വാട്ടര്‍ മെട്രോ യാത്ര വിമാന യാത്ര പോലെ: കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ 

കൊച്ചി: വിമാനത്തിലേതു പോലുള്ള യാത്രാനുഭവമാണ് കൊച്ചി വാട്ടര്‍ മെട്രോയിലേതെന്ന് കേന്ദ്ര ഊര്‍ജ, ഭവന, നഗരവികസന വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.ഇത് വാട്ടര്‍ മെട്രോയല്ല, വാട്ടര്‍പ്ലെയിനാണ്. അദ്ദേഹം പറഞ്ഞു. 35 ലക്ഷം പേര്‍ ഇതേവരെ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തെന്ന് ചുണ്ടിക്കാട്ടിയ അദ്ദേഹം നഗര ഗതാഗതത്തില്‍ മെട്രോയ്ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും വാട്ടര്‍ മെട്രോ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും വ്യക്തമാക്കി വാട്ടര്‍ മെട്രോയില്‍ യാത്ര നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം വാട്ടര്‍ മെട്രോ ഹൈക്കോടതി ജട്ടിയില്‍ എത്തി അവിടെ നിന്നാണ് യാത്ര ആരംഭിച്ചത്. വൈപ്പിന്‍ വരെയുള്ള കായല്‍ ദൃശ്യങ്ങളും വാട്ടര്‍ മെട്രോയുടെ സവിശേഷതകളും ആസ്വദിച്ച അദ്ദേഹം ഒരു മണിക്കൂറോളം ബോട്ടില്‍ ചിലവഴിച്ചു.

പ്രൈവറ്റ് സെക്രട്ടറി വിജയ് ദത്ത, ഊര്‍ജവകുപ്പ് ജോയിന്റ് സെക്രട്ടറി ശശാങ്കര്‍ മിശ്ര, നഗര വികസന വകുപ്പ് ജോയ്ന്റ് സെക്രട്ടറി, രവി അറോറ, ഉന്നത ഉദ്യോഗസ്ഥരായ ദീപക ശര്‍മ, രാം ലാല്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ വാട്ടര്‍ മെട്രോയുടെ സവിശേഷതകള്‍ കേന്ദ്ര മന്ത്രിക്ക് വിശദീകരിച്ചു. കൊച്ചി മെട്രോ ഡയറക്ടര്‍ സിസ്റ്റംസ് സഞ്ജയ് കുമാര്‍, വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍, ജനറല്‍ മാനേജര്‍ സാജന്‍ പി ജോണ്‍ ടങ്ങിയവരും വാട്ടര്‍ മെട്രോയുടെ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കൊച്ചി മെട്രോയുടെ ഉപഹാരങ്ങളും മന്ത്രിക്ക് നല്‍കി.

Spread the love