എന്നിവയ്ക്ക് പുറമേ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സിബിഷനും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

 

Spread the love