പാമ്പുകടി മരണം തടയാന്‍ കര്‍മ്മ പദ്ധതിയുമായി അമൃത ആശുപത്രി 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ 904 മരണമുണ്ടായതില്‍ 574 എണ്ണവും പാമ്പുകടിയേറ്റാണ്, ഇത് കുറച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.

 

കൊച്ചി: പാമ്പ് കടിയേറ്റ് ഉള്ള മരണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു.കുടുംബാരോഗ്യ കേന്ദ്രങ്ങളും വനം വകുപ്പും ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്വകാര്യ ആശുപത്രികളെയും ഗവേഷണ കേന്ദ്രങ്ങളെയും സംയോജിപ്പിച്ചാണ് പദ്ധതി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ 904 മരണമുണ്ടായതില്‍ 574 എണ്ണവും പാമ്പുകടിയേറ്റാണ്, ഇത് കുറച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.ഇതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളെയും വനം വകുപ്പ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്വകാര്യ ആശുപത്രികളെയും ഗവേഷണ കേന്ദ്രങ്ങളെയും സംയോജിപ്പിക്കും.

പാമ്പ് കടിയേറ്റുള്ള മരണം പൂജ്യത്തിലേത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായി കൊച്ചി അമൃത ആശുപത്രിയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
പാമ്പ് കടിയേറ്റ ഒരാളുടെ പോലും ജീവന്‍ നഷ്ടപ്പെടരുത് എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അമൃത ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ ജയദീപ് സി മേനോന്‍ പറഞ്ഞു. പാമ്പുകടിയേറ്റാല്‍ ആന്റിവെനം നല്‍കുന്നതിലുള്ള കാലതാമസവും വീഴ്ചയുമാണ് മരണം കൂടാനുള്ള പ്രധാന കാരണം. പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി സമൂഹത്തെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബോധവല്‍ക്കരണവും പരിശീലനവും നല്‍കുക എന്നതും പ്രാധാന്യമേറിയതാണെന്ന് അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോ ശബരീഷ് ബി വ്യക്തമാക്കി.

നാട്ടിലെത്തുന്ന 15,000 ഓളം പാമ്പുകളെ വര്‍ഷംതോറും വനംവകുപ്പ് പിടികൂടി കാട്ടില്‍ വിടാറുണ്ട്. ഇങ്ങനെ വിടുന്നവയുടെ വിഷം ശേഖരിച്ച് ആന്റിവെനം നിര്‍മ്മിക്കുന്നതിന്റെ സാദ്ധ്യതകള്‍ ആരായുന്നതടക്കം ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. ഇതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ നിര്‍ദേശമായി സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡ മുഖ്യ പ്രഭാഷണം നടത്തിയ ശില്‍പശാലയില്‍ കേരള വനം വകുപ്പിലെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലേയും അടക്കമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

 

Spread the love