കേരളത്തിലും ഗള്‍ഫിലും കാരുണ്യപ്രവര്‍ത്തനങ്ങളാല്‍ നിരവധിയാളുകള്‍ക്ക് സുപരിചിതനായിരുന്ന എ.പി. അസ്‌ലത്തിന്റെ പേരില്‍ തുടങ്ങിയ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
മലപ്പുറം: കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍, അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലും ഗള്‍ഫിലും കാരുണ്യപ്രവര്‍ത്തനങ്ങളാല്‍ നിരവധിയാളുകള്‍ക്ക് സുപരിചിതനായിരുന്ന എ.പി. അസ്‌ലത്തിന്റെ പേരില്‍ തുടങ്ങിയ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സെന്ററിലെ വെര്‍ച്വല്‍ റിയാലിറ്റി യൂണിറ്റിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യും ഫിസിക്കല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എയും നിര്‍വഹിച്ചു.കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് എ.പി. അസ്‌ലം റീഹാബിലിറ്റേഷന്‍ കേന്ദ്രം പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നതെന്ന് എ.പി. അസ്‌ലത്തിന്റെ മകനും ഗള്‍ഫ് വ്യവസായിയുമായ റാഷിദ് അസ്‌ലം പറഞ്ഞു. മലപ്പുറം ജില്ലയില്‍ എ.പി. അസ്‌ലത്തെ അറിയാത്തവര്‍ ചുരുക്കമാണ്. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം പഠിപ്പിച്ച ജീവകാരുണ്യത്തിന്റെ വഴിയേ തന്നെയാണ് ഒരു മകനെന്ന നിലയില്‍ താനും നടക്കാന്‍ ശ്രമിക്കുന്നതെന്ന് റാഷിദ് അസ്‌ലം പറഞ്ഞു.
2017ല്‍ ട്രസ്റ്റിന് കീഴില്‍ സ്ഥാപിച്ച ഫിസിയോതെറാപ്പി സെന്റര്‍ ആണ് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ന്യൂറോ റീഹാബ് വിഭാഗത്തില്‍ ഫിസിയോതെറാപ്പി, ഗെയ്റ്റ് തെറാപ്പി, റിബൗണ്ട് തെറാപ്പി, ഇലക്ട്രോ തെറാപ്പി, ഷോക്ക് വേവ് തെറാപ്പി, എക്‌സസൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ പുതിയ കേന്ദ്രത്തില്‍ ലഭ്യമാകും. അത്യാധുനിക സംവിധാനങ്ങളായ വെര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ്, ബോഡി വെയിറ്റ് സപ്പോര്‍ട്ട് ട്രെഡ്മില്‍ ട്രെയിനര്‍, ആക്റ്റീവ്പാസീവ് റീഹാബ് ട്രെയിനിങ് ബൈക്ക് എന്നിവയും സജ്ജമാണ്. കുട്ടികള്‍ക്ക് വേണ്ടി അഡ്വാന്‍സ്ഡ് സെന്‍സറി ഇന്റഗ്രെഷന്‍ യൂണിറ്റ്, സ്‌പെഷ്യല്‍ എജുക്കേഷന്‍, സ്പീച്ച് തെറാപ്പി, സൈക്കോളജി, ഒക്ക്യൂപ്പേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നീ സേവനങ്ങളും ലഭ്യമാണ്. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സയും പരിചരണവും തീര്‍ത്തും സൗജന്യമായിരിക്കും. മേലങ്ങാടിയിലെ ക്രിസ്റ്റല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഐ.എ.എസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവര്‍ വിവിധ വിഭാഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ, ‘തണല്‍ വടകര’യുടെ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ഐ.എം.ബി കേരളയുടെ പ്രസിഡന്റ് ഡോ. പി.എ. കബീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

