വിയന്നയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയിലാണ് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലൂടെ ഉന്നതപഠനത്തിന് ഇവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനികളായ ജി. അപര്‍ണ, ഗ്രേസ് പി. ജോണ്‍സ് എന്നിവര്‍ 2025ലെ ഇറാസ്മസ് പ്ലസ് സ്കോളര്‍ഷിപ്പിന് അര്‍ഹരായി. വിയന്നയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയിലാണ് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലൂടെ ഉന്നതപഠനത്തിന് ഇവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കൂടാതെ ശിവാജി സര്‍വ്വകലാശാല, ഹൈദ്രാബാദ് കേന്ദ്ര സര്‍വ്വകലാശാല എന്നീ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് 2025ല്‍ ഇറാസ്മസ് പ്ലസ് പ്രോഗ്രാമില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളു. മാസം 850 യൂറോ സ്കോളര്‍ഷിപ്പായി ലഭിക്കും. ട്യൂഷന് ഫീ, എന്റോള്‍മെന്റ് ഫീ, ഫ്ളൈറ്റ് ടിക്കറ്റ് എന്നിവ സൗജന്യമാണ്.
സോഷ്യോളജി വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ അപര്‍ണയുടെ ഗവേഷണവിഷയം ‘സ്കൂളിംഗ് നാഷണലിസം ആന്‍ഡ് എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യ’ എന്നതാണ്. വിയന്നയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയില്‍ നാഷണലിസം സ്റ്റഡീസ് പ്രോഗ്രാം ഡിപ്പാര്‍ട്ട്മെന്റിലാണ് ഏപ്രില്‍ ഏഴ് മുതല്‍ ജൂണ്‍ 13 വരെ സ്കോളര്‍ഷിപ്പോടെയുള്ള ഉന്നതപഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ കാലടി, വെളിയത്ത് പി. ഗിരിധരന്റെയും എസ്. വീണയുടെയും മകളാണ് അപര്‍ണ.
ചരിത്രവിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ ഗ്രേസ് പി. ജോണ്‍സിന്റെ ഗവേഷണവിഷയം ‘ഫാമിലീസ് ആന്‍ഡ് എവരിഡേ ലൈഫ് : ഹിസ്റ്ററി ഓഫ് ലിറ്റില്‍ ടെക്നോളജീസ് ഇന്‍ 20വേ സെഞ്ച്വറി കേരള’ എന്നതാണ്. വിയന്നയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയില്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റിലാണ് സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31വരെ സ്കോളര്‍ഷിപ്പോടെയുള്ള ഉന്നതപഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ കരുമാല്ലൂര്‍ തൈപ്പറമ്പില്‍ ടി.ഒ. അലക്സാണ്ടറുടെയും ഓമനയുടെയും മകളാണ് ഗ്രേസ്.സ്റ്റുഡന്റ് – ഫാക്കല്‍ട്ടി എക്സ്ചേഞ്ചുകള്‍ക്കും അക്കാദമിക് സഹകരണത്തിനുമായി വിയന്നയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുമായി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ധാരണാപത്രത്തില്‍ ഒപ്പിടുന്നത് 2024ലാണ്. ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയാണ്.